റഫേല്‍ കരാര്‍; കോടതി ഉത്തരം പറയാതെ ബാക്കി വെച്ച 9 ചോദ്യങ്ങള്‍
Rafale Row
റഫേല്‍ കരാര്‍; കോടതി ഉത്തരം പറയാതെ ബാക്കി വെച്ച 9 ചോദ്യങ്ങള്‍
മുഹമ്മദ് ഫാസില്‍
Saturday, 15th December 2018, 10:16 am

 

ന്യൂദല്‍ഹി: വിവാദമായ റഫേല്‍ കരാറില്‍ അസ്വാഭാവികത ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചെങ്കിലും റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള മര്‍മ്മപ്രധാനമായ ചോദ്യങ്ങള്‍ക്ക് കോടതി ഉത്തരം നല്‍കാതെ ബാക്കി കിടക്കുകയാണ്. റഫേല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ അഭിപ്രായം.

റഫേല്‍ ജെറ്റ് വിമാനത്തിന്റെ കാര്യക്ഷമതയില്‍ സംശയമില്ലെന്നും വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ ക്രമക്കേടില്ലെന്നും അതിനാല്‍ യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ലെന്നുമാണ് കോടതി പറഞ്ഞത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. എന്നാല്‍ കരാറിനെക്കുറിച്ച് സുപ്രീം കോടതി മറുപടി പറയാതെ പോയ പ്രധാനപ്പെട്ട 9 ചോദ്യങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് ദി വയര്‍

1. എന്തു കൊണ്ട് റഫേലിന്റെ വിവാദമായ വിലയെ കോടതി അവഗണിച്ചു

റഫേല്‍ ഇടപാടില്‍ ഏറ്റവും വിവാദമായത് വിമാനങ്ങളുടെ വിലയില്‍ അവസാനഘട്ടത്തില്‍ വരുത്തിയ മാറ്റങ്ങളായിരുന്നു. 54,000 കോടി രൂപയ്ക്ക് 126 പോര്‍വിമാനങ്ങളും അതിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയില്‍ എത്തിക്കാനായിരുന്നു ധാരണ. എന്നാല്‍ 2015 ല്‍ മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രിയായിരിക്കെ വിമാനങ്ങളുടെ എണ്ണം 126 ല്‍ നിന്ന് 36 ആയി മാറുകയും വില 59,262 കോടി രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.

“വിചിത്രമായിരിക്കുന്നു, വളരെ വിചിത്രം”, റഫേല്‍ കരാറില്‍ വിലയില്‍ വരുത്തിയ മാറ്റത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥാനായ സുദാന്‍ശു മൊഹന്തി എക്കണോമിക് ടൈംസിന് നല്‍കിയ പ്രതികരണം ഇതായിരുന്നു.

എന്നാല്‍ സുപ്രീം കോടതി വിലയിലെ ഈ വൈരുദ്ധ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല.

2. വിമാനങ്ങളുടെ എണ്ണം എങ്ങനെ 126 ല്‍ നിന്ന് 36 ആയി മാറി?

“126 വിമാനങ്ങളുടെ സ്ഥാനത്ത് 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയാല്‍ മതി എന്ന തീരുമാനത്തിന്റെ യുക്തിയെക്കുറിച്ച് ആലോചിച്ചിരിക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല”- സുപ്രീം കോടതി പറഞ്ഞു.

2015 മാര്‍ച്ചിലാണ് യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ 126 റഫേല്‍ യുദ്ധവിമാനങ്ങളുടെ റിക്വസ്റ്റ് ഫോര്‍ പര്‍ച്ചേസ് മോദി സര്‍ക്കാര്‍ മാറ്റിയത്. 2015 ഏപ്രിലില്‍ വിമാനങ്ങളുടെ എണ്ണം 126 ല്‍ നിന്നും 36 ആക്കി ചുരുക്കി പുതിയ കരാറില്‍ സര്‍ക്കാര്‍ ഒപ്പു വെച്ചു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള വ്യക്തമായ വിശദീകരണം സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനേയും വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറിനെയും എന്തുകൊണ്ട് ഈ കരാറില്‍ വ്യാപകമായി പങ്കെടുപ്പിച്ചില്ല? എന്തുകൊണ്ട് കരാര്‍ പുതുക്കുന്നതിന് തൊട്ടു മുമ്പ് 2015, മാര്‍ച്ച് 28ന് 126 റഫേല്‍ കരാര്‍ 95% പൂര്‍ത്തിയായി എന്ന് ദസാള്‍ട്ട് സി.ഇ.ഒ എറിക് ട്രാപ്പിയര്‍ പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ കരാര്‍ ഒപ്പു വെക്കുന്നതിന് മുന്നോടിയായി എന്തൊക്കെ നടപടിക്രമങ്ങള്‍ ചെയ്തു? ആരില്‍ നിന്നാണ് ഉപദേശം തേടിയത്?

