| Wednesday, 4th October 2017, 10:25 am

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം; തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാരണം പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രാലയം യോഗം ചേര്‍ന്നിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ
ഉന്നതരുമാണ് കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നത്. യോഗത്തില്‍ നിരോധനവിജ്ഞാപനം ഇറക്കുന്ന കാര്യങ്ങളാണ് ചര്‍ച്ചയായത്.  എന്‍.ഐ.എ അന്വേഷിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.


Dont Miss ഗുജറാത്തില്‍ അമിത്ഷാക്കെതിരെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് ബി.ജെ.പിക്കാര്‍: മര്‍ദ്ദനം പൊലീസിന്റെ കയ്യില്‍ നിന്നും ലാത്തിപിടിച്ചുവാങ്ങി


നിയമവിരുദ്ധപ്രവര്‍ത്തനം തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തണമോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ആലോചന നടക്കുകയാണ്. അതേസമയം ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാല്‍ പഴുതുകളില്ലാതെ വിജ്ഞാപനം തയ്യാറാക്കാനാണ് നിര്‍ദേശം.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ പാകത്തില്‍ കൃത്യമായ തെളിവുകള്‍ ഉണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ എന്‍.ഐ.എ ശേഖരിച്ചുകഴിഞ്ഞെന്നും പോപ്പുലര്‍ ഫ്രണ്ടിനെതിരായി അന്വേഷണ ഏജന്‍സികളുടെ പരിധിയിലുള്ള ആറ് തീവ്രവാദ കേസുകള്‍ ഉള്‍പ്പെടെയും തെളിവുകളായി ശേഖരിച്ചുകഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ മതതീവ്രവാദവും ഭീകരയും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങടക്കം പോപ്പുലര്‍ ഫ്രണ്ട് നേരിടുന്ന ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്.

എന്‍.ഐ.എ.യ്ക്കുപുറമേ കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുന്ന ഭീകരവാദക്കേസുകള്‍ മുന്‍നിര്‍ത്തിയാണ് നടപടിക്ക് നീക്കം.

തങ്ങള്‍ അന്വേഷിക്കുന്ന ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന എന്‍.ഐ.എ.യുടെ ആരോപണമാണ് പ്രധാനമായും ആഭ്യന്തരമന്ത്രാലയം കണക്കിലെടുക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന പല അക്രമങ്ങള്‍ക്ക് പിന്നിലും ഈ സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് അവരുടെ ആരോപണം. എന്നാല്‍, ദേശവിരുദ്ധമായ യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ 10 കേസുകള്‍ മാത്രമാണ് തങ്ങള്‍ക്കെതിരേ ഉള്ളതെന്നും പോപ്പുലര്‍ ഫ്രണ്ട് വിശദീകരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more