റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്; വീട്ടില്‍ നിന്ന് വാള്‍ കണ്ടെടുത്തു
Kerala
റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്; വീട്ടില്‍ നിന്ന് വാള്‍ കണ്ടെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th April 2018, 6:38 pm

തിരുവനന്തപുരം: നാടന്‍പാട്ട് കലാകാരനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ സ്റ്റുഡിയോയില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആദ്യ അറസ്റ്റ്. കൊല്ലം സ്വദേശി സനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാജേഷിനെ കൊലപ്പെടുത്തിയവര്‍ക്ക് താമസ സൗകര്യം ഒരുക്കിയത് സനുവാണെന്നാണ് പൊലീസ് പറയുന്നത്. ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുള്ളതായാണ് സംശയം. ഇയാളുടെ വീട്ടില്‍ നിന്ന് ഒരു വാള്‍ കണ്ടെടുത്തിട്ടുണ്ട്.


Read Also: സല്‍മാന്‍ ഖാന് ഇളവ് നല്‍കണമെന്ന് എം.പി ജയ ബച്ചന്‍


പ്രവാസി വ്യവസായിയായ ഓച്ചിറ തെക്ക് കൊച്ചുമുറി നായമ്പരത്ത് കിഴക്കതില്‍ പത്തിരി സത്താറാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഖത്തറില്‍ ജിംനേഷ്യം പരിശീലകനായ ഓച്ചിറ സ്വദേശി അലിഭായി എന്ന സാലിഹ ബിന്‍ ജലാലാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആറ്റിങ്ങല്‍ മടവൂരിനടുത്ത് രാജേഷിനെ ഒരു സംഘം വെട്ടിക്കൊന്നത്. കാറിലെത്തിയ നാലംഗ സംഘം രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


Read Also: മുഹമ്മദ് ബിന്‍ സല്‍മാനും സൗദിയിലെ പരിവര്‍ത്തനത്തിന്റെ യുഗപ്പകര്‍ച്ചയും


കൂടെയുണ്ടായിരുന്ന സുഹൃത്ത് കുട്ടനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ റേഡിയോ ജോക്കിയും ഗാനമേള സംഘത്തിലെ ഗായകനുമായ രാജേഷ് ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് സംഭവം.