കരാറിനെക്കുറിച്ചുള്ള ഇത്തരം സുപ്രധാന ചോദ്യങ്ങള്‍ സുപ്രീം കോടതി ചോദിച്ചില്ല. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്, അരുണ്‍ ഷൂരി, യശ്വന്ത് സിന്ഹ എന്നിവര്‍ ചൂണ്ടിക്കാട്ടിയത് പോലെ 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പുതിയ ഒരു കരാറാണ്. പുതിയ ഒരു കരാര്‍ ഉണ്ടാക്കുമ്പോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതായ നടപടിക്രമങ്ങള്‍ പുതിയ കരാറില്‍ പാലിച്ചിട്ടില്ല.

3. കരാറില്‍ സോവറിന്‍ ഗ്യാരണ്ടിയുടെ അഭാവം എന്തു കൊണ്ട് അവഗണിച്ചു?

ആയുധകരാറില്‍ ഒപ്പു വെക്കുന്ന രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നിയമപരമായി പാലിച്ചിരിക്കേണ്ട സോവറിന്‍ ഗ്യാരണ്ടി റഫേല്‍ കരാറില്‍ ഉണ്ടായിരുന്നില്ല. റഫേലിനെക്കുറിച്ചുള്ള വാദം കേള്‍ക്കുന്ന സമയത്ത് ഇതിനെക്കുറിച്ച് കോടതിയില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും, വിധിയില്‍ ഇതിന്റെ അഭാവത്തെക്കുറിച്ച് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കോടതി പരാമര്‍ശിക്കുന്നില്ല.

കരാറില്‍ ഫ്രാന്‍സ് ഇന്ത്യക്ക് നല്‍കിയത് ലെറ്റര്‍ ഓഫ് കംഫേര്‍ട്ട് മാത്രമാണ്. ഇത് കരാറിനെ ധാര്‍മികമായി മാത്രമേ ബന്ധിപ്പിക്കുന്നുള്ളൂ, നിയമപരമായി ബന്ധിപ്പിക്കുന്നില്ലെന്ന് സുദാന്ശു മൊഹന്തി പറഞ്ഞിരുന്നു.

“സോവറിന്‍ ഗ്യാരണ്ടിയുടെ അഭാവത്തില്‍ ഇരു കക്ഷികള്‍ക്കും കരാറിനെക്കുറിച്ചുള്ള വാഗ്ദാനങ്ങളില്‍ നിന്നും ഏത് സമയത്തും പിന്മാറി അവരുടെ വഴിക്ക് നീങ്ങാം. പൊതു ഖജനാവില്‍ നിന്നും ചെലവാക്കി ഇത്തരം ഇടപാടുകള്‍ നടത്തുന്നത് രാജ്യത്തിന് പരിക്കേല്‍പ്പിക്കും”- മൊഹന്തി പറഞ്ഞു.

4.വിലയെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരുന്നിട്ടും കോടതി സര്‍ക്കാരിന്റെ ഒദ്യോഗിക നിലപാട് ആവര്‍ത്തിക്കുന്നു

ഹരജി പരിശോധിക്കുമ്പോള്‍ “വിലയെ സംബന്ധിച്ചുള്ള പ്രശ്നങ്ങളും , ഉപകരണത്തിന്റെ സാങ്കേതിക യോജ്യതയെക്കുറിച്ചും”
ചര്‍ച്ച ചെയ്യില്ലെന്നും കോടതി പറഞ്ഞിരുന്നു.

