| Friday, 9th April 2021, 5:18 pm

മോദിയുടെ അഴിമതിയുടെ തെളിവുകള്‍ പുറത്തുവരുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്ന റഫാല്‍ ഇടപാട് എന്താണ്‌

അളക എസ്. യമുന

റഫാല്‍ അഴിമതി വീണ്ടും ചര്‍ച്ചയില്‍ ഇടംപിടിക്കുകയാണ്. റഫാല്‍ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യയിലെ പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാര്‍ക്ക് 8 കോടിയിലധികം രൂപ കോഴ നല്‍കിയെന്ന ഫ്രഞ്ച് വാര്‍ത്താ പോര്‍ട്ടലായ മീഡിയ പാര്‍ട്ടിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് റഫാല്‍ അഴിമതി വീണ്ടും ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. ഇന്ത്യയും ദസോള്‍ട്ട് ഏവിയേഷനും തമ്മില്‍ റഫാല്‍ കരാര്‍ ഉറപ്പിച്ചതിനു പിന്നാലെയായിരുന്നു പണക്കൈമാറ്റം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഇടപാട് തുടങ്ങിയ സമയത്ത് തന്നെ കോടികളുടെ അഴിമതി റഫാല്‍ കരാറിനെതിരെ ഉയര്‍ന്നുവന്നിരുന്നു. അനില്‍ അംബാനി റഫാല്‍ ഇടപാടില്‍ പങ്കാളിയായതിനെക്കുറിച്ചായിരുന്നു ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവന്ന ചോദ്യവും ആക്ഷേപവും. അതുവരെ ചിത്രത്തിലേ ഇല്ലാതിരുന്ന അനില്‍ അംബാനി പെട്ടെന്ന് റഫാലില്‍ മുഖ്യ വേഷത്തില്‍ എത്തിയതിനെക്കുറിച്ച് അന്നുതന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. നരേന്ദ്രമോദി 2015 ഏപ്രിലില്‍ നടത്തിയ പാരീസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് കരാറില്‍ മാറ്റങ്ങള്‍ ഉണ്ടായതെന്ന കാര്യവും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു.

126 റഫാല്‍ വിമാനം സംഭരിക്കാനായിരുന്നു ഇന്ത്യയുടെ പ്രതിരോധ സംഭരണ കൗണ്‍സിലിന്റെ പദ്ധതി. 18 വിമാനം ഫ്രാന്‍സില്‍ പൂര്‍ണമായി നിര്‍മിച്ച് വാങ്ങാനും ബാക്കി വിമാനങ്ങള്‍ സാങ്കേതിക വിദ്യ കൈമാറ്റത്തോടെ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍(എച്ച്.എ.എല്‍) നിര്‍മിക്കാനുമായിരുന്നു ആദ്യത്തെ കരാര്‍. എന്നാല്‍ പാരീസില്‍ പോയ മോദി തിരിച്ചുവന്നപ്പോള്‍ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു. പ്രതിരോധ മേഖലയിലെ സുപ്രധാന കാര്യമായിട്ടുപോലും അന്ന് പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ പാരീസിലേക്ക് പോയില്ല. എന്നാല്‍ മോദിക്കൊപ്പം ഈ യാത്രയില്‍ അനില്‍ അംബാനി ഉണ്ടായിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് കൂടുതല്‍ ഭയം നല്‍കിയത്.

റഫാല്‍ കരാര്‍ ഒപ്പിടുന്നതിന് 13 ദിവസം മുന്‍പ് മാത്രമാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനി രൂപീകരിക്കുന്നത്. ഈ കമ്പനിയെയാണ് മോദി സര്‍ക്കാര്‍ കണ്ണുംപൂട്ടി പ്രതിരോധ മേഖലയിലെ സുപ്രധാനമായ ഒരു കരാറിലേക്ക് ഒപ്പംകൂട്ടുന്നത്.

പിന്നീടങ്ങോട്ട് മോദി സര്‍ക്കാരിന്റെ തന്നിഷ്ടമാണ് രാജ്യം കാണുന്നത്. പുതിയ കരാര്‍ സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താന്‍ കേന്ദ്രം തയ്യാറായില്ല. ആദ്യകരാറില്‍ 527 കോടി രൂപയാണ് ഒരു വിമാനത്തിന് വിലയിട്ടത്. പുതിയ കരാറില്‍ അത് ഒരു വിമാനത്തിന് 1,670 കോടി രൂപയാകും.

