കോഴിക്കോട്: ഡിസംബര്‍ മാസത്തെയും ക്രിസ്മസിനെയും വീണ്ടും ആയുധമാക്കി തീവ്ര ഹിന്ദുത്വവാദികള്‍. അഡ്വക്കേറ്റ് കൃഷ്ണ രാജ് ഉള്‍പ്പെടെയുള്ളവരാണ് ക്രിസ്മസിനെയും അയ്യപ്പനെയും മുന്‍നിര്‍ത്തി പ്രചരണം നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ‘ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്മസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല, പവിത്രമായ മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകര നക്ഷത്രങ്ങള്‍ ഉപയോഗിക്കൂ’ എന്ന കുറിപ്പോട് കൂടിയ ഒരു പരസ്യം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ പരസ്യം കൃഷ്ണ രാജ് അടക്കം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഹിന്ദു ഭവനങ്ങളില്‍ മകര നക്ഷത്രം തെളിയട്ടെ എന്ന അടിക്കുറിപ്പോട് കൂടിയാണ് കൃഷ്ണ രാജ് പോസ്റ്റ് പങ്കുവെച്ചത്.
നവംബർ 30നാണ് കൃഷ്ണ രാജ് പ്രസ്തുത പരസ്യം പ്രചരിപ്പിച്ചത്. എന്നാല്‍ നിലവില്‍ ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചരണത്തിനെതിരെ സോഷ്യല്‍ മീഡിയ രൂക്ഷമായി പ്രതികരിക്കുകയാണ്. പ്രചരണത്തിന്റെ ഉള്ളടക്കത്തെ ട്രോളിയും പ്രതികരണമുണ്ട്.
‘താനൊക്കെ മനുഷ്യന്‍ തന്നെ ആണോടോ. ഒന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം,’ എന്ന് ഷാഹിറ എടക്കാട് കൃഷ്ണ രാജിന്റെ പോസ്റ്റിന് താഴെ പ്രതികരിച്ചു. ദയവ് ചെയ്ത് ഇത്തരത്തില്‍ വിഷം ചീറ്റരുതെന്നും പരസ്യത്തിലെ ഉത്പന്നം വക്കീലിന്റെ സംരംഭമാണെന്ന് തോന്നുന്നുവെന്നും ആളുകള്‍ പ്രതികരിക്കുന്നുണ്ട്. വീട്ടില്‍ നാളെ മുതല്‍ എല്‍.ഇ.ഡി സ്റ്റാര്‍ തൂക്കും. മകരനക്ഷത്രം ആകാശത്ത് നോക്കി കണ്ടോളാമെന്ന് ശ്രീജിത്ത് പുത്തന്‍പുരക്കല്‍ പ്രതികരിച്ചു.
‘കുരിശ് കൃഷിക്കാരനായ തോമസ് എഡിസണ്‍ കണ്ടുപിടിച്ച ബള്‍ബിന് പകരം ഹൈന്ദവ സ്വാഭിമാനത്തിന്റെ ചിഹ്നമായ ചൂട്ട് ഉപയോഗിക്കുക,’ എന്ന പ്രതികരണവും സോഷ്യല്‍ മീഡിയയിലുണ്ട്. ക്രിസ്മസ് പാപ്പയ്ക്ക് പകരം അയ്യപ്പനും കരോളിന് പകരം പേട്ട തുള്ളലും വരട്ടെ എന്നും സോഷ്യല്‍ മീഡിയ പരിഹസിച്ചു.
കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ അടക്കമുള്ളവര്‍ വിദ്വേഷ പ്രചരണത്തില്‍ പ്രതികരിച്ചിരുന്നു. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നുവെന്നാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചിരുന്നു.
ഒരുവശത്ത് ക്രൈസ്തവരെ ബി.ജെ.പിയോട് അടുപ്പിക്കാന്‍ വേണ്ടി നാടകം കളിക്കുന്നുവെന്നും മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണമെന്നു പറഞ്ഞിരുന്നു.
തുടര്‍ന്ന് ആര്‍ഷ പ്യൂര്‍ പൂജ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ പരസ്യം പ്രചരിച്ചത്. ഇതിനുപിന്നാലെ പോസ്റ്റര്‍ നിര്‍മിച്ചതും പ്രചരിപ്പിച്ചതും തങ്ങളല്ലെന്ന് സ്ഥാപനം പ്രതികരിക്കുകയും ചെയ്തിരുന്നു.
Content Highlight: Radical Hindutvaists have once again weaponized the month of December and Christmas