റാഫേല്‍ കരാറില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് പിന്നില്‍ കേന്ദ്രസര്‍ക്കാര്‍; സംഭവം അതീവ ഗുരുതരമെന്നും കപില്‍ സിബല്‍
Rafale Deal
റാഫേല്‍ കരാറില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് പിന്നില്‍ കേന്ദ്രസര്‍ക്കാര്‍; സംഭവം അതീവ ഗുരുതരമെന്നും കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th December 2018, 2:26 pm

ന്യൂദല്‍ഹി: റാഫേല്‍ വിമാനകരാറില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരെന്ന് കോണ്‍ഗ്രസ്. കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

“ഇത് വളരെ ഗുരുതരമായ വിഷയമാണ്. അറ്റോര്‍ണി ജനറലിനെ പി.എ.സിയ്ക്ക് മുന്നില്‍ വിളിപ്പിക്കണം. എന്തുകൊണ്ടാണ് തെറ്റായ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ചോദിക്കണം.”

സുപ്രീംകോടതി ഈ വിഷയങ്ങള്‍ തീരുമാനിക്കാന്‍ കഴിയുന്ന ഒരു ഉചിതമായ ഫോറമല്ലെന്ന് തങ്ങള്‍ക്ക് വ്യക്തമായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഫയലുകള്‍ പരിശോധിക്കാനും, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള സാക്ഷികളെ വിളിച്ച് പരിശോധിക്കാനും കഴിയില്ല. തങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് പലതും ചോദിക്കാനുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.

ALSO READ: പി.കെ ശശിക്കൊപ്പം വേദിപങ്കിടില്ല; സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും എം.ടി പിന്മാറി

നേരത്തെ റാഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട കേസില്‍ അറ്റോര്‍ണി ജനറലും കണ്‍ട്രോള്‍ ആന്റ് ഓഡിറ്റര്‍ ജനറലും സുപ്രീം കോടതിയില്‍ കള്ളം പറഞ്ഞെന്ന് പി.എ.സി ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞിരുന്നു. അറ്റോര്‍ണി ജനറലിനേയും സി.എ.ജിയേയും വിളിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

” സി.എ.ജി റിപ്പോര്‍ട്ട് സഭയിലും പി.എ.സിയിലും സമര്‍പ്പിച്ചിട്ടുണ്ടെന്നും പി.എ.സി ഇത് അന്വേഷിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കള്ളം പറഞ്ഞു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് അത് പൊതുമധ്യത്തിലുള്ള കാര്യമാണ് എന്നാണ്. എവിടെയാണ്? നിങ്ങള്‍ കണ്ടിട്ടുണ്ടോ? പി.എ.സിയിലെ മറ്റുള്ള അംഗങ്ങളുമായി ചേര്‍ന്ന് ഈ വിഷയം ഉയര്‍ത്തിക്കാട്ടും. എ.ജിയേയും സി.എ.ജിയേയും ഉടനെ വിളിപ്പിക്കും.” എന്നാണ് അദ്ദേഹം പറഞ്ഞത്.

ALSO READ: റഫാല്‍ സി.എ.ജി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത് സത്യമാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണം: സുബ്രഹ്മണ്യന്‍ സ്വാമി

റാഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഖാര്‍ഗെ പറഞ്ഞു. “എപ്പോഴാണ് കേസ് പി.എ.സിക്ക് മുമ്പില്‍വെച്ചതെന്നും എപ്പോഴാണ് പി.എ.സി അത് പരിശോധിച്ചതെന്നും വിശദമാക്കാന്‍ എല്ലാ പി.എ.സി അംഗങ്ങളും സി.എ.ജിയോട് ആവശ്യപ്പെടാന്‍ ഞാന്‍ അപേക്ഷിക്കുന്നു. ” അദ്ദേഹം പറഞ്ഞു.

ALSO READ: റഫേല്‍ കരാര്‍; കോടതി ഉത്തരം പറയാതെ ബാക്കി വെച്ച 9 ചോദ്യങ്ങള്‍

റാഫാല്‍ കരാറില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇടപാടില്‍ സംശയമില്ലെന്നും, വിഷയത്തില്‍ ഇടപെടില്ലെന്നും കോടതി അറിയിക്കുകയായിരുന്നു.

“വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി)യുമായി പങ്കുവെച്ചിട്ടുണ്ട്. സി.എ.ജിയുടെ റിപ്പോര്‍ട്ട് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി) പരിശോധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ സംഗ്രഹം മാത്രമാണ് പാര്‍ലമെന്റിന്റേയും പൊതുജനങ്ങളുടേയും മുന്നിലെത്തിയത്”- എന്നും വിധിയില്‍ പറഞ്ഞിരുന്നു. ഇത് വസ്തുതാവിരുദ്ധമാണെന്നാണ് പി.എ.സി അംഗം കൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നത്.

WATCH THIS VIDEO: