ഷാരൂഖ് ഖാന്റെ അമ്മായിയമ്മ സീരിയലില്‍ കണ്ട് ഇഷ്ടപ്പെട്ട ആ നടിയെ അദ്ദേഹത്തിന്റെ നായികയാക്കി: സംവിധായകന്‍ രാഹുല്‍ ധോലാകിയ
Entertainment
ഷാരൂഖ് ഖാന്റെ അമ്മായിയമ്മ സീരിയലില്‍ കണ്ട് ഇഷ്ടപ്പെട്ട ആ നടിയെ അദ്ദേഹത്തിന്റെ നായികയാക്കി: സംവിധായകന്‍ രാഹുല്‍ ധോലാകിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st October 2024, 8:49 am

2017ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് റയീസ്. ഷാരുഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ ധോലാക്കിയയാണ് ചിത്രം സംവിധാനം ചെയ്തത്. കിങ് ഖാനെ കൂടാതെ മഹീറാ ഖാന്‍, നവാസുദ്ദീന്‍ സിദ്ധീഖി, സണ്ണി ലിയോണ്‍, ഫര്‍ഹാന്‍ അക്തര്‍, മുംതാസ് സോര്‍ക്കര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പാകിസ്ഥാന്‍ നടി മഹീറാ ഖാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. നടിയുടെ കരിയറിലെ ഒരേയൊരു ഹിന്ദി ചിത്രവും ഇതാണ്. താരത്തെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ ധോലാകിയ. മാഷബിള്‍ ഇന്ത്യയ്ക്ക് വേണ്ടി കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ഛബ്ര നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘1980കളിലെ ഒരു മുസ്‌ലിം പെണ്‍കുട്ടിയായി അഭിനയിക്കാന്‍ ഒരു നടിയെ ഞങ്ങള്‍ക്ക് വേണമായിരുന്നു. ഞങ്ങളുടെ പ്രഥമ പരിഗണന നല്ല ഹിന്ദി സംസാരിക്കാന്‍ കഴിവുള്ള നടിയെ വേണം എന്നതായിരുന്നു, അവര്‍ക്ക് അല്‍പ്പം ഉറുദു വശമുണ്ടെങ്കില്‍ അതിലും നല്ലത്.

ഞങ്ങളുടെ നായികയ്ക്ക് ഒരു നിഷ്‌കളങ്കത ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബദ്ധമുണ്ടായിരുന്നു. ഷാരൂഖിന് 50 വയസ്സായിരുന്നു, അതിനാല്‍ കുറഞ്ഞത് 30 വയസ്സെങ്കിലും പ്രായമുള്ള ഒരു നായികയെ വേണം.

നല്ല ഹിന്ദിയും നിഷ്‌കളങ്കതയും ഉള്ള 30കളില്‍ ഉള്ള വളരെ കുറച്ച് നടിമാര്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂ. ദീപികയും കരീനയും അനുഷ്‌കയും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വേണ്ട കാര്യങ്ങളൊക്കെ ഉള്ള നായികമാര്‍ വളരെ കുറവായിരുന്നു. എന്നാല്‍ അവരെല്ലാം വളരെ എക്‌സ്‌പെന്‍സിവും അവര്‍ക്കുള്ള റോള്‍ വളരെ ചെറുതുമാണ് എന്നതായിരുന്നു പ്രശ്‌നം. പിന്നീട് ഞങ്ങള്‍ സോനവും കത്രീനയും ഉള്‍പ്പെടുന്ന ഒരു ലിസ്റ്റ് ഉണ്ടാക്കിനോക്കി. എന്നാല്‍ അവര്‍ ആ വേഷത്തിന് ചേരില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി. ഷാരൂഖ് ഖാന് ആലിയ ഭട്ടുമായി റൊമാന്‍സ് ചെയ്യാനും ആകില്ല.

ഷാരൂഖിന്റെ ഭാര്യ ഗൗരിയുടെ അമ്മയും എന്റെ അമ്മയും ചില പാകിസ്ഥാന്‍ ടെലിവിഷന്‍ ഷോയില്‍ മഹീറയെ കണ്ടിട്ടുണ്ട്. ‘ ആ കുട്ടി കൊള്ളാം’ എന്ന് അവര്‍ രണ്ടുപേരും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ അവളെ എക്‌സല്‍ ഓഫീസില്‍ ഓഡിഷന്‍ നടത്തി. ഓഡിഷന് ശേഷം, എന്റെ ആസിയയെ കണ്ടെത്തി എന്ന് ഞാന്‍ മനസിലാക്കി,’ രാഹുല്‍ ധോലാകിയ പറയുന്നു.

Content highlight: Raees director Rahul Dholakia Talks About Casting Of Mahira Khan