ഖത്തര്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ എത്തി നില്‍ക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും താരതമ്യം ചെയ്ത് മുന്‍ ഡച്ച് താരം റാഫേല്‍ വാന്‍ഡര്‍ വാര്‍ട്ട്.
മെസി ഗോള്‍ സ്‌കോറര്‍ മാത്രമല്ലെന്നും മികച്ച പ്ലേമേക്കര്‍ കൂടിയാണെന്നുമാണ് വാര്‍ട്ട് പറഞ്ഞത്. എന്നാല്‍ റൊണാള്‍ഡോയുടെ ലക്ഷ്യം കളിയില്‍ ഗോള്‍ നേടുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്വാര്‍ട്ടറില്‍ തന്റെ ടീമായ നെതര്‍ലന്‍ഡ്‌സിനെതിരെ അര്‍ജന്റീന ഏറ്റുമുട്ടാനിരിക്കെയാണ് വാന്‍ഡര്‍ വാര്‍ട്ടിന്റെ പരാമര്‍ശം. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.
‘ഞാന്‍ മെസിക്കൊപ്പം കളിച്ചിട്ടുണ്ട്. നിങ്ങള്‍ക്കവനൊപ്പം എത്താന്‍ കഴിയില്ല. അതിവേഗതയുള്ള താരമാണ് മെസി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ശാന്തനാണ്. എന്നാലും അദ്ദേഹത്തിന് നിര്‍ണായക പാസുകള്‍ നല്‍കാനാകും.
അതേസമയം റൊണാള്‍ഡോ ശരീരത്തെയും ഗോളുകളെയും ആശ്രയിച്ചാണ് കളിക്കുന്നത്. പക്ഷെ മെസി വെറുമൊരു ഗോള്‍ സ്‌കോറര്‍ മാത്രമല്ല, അതിലുപരി നല്ലൊരു പ്ലേമേക്കര്‍ കൂടിയാണ്,’ വാര്‍ട്ട് വ്യക്തമാക്കി.
അതേസമയം, പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ഓസ്ട്രേലിയയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലാന്‍ഡിനെയും തകര്‍ത്ത് ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരിക്കുകയാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെ നേരിടുമ്പോള്‍ പോര്‍ച്ചുഗലിന് മൊറോക്കോയാണ് എതിരാളികള്‍
ക്വാര്‍ട്ടര്‍ കടന്നു കിട്ടിയാല്‍ ഫ്രാന്‍സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ ടീമുകളിലൊന്നിനെയാവും അര്‍ജന്റീനക്ക് നേരിടേണ്ടി വരിക. അങ്ങനെയെങ്കില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കു്ന്ന അര്‍ജന്റീന-പോര്‍ച്ചുഗല്‍ പോരാട്ടത്തിന് സാധ്യതയുണ്ടാകും.
തങ്ങളുടെ അവസാന ലോകകപ്പ് കളിക്കാനൊരുങ്ങുന്ന രണ്ട് ഇതിഹാസ താരങ്ങള്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlights: Rafael van der Vaart compares Messi and Ronaldo