| Saturday, 3rd July 2021, 11:04 pm

റഫാലിലെ ഫ്രാന്‍സിന്റെ അന്വേഷണം; അഴിമതി പുറത്തു വന്നെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഫ്രാന്‍സ് അന്വേഷണം ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യയില്‍ വീണ്ടും റഫാല്‍ വിവാദം ചര്‍ച്ചയാകുന്നു.

റഫാല്‍ യുദ്ധ വിമാനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട്.

ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.

‘റഫാല്‍ അഴിമതി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. സംയുക്ത പാര്‍ലമെന്ററി സമിതി റഫാല്‍ അഴിമതി അന്വേഷിക്കണം. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പറഞ്ഞത് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്,’ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

56,000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണം ആദ്യം ഉയരുന്നത്. ഇടപാടിലെ അഴിമതിയും പക്ഷപാതവും ആരോപിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ഒരു ജഡ്ജിയെ നിയോഗിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഫാല്‍ അഴിമതി രാജ്യ സുരക്ഷയുമായി ബന്ധപ്പട്ട വിഷയമാണിതെന്നും ഇതില്‍ പ്രധാനമന്ത്രി രാജ്യത്തോട് ഉത്തരം പറയേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rafale corruption allegation France starts investigation

We use cookies to give you the best possible experience. Learn more