| Saturday, 13th April 2019, 12:26 pm

റഫാല്‍ കരാറിന് പ്രത്യുപകാരമായി ഫ്രഞ്ച് സര്‍ക്കാര്‍ അനില്‍ അംബാനിക്ക് 144 കോടി യൂറോയുടെ നികുതി ഇളവ് നല്‍കി; വെളിപ്പെടുത്തലുമായി ഫ്രഞ്ച് ദിനപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ കരാര്‍ ഒപ്പു വെച്ചതിന് പിന്നാലെ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 ദശലക്ഷം യൂറോയുടെ നികുതി ഇളവ് നല്‍കിയതായി ഫ്രഞ്ച് ദിനപത്രം ‘ലെ മൊൺഡെ’. റഫാല്‍ കരാര്‍ നല്‍കിയതിനുള്ള പ്രത്യുപകാരമായി സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് അനില്‍ അംബാനിക്ക് നികുതി ഇളവ് നല്‍കിയതെന്നാണ് പത്രം വിലയിരുത്തുന്നത്.

റഫാല്‍ കരാറില്‍ ഫ്രഞ്ച് കമ്പനിയായ ദസ്സോയുടെ ഇന്ത്യന്‍ പങ്കാളിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്. എന്നാല്‍ എച്ച്.എ.എല്ലിന് പകരം അനില്‍ അംബാനിയെ കരാറില്‍ പങ്കാളിയാക്കാന്‍ പ്രധാനമന്ത്രി നേരിട്ടിടപെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അനില്‍ അംബാനിയല്ലാതെ മറ്റൊരു പങ്കാളിയെ കരാറിന്റെ ഭാഗമാക്കരുതെന്ന് മോദി നിര്‍ദേശിച്ചതായി ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ്  ഒളാന്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതും വിവാദമായിരുന്നു.

അനില്‍ അംബാനിയുടെ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ‘റിലയൻസ് അറ്റ്ലാന്റിക് ഫ്ലാഗ് ഫ്രാൻസ്’ എന്ന ടെലകോം കമ്പനി 2007-2010 കാലഘട്ടത്തില്‍ 60 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയതായി നികുതി വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്ന് അനില്‍ അംബാനി ഏഴു മില്യണ്‍ യൂറോ നല്‍കി കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫ്രഞ്ച് സര്‍ക്കാര്‍ സമ്മതിച്ചില്ല. ഇതേ കമ്പനിയുടെ 2010-2012 കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷച്ചതില്‍ നിന്നും 91 മില്യണ്‍ യൂറോയുടെ നികുതി വെട്ടിച്ചതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. കേസുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ 2015ലെ റഫാല്‍ കരാര്‍ ഒപ്പു വെച്ചതോടെ റിലയന്‍സ് മുന്നോട്ടു വെച്ച 7 മില്യണ്‍ യൂറോയ്ക്ക് കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നുവെന്ന് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതോടെ 151 മില്യണ്‍ യൂറോ നികുതി വെട്ടിച്ച അംബാനിക്ക് 144 മില്യണ്‍ യൂറോയുടെ ഇളവ് ലഭിക്കുകയായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധമന്ത്രാലയത്തിനെ മറികടന്ന് സമാന്തര ഇടപെടലുകള്‍ നടത്തിയതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്തിരുന്നു. റഫാല്‍ കരാറില്‍ 30000 കോടി രൂപയുടെ കരാറാണ് അനില്‍ അംബാനിക്ക് ലഭിക്കുക.

We use cookies to give you the best possible experience. Learn more