തിരിച്ചു വരവുകളുടെ തമ്പുരാനായി നദാല്‍; ഡെല്‍ പെട്രോയെ തകര്‍ത്ത് യു.എസ് ഓപ്പണ്‍ ഫൈനലില്‍
Daily News
തിരിച്ചു വരവുകളുടെ തമ്പുരാനായി നദാല്‍; ഡെല്‍ പെട്രോയെ തകര്‍ത്ത് യു.എസ് ഓപ്പണ്‍ ഫൈനലില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th September 2017, 10:43 am

ന്യൂയോര്‍ക്ക്: റാഫേല്‍ നദാല്‍ യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍. റോജര്‍ ഫെഡററെ മറികടന്നെത്തിയ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെട്രോയെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിലെത്തിയത്. കെവിന്‍ ആന്‍ഡേഴ്സണനാണ് ഫൈനലില്‍ നദാലിന്റെ എതിരാളി.

ആദ്യ സെറ്റില്‍ പരാജയപ്പെട്ട ശേഷം പിന്നീട് തുടര്‍ച്ചയായ മൂന്നു സെറ്റും സ്വന്തമാക്കിയാണ് നദാല്‍ വിജയിച്ചു കയറിയത്. 24-ാം സീഡ് ഡെല്‍ പെട്രോയ്ക്ക് ഒരവസരവും നല്‍കാതെയായിരുന്നു അവസാന മൂന്നു സെറ്റില്‍ നഡാലിന്റെ പോരാട്ടം. സ്‌കോര്‍: 4-6,6-0,6-3,6-2.


Also Read: ‘ഈശ്വരന്‍ പണികൊടുത്തതാണ്; രണ്ടും ചാവട്ടെ’ വാഹനാപകടത്തില്‍ മരിച്ച വ്യത്യസ്ത മതസ്ഥരായ സുഹൃത്തുക്കള്‍ക്കെതിരെ ആക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍


അതേസമയം, സ്പാനിഷ് താരം പാബ്ലൊ ബുസ്റ്റയെ തോല്‍പ്പിച്ചാണ് 28-ാം സീഡ് കെവിന്‍ ആന്‍ഡേഴ്സണ്‍ ഫൈനലിലെത്തിയത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. സ്‌കോര്‍: 4-6,7-5,6-3,6-4. തന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടത്തിനാണ് ആന്‍ഡേഴ്സണിന്റെ പോരാട്ടം.

തിങ്കളാഴ്ച്ച നടക്കുന്ന ഫൈനലില്‍ വിജയിക്കാനായാല്‍ നദാലിന് 16-ാം ഗ്രാന്‍സ്ലാം കിരീടമെന്ന നേട്ടത്തിലെത്താം. ഒപ്പം യു.എസ് ഓപ്പണില്‍ മൂന്നാമത്തെ കിരീടവും അക്കൗണ്ടിലെത്തും. യു.എസ് ഓപ്പണ്‍ നേടിയാല്‍ ഈ സീസണില്‍ നദാല്‍ നേടുന്ന രണ്ടാമത്തെ ഗ്രാന്‍സ്ലാം കിരീടമാവും അത്.