പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് റയല്‍ മാഡ്രിഡ് മുന്‍ താരം റോയ്സ്റ്റണ്‍ ഡ്രെന്തെയോട് ഭ്രാന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ റയല്‍ മാഡ്രിഡ് താരമായ റാഫേല്‍ വാണ്ടര്‍ വാര്‍ട്ട്.
റൊണാള്‍ഡോ ഉള്‍പ്പെടെ പല ആളുകളും ഡ്രെന്തെയെ മികച്ച താരമായി കണക്കാക്കിയിരുന്നുവെന്നും ഡ്രെന്തെയുടെ പ്രതിഭയില്‍ റോണോക്ക് ഭ്രാന്തായിരുന്നുവെന്നുമാണ് റാഫേല്‍ വാണ്ടര്‍ വാര്‍ട്ട് പറഞ്ഞത്.
‘പരിശീലനത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ കളിക്കുന്നത് അവന്‍ വളരെയധികം അസ്വദിച്ചിരുന്നു. പരിശീലന സമയങ്ങളില്‍ റൊണാള്‍ഡോക്ക് ഡ്രെന്തെയോട് ഭ്രാന്തായിരുന്നു. കാരണം അവന്‍ വളരെ സാങ്കേതികപരമായി മികച്ചവനായിരുന്നു,’ റാഫേല്‍ വാണ്ടര്‍ വാര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
റയല്‍ മാഡ്രിഡിനായി അഞ്ച് സീസണുകളില്‍ സ്പാനിഷ് വമ്പന്‍മാരൊപ്പം ഡ്രെന്തെ 65 മത്സരങ്ങളാണ് ബൂട്ട്‌കെട്ടിയത്. എന്നാല്‍ താരത്തിന് ലോസ് ബ്ലാങ്കോസിനൊപ്പം മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. താരം 36 വയസില്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയായിരുന്നു.
റെയ്സ്റ്റണ്‍ ഫുട്‌ബോള്‍ കരിയറില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതിനെകുറിച്ചും വാണ്ടര്‍ വാര്‍ട്ട് പങ്കുവെച്ചു.
‘ഹോളണ്ടിന് ലഭിച്ച ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് റെയ്സ്റ്റണനായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അവന്റെ ഈഗോയും തെരുവ് ഫുട്‌ബോളിനോടുള്ള ഇഷ്ടവും മാറ്റിവെച്ചിരുന്നെങ്കിൽ, അവന്‍ ഇപ്പോഴും കളിക്കുമായിരുന്നു,’ വാണ്ടര്‍ വാര്‍ട്ട് പറഞ്ഞു.
അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ അവിസ്മരണീയമായ ഒരു കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തുകയായിരുന്നു. റയലിനായി 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ റൊണാള്‍ഡോ 451 ഗോളുകളാണ് നേടിയത്.
നിലവില്‍ സൗദി ക്ലബ്ബ് അല്‍ നസറിനായാണ് റൊണാള്‍ഡോ കളിക്കുന്നത്. പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റോണോ അല്‍ നസറിനായി നടത്തുന്നത്. 17 മത്സരങ്ങളില്‍ നിന്നും18 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്.
Content Highlight: Rafael Van der Vaart talks Cristiano Ronaldo was crazy about former Real Madrid player Royston Drenthe.