| Friday, 27th October 2023, 10:22 pm

രോഹിണിയും ശോഭനയും ലിസിയുമുള്ള ഗ്രൂപ്പിലേക്ക് ഞാൻ നുഴഞ്ഞുകയറിയിട്ടുണ്ട്: റസൂൽ പൂക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓസ്കാർ കേരളക്കരയിലേക്കെത്തിച്ച മലയാളിയുടെ അഭിമാനമാണ് സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററുമായ റസൂൽ പൂക്കുട്ടി. കാലങ്ങളായി ശബ്‌ദ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന റസൂൽ പൂക്കുട്ടി ‘ഒറ്റ’ എന്ന ചിത്രത്തിലൂടെ ആദ്യമായി ഒരു സംവിധായകന്റെ കുപ്പായമണിയുകയാണ്.


താൻ എൺപതുകളിലെ നടീനടന്മാർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പറയുകയാണ് റസൂൽ പൂക്കുട്ടി. സുഹാസിനി ചേച്ചി, ലിസി, രാധിക ശരത്ത്, ശോഭന, രേവതി, രോഹിണി തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പാണ് അതെന്നും അവർ തന്നെ ഡിന്നറിനൊക്കെ വിളിക്കാറുണ്ടെന്നും റസൂൽ പൂക്കുട്ടി പറയുന്നുണ്ട്. അവരുമായി നല്ലൊരു സൗഹൃദം തനിക്കുണ്ടെന്നും രോഹിണിയും രേവതിയുമെല്ലാം താൻ കോളേജിൽ പഠിക്കുമ്പോഴുള്ള ഹീറോയിൻസ് ആണെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒറ്റ സിനിമ നമ്മൾ ഷൂട്ട് ചെയ്യുമ്പോൾ ചെന്നൈയിൽ വെച്ച് എന്തെല്ലാം ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. പെർമിഷന്റെ കാര്യത്തിലും അതുപോലെ മറ്റ് ആളുകൾ വന്ന് ശല്യം ചെയ്യുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പോലീസ് വന്നു, പൊളിറ്റിക്കൽ പാർട്ടി ശല്യം ചെയ്യുന്ന കാര്യം വന്നാൽ ലിസി ചേച്ചിയുടെ അടുത്തേക്കാണ് ഓടുന്നത്. അവരത് സോർട് ചെയ്ത് തരും. എന്റെ ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്താണ് ലിസി.

അവർക്ക് 80’s എന്ന് പറഞ്ഞ ഗ്രൂപ്പ് ഉണ്ട്. 80കളിലെ നടീനടന്മാർ ഒക്കെയുള്ള ഒരു ഗ്രൂപ്പുണ്ട്. അതിൽ അനൗദ്യോഗിക മെമ്പർ ആയിട്ട് ഞാൻ നുഴഞ്ഞുകയറിയിട്ടുണ്ട്. അവർ ഒരുമിച്ചുള്ള ഡിന്നറിന് എന്നെ വിളിക്കും. സുഹാസിനി ചേച്ചി, ലിസി, രാധിക ശരത്ത്, ശോഭന, രേവതി, രോഹിണി തുടങ്ങിയ ഒരുപാട് ആളുകളുള്ള ഒരു ഗ്രൂപ്പാണത്. ഞാനൊരു തരത്തിൽ അതിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. അവർക്ക് എന്നെ നല്ല ഇഷ്ടമാണ്.

ഞാൻ വളരെ സന്തോഷവാനും അനുഗ്രഹീതനുമാണ്. രോഹിണി, രേവതി ഇവരെല്ലാം ഞങ്ങൾ കോളേജിൽ പഠിക്കുന്ന സമയത്ത് നമ്മുടെ ഹീറോയിൻസ് ആയിരുന്നു. ഇപ്പോൾ എനിക്ക് അവരുമായി നല്ലൊരു സൗഹൃദം ഉണ്ട്,’ റസൂൽ പൂക്കുട്ടി പറയുന്നു.

അതേസമയം ഒറ്റ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

Content Highlight: Raesul Pookkutty says that he has infiltrated the group of eighties actors

We use cookies to give you the best possible experience. Learn more