ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും റിപ്പോര്‍ട്ടുകള്‍ പുറത്ത്. കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് ദി ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടിരിക്കുന്നത്. റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണ്ണായക വിവരം ഹിന്ദു പുറത്തു വിട്ടിരിക്കുന്നത്.
മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിലുള്ള ഇളവുകള്‍ ഫ്രഞ്ച് സര്‍ക്കാരിന് മോദി സര്‍ക്കാര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍തല കരാര്‍ ഒപ്പിടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് അഴിമതിവിരുദ്ധ ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് ചെയ്തത്. ഒരു എസ്‌ക്രോ അക്കൗണ്ടിലൂടെ പണം കൈമാറ്റം ചെയ്യണമെന്ന വ്യവസ്ഥയും കരാറില്‍ നിന്ന് ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍ നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നല്‍കിയത്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല.
അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ചട്ടങ്ങളില്‍ ഇളവു വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് കമ്മിറ്റി ഇത് അംഗീകരിച്ചു. ഇതോടെ രണ്ടു സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയുമായുള്ള കരാറില്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവായി.
ഇടപാടില്‍ ഫ്രഞ്ചു സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് അനധികൃത സമാന്തര ഇടപെടല്‍ നടത്തിയെന്നും ഇതിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തിരുന്നതായും കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു. പ്രതിരോധ മന്ത്രാലയവും കൂടിയാലോചനകള്‍ക്കായുള്ള ഇന്ത്യന്‍ സംഘവും ചര്‍ച്ച നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ഇടപെടല്‍ രാജ്യതാല്‍പര്യള്‍ക്ക് എതിരാണെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍ കുമാര്‍ കുറിപ്പെഴുതിയതാണ് പുറത്തുവന്നത്.
അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറുകയും അഴിമതിയെ കുറിച്ച് നിരന്തരം പ്രസംഗിക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഇടപാടില്‍ തന്നെ ഇത്തരത്തില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്താശ ചെയ്തെന്ന വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.