| Wednesday, 13th February 2019, 2:35 pm

സി.എ.ജി. റിപ്പോര്‍ട്ട് തയ്യാറാക്കിയത് കള്ളനായ കാവല്‍ക്കാരന്റെ ഓഡിറ്റര്‍ ജനറല്‍;കടലാസ് വിമാനം പറത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭ സമ്മേളനത്തിന്റെ അവസാനദിനം റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍ വെച്ച് സര്‍ക്കാര്‍. റഫാല്‍ വില നിര്‍ണയത്തില്‍ വീഴ്ചയില്ലെന്നാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. 2.86 ശതമാനം കുറഞ്ഞ വിലയ്ക്കാണു വിമാനം വാങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ന് പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടിലാണ്, കൂടുതല്‍ ചര്‍ച്ചയും വിലപേശലും റഫാല്‍ ഇടപാട് മെച്ചപ്പെടുത്തുന്നതിന് വഴിവെക്കുമായിരുന്നുവെന്ന കാര്യം സി.എ.ജി ചൂണ്ടിക്കാണിച്ചരിക്കുന്നത്.

Read Also : “ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണം”; പാര്‍ലമെന്റില്‍ ടി.ഡി.പി എം.പിമാരുടെ പ്രതിഷേധം തുടരുന്നു

എന്നാല്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. ധനകാര്യ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ സി.എ.ജി രാജീവ് മെഹര്‍ഷി റഫാല്‍ ഇടപാടിന്റെ ഭാഗമായിരുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുന്നതിന്റെ മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളും എം.പിമാരും സഭാമന്ദിരത്തിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കള്ളനായ കാവല്‍ക്കാരന്റെ ഓഡിറ്റര്‍ ജനറലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വിമാനങ്ങളുടെ വിലവിവരങ്ങളടക്കം ഒഴിവാക്കിയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ. ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇതിനിടെ കോണ്‍ഗ്രസ് എം.പിമാര്‍ മോദിയുടെയും അനില്‍ അംബാനിയുടേയും ചിത്രം പതിപ്പിച്ച കടലാസ് വിമാനങ്ങള്‍ പറത്തി പ്രതിഷേധിക്കുകയും ചെയ്തു.

രാജ്യസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ 36 പേജുകളിലാണ് റഫാല്‍ പരാമര്‍ശിക്കുന്നത്. മുന്‍സര്‍ക്കാരിന്റെ കരാറുമായി വലിയ അന്തരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത 126 വിമാനങ്ങളുടെ കരാറിനേക്കാള്‍ 17.08 ശതമാനം തുക പുതിയ കരാറില്‍ ലാഭിക്കാന്‍ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more