വാദം കേള്‍ക്കുന്നതിനിടെ മോദി സര്‍ക്കാരിനോട് കരാറിലെ വിലയെ സംബന്ധിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും മുദ്ര വെച്ച കടലാസില്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

അതായത് കരാറില്‍ പറഞ്ഞിരിക്കുന്ന വിലയെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും കോടതി വിശദമായി പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ വിധിയില്‍ സര്‍ക്കാരിന്റെ അവകാശവാദങ്ങളെ അതേപോലെ പരാമര്‍ശിക്കുക മാത്രമാണ് കോടതി ചെയ്തത്. “36 വിമാനങ്ങള്‍ വാങ്ങുന്നതില്‍ വാണിജ്യപരമായ നേട്ടം ഉണ്ട് എന്ന് മാത്രമാണ് സര്‍ക്കാര്‍ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പറഞ്ഞത്”. എന്നാല്‍ ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം യു.പി.എ സര്‍ക്കാറിന്റെ ഡീലിനേക്കാളും 40 ശതമാനം നഷ്ടമാണ് പുതിയ കരാറുപ്രകാരം ഉണ്ടാവുക.

“വിലയെക്കുറിച്ചുള്ള താരതമ്യം നടത്തേണ്ടത് തീര്‍ച്ചയായും കോടതിയുടെ പണിയല്ല. ഇത് രഹസ്യമാക്കി സൂക്ഷിക്കണ്ടതാണ് എന്നാണ് കോടതിക്ക് പറയാനുള്ളത്”- എന്നായിരുന്നു വിധിയില്‍ പറഞ്ഞത്.

5. ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദിന്റെ വിവാദ പ്രസ്താവനയുടെ പ്രാധാന്യം എന്തുകൊണ്ടു കുറച്ചു കണ്ടു?

അനില്‍ അംബാനിയെ കരാറില്‍ ദസാള്‍ട്ടിന്റെ പങ്കാളിയായി തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സമ്മര്‍ദം ഉണ്ടായിരുന്നു എന്ന വിവാദ പരാമര്‍ശത്തെ കോടതി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഒളാന്ദിന്റെ പ്രസ്താവനയിലെ വസ്തുതയെക്കാള്‍ അതുണ്ടാക്കിയ വിവാദങ്ങള്‍ക്കായിരുന്നു കോടതി പ്രാധാന്യം നല്‍കിയത്.

“ചില പത്രങ്ങള്‍ (ഒളാന്ദിന്റേതെന്നവകാശപ്പെടുന്ന) പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തു. ഇതിനു ശേഷമാണ് റഫേല്‍ കരാറിനെക്കുറിച്ച് സംശയങ്ങള്‍ ഉടലെടുത്തത്”- എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത് എല്ലാ ഭാഗത്തു നിന്നും നിഷേധിക്കപ്പെട്ടതാണെന്ന് വിധിയില്‍ പറയുന്നു.

എന്നാല്‍ റഫാല്‍ കരാറിനെക്കുറിച്ചുള്ള വിവാദം കരാര്‍ ഒപ്പു വെച്ചതിന് തൊട്ടുപിന്നാലെ തന്നെ ആരംഭിച്ചതാണ്. ഒളാന്ദിന്റെ പ്രസ്താവന ഈ വിവാദത്തെ ചൂടു പിടിപ്പിക്കുക മാത്രമാണ് ചെയ്തത്.

6. അംബാനി സഹോദരന്മാരെ ചൊല്ലിയുള്ള ആശയക്കുഴപ്പം

റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ പങ്കിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ബി.ജെ.പിയും ദസാള്‍ട്ടും മുന്നോട്ടു വെച്ച പ്രധാന പ്രതിരോധം 2012 ല്‍ മുകേഷ് അംബാനിയുമായി യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ തുടര്‍ച്ച മാത്രമാണ് ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് അദ്ദേഹത്തിന്റെ സഹോദരനായ അനിലിന്റെ കമ്പനിയുമായുള്ള കരാര്‍ എന്നായിരുന്നു.

എന്നാല്‍ ഇരു സഹോദരങ്ങളുടേയും ബിസിനസ്സ് സാമ്രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധമൊന്നുമില്ല. 2012ല്‍ മുകേഷ് അംബാനിയും ദസാള്‍ട്ടും തമ്മിലുള്ള കരാറും 2015ല്‍ അനില്‍ അംബാനിയും ദസാള്‍ട്ടും തമ്മിലുള്ള കരാറിനും തമ്മില്‍ യാതൊരും ബന്ധവുമില്ല.

കോടതി വിധിയിലും ഈ തെറ്റ് ആവര്‍ത്തിച്ചിട്ടുണ്ട്. അനില്‍ അംബാനിയുടെ ഈയിടെ ആരംഭിച്ച കമ്പനിയുടെ മാതൃസ്ഥാപനമായിട്ടാണ് 2012ല്‍ ദസാള്‍ട്ടുമായി കരാറിലേര്‍പ്പെട്ട മുകേഷ് അംബാനിയുടെ സ്ഥാപനത്തെ വിധിയില്‍ പരാമര്‍ശിക്കുന്നത്.

എന്നാല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് എയറോ സ്ട്രക്ചേഴ്സ് ഒരിക്കലും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായിരുന്നില്ല. ഇത് അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയുടെ കീഴില്‍ 2012ല്‍ മാത്രം ആരംഭിച്ച കമ്പനിയാണ്. എന്നാല്‍ വാണിജ്യപരമായ താല്‍പര്യം ഒരു കക്ഷിയോടും കേന്ദ്ര സര്‍ക്കാര്‍ കാണിച്ചതിന് തെളിവുകളൊന്നും ഇല്ലെന്നാണ് വിധിയില്‍ പറയുന്നത്

7. ഹാലിന്റെ(എച്ച.എ.എല്‍) കാഴ്ചപ്പാടുകള്‍ അവഗണിക്കപ്പെട്ടത്

126 ല്‍ നിന്ന് വാങ്ങാന്‍ ഉദ്ദേശിച്ച വിമാനങ്ങളുടെ എണ്ണം 36 ആക്കി മാറ്റുവാനുള്ള തീരുമാനത്തെ മോദി സര്‍ക്കാര്‍ ന്യായീകരിച്ചത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു.

ഹാലിന് ഉണ്ടെന്നു പറയപ്പെടുന്ന പരിമിതികളെക്കുറിച്ച് കോടതി വിധിയിലും പരാമര്‍ശമുണ്ട്, “കൂടിയ ജോലി സമയം, കരാറിനോടുള്ള കടപ്പാട്, കാലതാമസം. ഇതൊക്കെയാണ് 2015ല്‍ റിക്വസ്റ്റ് ഫോര്‍ പര്‍ച്ചേസ് റദ്ദ് തിരിച്ചു വിളിക്കാനുണ്ടായ കാരണം”

“സത്യം എന്താണെന്നു വച്ചാല്‍ കരാര്‍ മുന്നോട്ട് പോകുന്നില്ലെന്നു മാത്രമല്ല “ചര്‍ച്ചകള്‍ പ്രായോഗികമായി അവസാനിപ്പിക്കേണ്ട അവസ്ഥ വന്നു”. അതാണ് റിക്വസ്റ്റ് ഫോര്‍ പര്‍ച്ചേസ് തിരിച്ചു വിളിക്കാന്‍ കാരണമായത്”. ഹാലും ദസാള്‍ട്ടും തമ്മിലുള്ള പ്രശ്നങ്ങളെ ഉദ്ധരിച്ച് കോടതി പറയുന്നു.

എന്നാല്‍ ഹാലിന് ഉണ്ടെന്നു പറയുന്ന പ്രശ്നങ്ങള്‍ ഏതാണ്ട് പരിഹരിച്ചതായി ദസാള്‍ട്ട് സൂചിപ്പിച്ചിരുന്നു. മാത്രവുമല്ല ഡിഫന്‍സ് പി.എസ്.യുവും ദസ്സാള്‍ട്ടും തമ്മിലുള്ള വര്‍ക്ക് ഷെയര്‍ എഗ്രിമെന്റില്‍ ഒപ്പു വെച്ചിരുന്നതായും 2018 സെപ്തംബറില്‍ ഹാലിന്റെ മുന്‍ മേധാവി ടി.സുവര്‍ണ രാജു പറഞ്ഞിരുന്നു.

“ദസാള്‍ട്ടും ഹാലും തമ്മില്‍ സംയുക്ത വര്‍ക് ഷെയര്‍ കരാറില്‍ ഒപ്പു വെച്ചതാണ്. എന്തുകൊണ്ട് ഇതിന്റെ രേഖകള്‍ പൊതുജനത്തിന് ലഭ്യമാക്കാന്‍ നിങ്ങള്‍ സര്‍ക്കാരിനോടാവശ്യപ്പെടുന്നില്ല. ഫയലുകള്‍ നിങ്ങളോട് എല്ലാം പറയും”- രാജു ഹിന്ദുസ്ഥാന്‍ ടൈംസിനോട് അഭിമുഖത്തില്‍ പറഞ്ഞു.

