ന്യൂദല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. “വിദഗ്ധര്‍ തീരുമാനിക്കേണ്ട കാര്യമാണ്, കോടതി തീരുമാനിക്കേണ്ടതല്ല” എന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
റാഫേല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിക്കു മുമ്പാകെ വന്ന ഒരുകൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു.
യുദ്ധവിമാനങ്ങളുടെ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടതില്ലെന്ന് ഹര്‍ജി പരിശോധിച്ച കോടതി നിലപാടെടുത്തു. വില പരസ്യപ്പെടുത്താന്‍ കോടതി തീരുമാനിച്ചാല്‍ മാത്രം ചര്‍ച്ച മതി.
വ്യോമസേന ഉദ്യോഗസ്ഥരെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. മന്ത്രാലയ ഉദ്യോഗസ്ഥരെ വിളിക്കാനുള്ള എജിയുടെ നീക്കം കോടതി തടഞ്ഞു.
അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ്മ, അഭിഭാഷകനായ വിനറ്റ് ധണ്ട, എ.എ.പി എം.പി സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഇടപാടില്‍ റിലയന്‍സിലെ പങ്കാളിയാക്കിയതിനെ വാദത്തിനിടെ പ്രശാന്ത് ഭൂഷണ്‍ ചോദ്യം ചെയ്തു. പ്രതിരോധ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിയെ ഏതുരീതിയിലാണ് ഇത്തരമൊരു കരാര്‍ ഏല്‍പ്പിക്കുകയെന്നതാണ് അദ്ദേഹം ചോദിച്ചത്.
യുദ്ധവിമാനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കരാറിന്റെ രഹസ്യ ചട്ടങ്ങളുടെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ ഒളിപ്പിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ “രഹസ്യ കരാറുകള്‍ രഹസ്യമായിരിക്കണം” എന്നു പറഞ്ഞാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഇതിനോടു പ്രതികരിച്ചത്.
മോദി പദ്ധതി പ്രഖ്യാപിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഒരു റഫാല്‍ വിമാനം പോലും വന്നില്ല. ഫ്രഞ്ച് സര്‍ക്കാര്‍ ഒരു തരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ല. അധികാരത്തിലിരിക്കുന്നവര്‍ പദവി ദുരുപയോഗം ചെയ്‌തെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുള്ളതാണ് കരാറെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. യു.പി.എ സര്‍ക്കാറുണ്ടാക്കിയ ചട്ടങ്ങള്‍ പിന്തുടരുക മാത്രമാണ് തങ്ങള്‍ ചെയ്തത്. 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രസമിതി അംഗീകാരം നല്‍കിയിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു.