റാഫേലില്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് പച്ചക്കള്ളം; അറ്റോര്‍ണി ജനറലിനെയും സി.എ.ജിയെയും വിളിപ്പിക്കുമെന്ന് പി.എ.സി ചെയര്‍മാന്‍
Rafale Row
റാഫേലില്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് പച്ചക്കള്ളം; അറ്റോര്‍ണി ജനറലിനെയും സി.എ.ജിയെയും വിളിപ്പിക്കുമെന്ന് പി.എ.സി ചെയര്‍മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th December 2018, 12:53 pm

 

ന്യൂദല്‍ഹി: റാഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട കേസില്‍ അറ്റോര്‍ണി ജനറലും കണ്‍ട്രോള്‍ ആന്റ് ഓഡിറ്റര്‍ ജനറലും സുപ്രീം കോടതിയില്‍ കള്ളം പറഞ്ഞെന്ന് പി.എ.സി ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അറ്റോര്‍ണി ജനറലിനേയും സി.എ.ജിയേയും വിളിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

” സി.എ.ജി റിപ്പോര്‍ട്ട് സഭയിലും പി.എ.സിയിലും സമര്‍പ്പിച്ചിട്ടുണ്ടെന്നും പി.എ.സി ഇത് അന്വേഷിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കള്ളം പറഞ്ഞു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് അത് പൊതുമധ്യത്തിലുള്ള കാര്യമാണ് എന്നാണ്. എവിടെയാണ്? നിങ്ങള്‍ കണ്ടിട്ടുണ്ടോ? പി.എ.സിയിലെ മറ്റുള്ള അംഗങ്ങളുമായി ചേര്‍ന്ന് ഈ വിഷയം ഉയര്‍ത്തിക്കാട്ടും. എ.ജിയേയും സി.എ.ജിയേയും ഉടനെ വിളിപ്പിക്കും.” എന്നാണ് അദ്ദേഹം പറഞ്ഞത്.

റാഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഖാര്‍ഗെ പറഞ്ഞു. “എപ്പോഴാണ് കേസ് പി.എ.സിക്ക് മുമ്പില്‍വെച്ചതെന്നും എപ്പോഴാണ് പി.എ.സി അത് പരിശോധിച്ചതെന്നും വിശദമാക്കാന്‍ എല്ലാ പി.എ.സി അംഗങ്ങളും സി.എ.ജിയോട് ആവശ്യപ്പെടാന്‍ ഞാന്‍ അപേക്ഷിക്കുന്നു. ” അദ്ദേഹം പറഞ്ഞു.

റഫാല്‍ കരാറില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇടപാടില്‍ സംശയമില്ലെന്നും , വിഷയത്തില്‍ ഇടപെടില്ലെന്നും കോടതി അറിയിക്കുകയായിരുന്നു.

Also read:രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി

“വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി)യുമായി പങ്കുവെച്ചിട്ടുണ്ട്. സി.എ.ജിയുടെ റിപ്പോര്‍ട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി(പി.എ.സി) പരിശോധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ സംഗ്രഹം മാത്രമാണ് പാര്‍ലമെന്റിന്റേയും പൊതുജനങ്ങളുടേയും മുന്നിലെത്തിയത്”- എന്നും വിധിയില്‍ പറഞ്ഞിരുന്നു. ഇത് വസ്തുതാവിരുദ്ധമാണെന്നാണ് പി.എ.സി അംഗം കൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നത്.