“ചര്‍ച്ചകള്‍ പ്രായോഗികമായി അവസാനിപ്പിക്കേണ്ട അവസ്ഥ വന്നു” എന്ന കോടതി പരാമര്‍ശത്തിന് വിരുദ്ധമാണ് ഇത്. റഫാല്‍ കരാറിന്റെ ആവശ്യകതയെക്കുറിച്ച് ആരായാന്‍ മുതിര്‍ന്ന ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ വിളിപ്പിച്ച സുപ്രീം കോടതി എന്തുകൊണ്ട് രാജുവിനെയോ മറ്റ് മുന്‍ എച്ച.എ.എല്‍ ഉദ്യോഗസ്ഥരില്‍ നിന്നോ 2015 ല്‍ കരാര്‍ തിരിച്ചു വിളിക്കേണ്ട സാഹചര്യത്തെപ്പറ്റി ചോദിച്ചറിഞ്ഞില്ല.

8. സര്‍ക്കാരുകള്‍ തമ്മിലുള്ള ഈ ഇടപാടിലൂടെ റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള മുന്‍കൂര്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ?

മറ്റു സര്‍ക്കാരുകളുമായുള്ള ആയുധവ്യാപാരത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.

a) മറ്റു രാജ്യങ്ങളുടെ തെളിയിക്കപ്പെട്ട സാങ്കേതിക വിദ്യയും, കഴിവും സംയുക്ത അന്താരാഷ്ട്ര ആയുധ പരിശീലനത്തില്‍ പങ്കെടുക്കുന്നതിലൂടെയാണ് ഇന്ത്യന്‍ സായുധ സേന തിരിച്ചറിയുന്നത്.

b) സൗഹൃദ രാജ്യങ്ങളുടെ ഉയര്‍ന്ന മൂല്യമുള്ള ആയുധ സംവിധാനം കുറഞ്ഞ വിലക്കാണ് കൈമാറ്റത്തിനും വില്‍പനയ്ക്കും ലഭ്യമാവുക.

റഫേലിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇവയൊന്നും തന്നെ പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് കരാറിന്റെ “ചെറിയ വ്യതിയാനം” മാത്രമായിട്ടാണ് കോടതി വിലിയിരുത്തിയിട്ടുള്ളത്.

സംയുക്ത പരിശീലനം നടന്നിട്ടുണ്ടെന്നും രാജ്യത്തിന് സാമ്പത്തികമായി നേട്ടമുണ്ടാവുമെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

9. റഫാലിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട്: കോടതി തെറ്റിദ്ധരിക്കപ്പെട്ടോ?

റഫേലിനെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയുടെ ഏറ്റവും ശ്രദ്ധേയമായ ഭാഗം റഫേല്‍ കരാറിനെക്കുറിച്ച് സി.എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ചിട്ടുള്ളതായിരുന്നു.

“വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ കോമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി)യുമായി പങ്കുവെച്ചിട്ടുണ്ട്. സി.എ.ജിയുടെ റിപ്പോര്‍ട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി(പി.എ.സി) പരിശോധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ സംഗ്രഹം മാത്രമാണ് പാര്‍ലമെന്റിന്റേയും പൊതുജനങ്ങളുടേയും മുന്നിലെത്തിയത്”- എന്നാണ് വിധിയില്‍ പറയുന്നത്.

എന്നാല്‍ സി.എ.ജി യുടെ ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. പി.എ.സി ഇങ്ങനെയൊരു റിപ്പോര്‍ട്ട് പരിശോധിച്ചിട്ടുമില്ല. പി.എ.സിയിലെ രണ്ട് അംഗങ്ങളുമായി ദി വയര്‍ ബന്ധപ്പെട്ടപ്പോഴും ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു.

“തീര്‍ച്ചയായും വസ്തുതാപരമായി തെറ്റായ ഈ പ്രസ്താവന സര്‍ക്കാരും കോടതിയും തമ്മിലുള്ള ആശയവിനിമയം ( ഞങ്ങള്‍ക്ക് അജ്ഞമായ) മൂലം സംഭവിച്ചതായിരിക്കാം. സീലു വെച്ച കവറില്‍ പറഞ്ഞ ഇത്രയും വസ്തുതാവിരുദ്ധമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്”- ഹരജി നല്‍കിയ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോട് യോജിക്കാനാകില്ലെന്നും, റിവ്യൂ ഹരജി നല്‍കുന്ന കാര്യത്തില്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു.

കടപ്പാട് : ദ വയര്‍

മുഹമ്മദ് ഫാസില്‍
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.