ന്യൂയോര്‍ക്ക്: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകള്‍ തള്ളാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. ആ സമയത്ത് താന്‍ അധികാരത്തിലുണ്ടായിരുന്നില്ല എന്നാണ് ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മാക്രോണിന്റെ പ്രതികരണം.
റാഫേലില്‍ ദസോള്‍ട്ടിന്റെ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിര്‍ദേശിച്ചത് ഭാരത സര്‍ക്കാറായിരുന്നോ എന്നായിരുന്നു അദ്ദേഹത്തോട് എന്‍.ഡി.ടി.വി ചോദിച്ചത്. ” ആസമയത്ത് ഞാന്‍ ചുമതലയിലുണ്ടായിരുന്നില്ല. പക്ഷേ ഒന്നെനിക്ക് വ്യക്തമായി അറിയാം. അതൊരു സര്‍ക്കാര്‍-സര്‍ക്കാര്‍ ചര്‍ച്ചയായിരുന്നു.” എന്നാണ് ആരോപണം തള്ളാതെ മാക്രോണ്‍ പറഞ്ഞത്.
“മറ്റൊന്നും പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ആ സമയത്ത് ഞാന്‍ അധികാരത്തിലുണ്ടായിരുന്നില്ല. നമുക്ക് വ്യക്തമായ നിയമങ്ങളുണ്ടെന്ന് എനിക്കറിയാം.”
സൈനിക, പ്രതിരോധ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വിശാലമായ ഫ്രയിംവര്‍ക്കിന്റെ ഭാഗമാണ് ഈ കരാറെന്നും അദ്ദേഹം പറഞ്ഞു.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മിറ്റിയും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഇടപാടില്‍ ക്രമക്കേടുകള്‍ ആരോപിച്ച് പ്രതിപക്ഷം നേരത്തെ രംഗത്തുവന്നിരുന്നു.
ഇടപാടില്‍ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ പേരു നിര്‍ദേശിച്ചത് ഭാരത സര്‍ക്കാറാണെന്ന് സെപ്റ്റംബര്‍ 21ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഹോളണ്ടെ ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് മാക്രോണിന്റെ പ്രതികരണം.