കരാറിലെ ഈ മാറ്റത്തിന് ഒരു തരത്തിലുള്ള വിശദീകരണവും കേന്ദ്രം നല്‍കിയില്ല, എന്നുമാത്രമല്ല. ഇത് സംബന്ധിച്ച് ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് ചെവികൊടുക്കാനുള്ള മര്യാദ പോലും കേന്ദ്ര സര്‍ക്കാര്‍ കാണിച്ചില്ല. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനെ ഒഴിവാക്കി അനില്‍ അംബാനിയെ കരാറിന് പരിഗണിച്ചതും പിന്നീട് 126 വിമാനത്തില്‍ നിന്ന് 36 ലേക്ക് എണ്ണം കുറച്ചതും ഒക്കെ കേന്ദ്രത്തിന്റെ തന്നിഷ്ടമായിരുന്നു.

റഫാല്‍ കരാര്‍ വിവാദമായപ്പോള്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടു. എന്നാല്‍ പ്രതിരോധകരാറുകള്‍ പരിശോധിക്കുന്നതില്‍ പരിമിതിയുണ്ടെന്ന് കാണിച്ച് ഹരജികള്‍ കോടതി തള്ളുകയായിരുന്നു.

അതിനിടെയാണ് ഇന്ത്യന്‍ നിര്‍ബന്ധപ്രകാരമാണ് റഫാല്‍ കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കിയതെന്ന് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഓളന്ദ് തന്നെ തുറന്നുപറഞ്ഞത്. എന്നാല്‍ വിമര്‍ശനങ്ങള്‍ളൊന്നും കേന്ദ്രം മുഖ വിലയ്‌ക്കെടുത്തില്ല. റഫാലിന്റെ ആദ്യ ബാച്ച് വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയതോടെ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പതിയെ കുറഞ്ഞുവന്നു.

റഫാലിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ‘മീഡിയ പാര്‍ട്ട്’ന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് റഫാല്‍ അഴിമതി ചര്‍ച്ചകളിലേക്ക് വീണ്ടും എത്തുന്നത്. റഫാല്‍ യുദ്ധവിമാന നിര്‍മാതാക്കളായ ദസോയുമായി ഇടപാടില്‍ ഇടനിലക്കാരനായ സുശേന്‍ ഗുപ്തയുടെ കമ്പനിക്ക് 4.43 കോടി രൂപ കൈമാറിയതിന്റെ തെളിവ് പുറത്തുവിട്ട് നേരത്തെ മീഡിയാപാര്‍ട്ട് രംഗത്ത് വന്നിരുന്നു. റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് മീഡിയ പാര്‍ട്ട് തറപ്പിച്ച് പറയുകയും ചെയ്തു.

ഫ്രഞ്ച് അഴിമതിവിരുദ്ധ ഏജന്‍സിയായ എ.എഫ്.എ ദസോയുടെ 2017ലെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് 5.09 ലക്ഷം യൂറോ സുശേന്‍ ഗുപ്തയുടെ കമ്പനിയായ ഡെഫ്സിസ് സൊല്യൂഷന്‍സിന് കൈമാറിയതായി കണ്ടെത്തിയത്. കൂടിയ വിലയ്ക്ക് 36 റഫാല്‍ വിമാനം വാങ്ങാന്‍ നരേന്ദ്ര മോദി ദസോയുമായി കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് പണൈക്കമാറ്റം നടന്നതെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ ഉറപ്പിക്കുന്നതിനു മുന്നോടിയായി പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് അതീവരഹസ്യ സ്വഭാവമുള്ള രേഖകള്‍ സുശേന്‍ ഗുപ്ത ദസോയ്ക്ക് കൈമാറിയെന്നും മീഡിയാപാര്‍ട്ട് വെളിപ്പെടുത്തി. ഇതോടെയാണിപ്പോള്‍ റഫാല്‍ അഴിമതി വീണ്ടും പൊതുചര്‍ച്ചയിലേക്കെത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rafale deal controversy, Developments

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more