തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലെവലിലെത്താന്‍ തന്നെക്കൊണ്ടാകുമെന്ന് എ.സി മിലാന്‍ വിങ്ങറും പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണലുമായ റാഫേല്‍ ലിയോ. എന്നാല്‍ താന്‍ സ്വാര്‍ത്ഥനായ കളിക്കാരനല്ല എന്നും സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കാന്‍ ശ്രമിക്കുമെന്നും ലിയോ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായ ജിയാന്‍ ലൂക്ക ഡി മാര്‍സിയക്ക് നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ഉദ്ധരിച്ച് നാസിയോണലെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഞാന്‍ ആരാധിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ്. എനിക്ക് ഉറപ്പായും അദ്ദേഹത്തിന്റെ ലെവലിലെത്താന്‍ സാധിക്കും, എന്നാല്‍ ഞാന്‍ ഒരിക്കലും ഒരു സ്വാര്‍ത്ഥനായ കളിക്കാരനല്ല. എനിക്ക് ഗോളടിക്കാന്‍ സാധിക്കും. എന്നാല്‍ എന്റെ സഹതാരം സമീപത്തുണ്ടെങ്കില്‍ ഞാന്‍ പന്ത് അവന് പാസ് ചെയ്യും,’ ലിയോ പറഞ്ഞു.
‘കണക്കുകളാണ് വ്യത്യാസമുണ്ടാക്കുന്നത്. എംബാപ്പെ, റൊണാള്‍ഡോ, ഹാലണ്ട് എന്നിവര്‍ വളരെ വലിയ ലെവലിലാണ്. അവര്‍ അടിച്ചുകൂട്ടിയ ഗോളുകളാണ് അവര്‍ക്കായി സംസാരിക്കുന്നത്. ഞാനും സ്വാര്‍ത്ഥതയോടെ കളിക്കുകയാണെങ്കില്‍ എനിക്കും ആ ലെവലിലെത്താന്‍ സാധിക്കും,’ റാഫേല്‍ ലിയോ കൂട്ടിച്ചേര്‍ത്തു.
2017ല്‍ സ്‌പോര്‍ട്ടിങ് സി.പിയിലൂടെയാണ് ലിയോ തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2018-19 സീസണില്‍ ലില്ലെയുടെ താരമായി മാറിയ ലിയോയെ 2019ല്‍ ട്രേഡിലൂടെ എ.സി മിലാന്റെ ഭാഗമാവുകയായിരുന്നു.
അന്നുമുതല്‍ കളിച്ച 189 മത്സരത്തില്‍ നിന്നും 47 ഗോളും 41 അസിസ്റ്റും ലിയോ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 2021-22 സീസണില്‍ മിലാന്‍ സീരി എ കിരീടമുയര്‍ത്തിയപ്പോഴും താരം ടീമിന്റെ ഭാഗമായിരുന്നു.
അതേസമയം, റൊണാള്‍ഡോയുടെ റെക്കോഡ് തകര്‍ക്കാന്‍ തന്റെ കരിയറില്‍ ലിയോ ഒരുപാട് പാടുപെടണം. ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലുമായി ഇതുവരെ കളിച്ച 1204 മത്സരത്തില്‍ നിന്നും 873 ഗോളാണ് താരം സ്വന്തമാക്കിയത്. 249 തവണ സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Content highlight: Rafael Leao says he is not selfish like Cristiano Ronaldo