| Wednesday, 6th March 2019, 2:08 pm

റഫാല്‍: പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും രേഖകള്‍ മോഷണം പോയെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍; മോഷ്ടിച്ചത് ദ ഹിന്ദുവെന്ന് പരോക്ഷ ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

റഫാലില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യകത തള്ളിയ 2018 ഡിസംബറിലെ കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ഡിസംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.

മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹരജികള്‍ സമര്‍പ്പിച്ചതെന്നതിനാല്‍ അവ തള്ളിക്കളയണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ഇത്തരം രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also read:ഒരു തരിഗാമി മതി, ഒരു സമ്പത്ത് മതി, കൊള്ളാവുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മതി!!

“ഈ വിഷയം ദശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്.” അദ്ദേഹം പറഞ്ഞു. റഫാലുമായി ബന്ധപ്പെട്ട് ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ കോടതിയലക്ഷ്യമാണെന്നും വേണുഗോപാല്‍ വാദിച്ചു.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കിയവര്‍ ഔദ്യോഗിക രഹസ്യ നിയമപ്രകാരവും കോടതിയലക്ഷ്യ പ്രകാരവും കുറ്റവാളികളാണെന്നും വേണുഗോപാല്‍ പറഞ്ഞു.

സീലുവെച്ച കവറില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച വസ്തുതാവിരുദ്ധമായ ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു കോടതിയുടെ മുന്‍ വിധിന്യായമെന്ന് ഹരജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. കോടതിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ധരിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

We use cookies to give you the best possible experience. Learn more