| Monday, 5th August 2024, 8:43 am

വഖഫ് സ്വത്തുക്കളില്‍ കണ്ണുവെച്ച് തീവ്രഹിന്ദുത്വര്‍; വഖഫ് ബോര്‍ഡുകളുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി മോദി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വഖഫ് ബോര്‍ഡുകള്‍ക്ക് കീഴിലുള്ള പൈതൃക സ്വത്തുക്കളില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ അവകാശവാദം ഉന്നയിക്കുന്നതിനിടെ വഖഫ് ബോര്‍ഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലുള്ള നിരവധി വഖഫ് സ്വത്തുകളുള്ള മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം.

വഖഫ് ബോര്‍ഡുകളുടെ അധികാരം വെട്ടിക്കുറക്കുന്ന തരത്തിലുള്ള നിയമനിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1995ലെ കേന്ദ്രവഖഫ് നിയമത്തില്‍ നാല്‍പതിലധികം ഭേദഗതികള്‍ വരുത്തുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് വാര്‍ത്തകള്‍. വഖഫ് ബോര്‍ഡുകളുടെ സ്വയംഭരണാധികാരത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഭേദഗതികള്‍. ഇതിന് കേന്ദ്ര മന്ത്രിസഭയോഗം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

വഖഫ് സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിന് വഖഫ് ബോര്‍ഡിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും പുതിയ ബില്ലിലെ വ്യവസ്ഥകള്‍. വഖഫ് സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിന് മുമ്പായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടി വരുമെന്നാണ് പുതിയ ബില്ലിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇത് ഭൂമിയും,കെട്ടിടവും ഉള്‍പ്പെടെയുള്ള വസ്തുക്കളെ വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതിന് വഖഫ്‌ബോര്‍ഡിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും.

വസ്തുവകകള്‍ വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതിനുള്ള വഖഫ് ബോര്‍ഡിന്റെ അധികാരം പരിമിതപ്പെടുത്തുന്നായിരിക്കും പുതിയ വ്യവസ്ഥകള്‍. വഖഫ് സ്വത്തുക്കളുടെ മേല്‍ ജില്ല മജിസ്‌ട്രേറ്റുമാരുടെ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും പുതിയ ബില്ലില്‍ പറയുന്നുണ്ട്. വഖഫ് സ്വത്തുകളുടെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളിലും കൂടുതല്‍ പരിശോധനയുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു.

ദാനമായി ലഭിച്ചിട്ടുള്ളതും വിജ്ഞാപനങ്ങളിലൂടെ ലഭിച്ചിട്ടുള്ളതുമായ സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും അവയുടെ നടത്തിപ്പിനുള്ള അവകാശവും വഖഫ് ബോര്‍ഡുകള്‍ക്ക് ലഭിക്കുന്നതാണ് 1995ലെ കേന്ദ്ര വഖഫ് നിയമം. ഈ നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ 9.4 ലക്ഷം ഏക്കറുകളിലായി 8.7 ലക്ഷം വസ്തുവകകള്‍ രാജ്യത്താകെയുള്ള വഖഫ് ബോര്‍ഡുകള്‍ക്ക് കീഴിലുണ്ട്.

content highlights: Radical Hindus eyeing Waqf properties; Modi government is planning to curtail the powers of Waqf Boards

We use cookies to give you the best possible experience. Learn more