വിജയവാഡ: മുസ്‌ലിം ലീഗിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനു പിന്നില്‍ തങ്ങളല്ലെന്ന വിശദീകരണവുമായി രോഹിത് വെമുലയുടെ കുടുംബം. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹാക്ക് ചെയ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ മുതലുള്ളപോസ്റ്റുകള്‍ തന്റെ അറിവോടെയുള്ളതല്ലെന്നുമാണ് രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുല തുറന്നകത്തിലൂടെ അറിയിച്ചിരിക്കുന്നത്.
രാജാവെമുലയുടെ തുറന്നകത്ത് രോഹിത് വെമുലയുടെ മാതാവ് രാധികാ വെമുല ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
“രാവിലെ മുതല്‍ എന്റെ എഫ്.ബി പേജില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതൊന്നും എന്റെ അറിവോടെയല്ല. രാവിലെ മുതല്‍ സിഗ്നലുപോലും കിട്ടാത്ത ഒരു ഗ്രാമത്തിലായിരുന്നു ഞാന്‍. ഇന്നുവരെ എന്റെ എഫ്.ബി സുഹൃത്തുക്കളുടെ പട്ടികയില്‍ ഇല്ലാത്ത ഒരാളുമായും ഞാന്‍ ചാറ്റ് ചെയ്തിട്ടില്ല.” തുറന്ന കത്തില്‍ രാജാ വെമുല പറയുന്നു.
“എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും മോദിയ്‌ക്കെതിരെ സംസാരിക്കാന്‍ കേരളത്തിലെ ഐ.യു.എം.എല്‍ പാര്‍ട്ടിയില്‍ നിന്നും അവര്‍ പണം വാങ്ങിയെന്ന് പറഞ്ഞുകൊണ്ട് എന്റെ അമ്മയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. അത് അസത്യവും അസംബന്ധവുമാണ്. ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ട് ഐ.യു.എം.എല്‍ വീട് നിര്‍മ്മിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. അവര്‍ ആ വാക്കില്‍ ഉറച്ചുനില്‍ക്കുകയാണ്.” എന്നും അദ്ദേഹം വിശദീകരിച്ചു.
“യൂ ബ്ലഡി സംഘി ഐ.ടി റാസ്‌കല്‍സ് നിങ്ങളുടെ ഗൂഢാലോചന അവസാനിപ്പിക്കൂ ” എന്നു പറഞ്ഞാണ് രാജാ വെമുല കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുസ്‌ലിം ലീഗ് വീട് നിര്‍മ്മിക്കാന്‍ വാഗ്ദാനം ചെയ്ത ഇരുപത് ലക്ഷം രൂപ തന്നില്ലെന്ന് രാധികാ വെമുല ആരോപിച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തന്നെ ഉപയോഗിച്ച് മുസ്ലീം ലീഗ് രാഷ്ട്രീയ ലാഭം ഉണ്ടാക്കിയെന്നും രാധികാ വെമുലയുടേതെന്ന പേരില്‍ പുറത്തിറക്കപ്പെട്ട പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.
ആരോപണം തള്ളി മുസ്‌ലിം ലീഗ് രംഗത്തുവന്നിരുന്നു. തങ്ങള്‍ വാഗ്ദാനം ചെയ്ത തുക ഉടനെ നല്‍കും, ഇതില്‍ അഞ്ച് ലക്ഷം രൂപ നല്‍കി കഴിഞ്ഞിട്ടുണ്ട്. ചില സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് ബാക്കി തുക നല്‍കാന്‍ കഴിയാത്തതെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.
രാധികാ വെമുലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ മകന്‍ രാജാ വെമുലയുടെ എഫ്.ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.
തുറന്നകത്ത്…
എന്റെ എഫ്.ബി അക്കൗണ്ട് ഇന്ന് ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെ മുതല്‍ സോഫ്റ്റുവെയര്‍ പ്രശ്‌നങ്ങള്‍ കാരണം എന്റെ മൊബൈലില്‍ നിന്നുവരെ എനിക്ക് എഫ്.ബി ഉപയോഗിക്കാന്‍ കഴിയുന്നില്ല. (ഇത് എന്റെ മാതാവിന്റെ പുതിയ ഫോണില്‍ നിന്നും ചെയ്യുകയാണ്)
അതിനിടെ,
എം.എസ് രാമ റാവു എന്ന വ്യക്തി രാധികാ വെമുലയുടെ പേജില്‍ കമന്റു ചെയ്തു. (ആദ്യ ചിത്രം)
എന്റെ ഒരു സുഹൃത്ത് ആ പോസ്റ്റ് ഷെയര്‍ ചെയ്തു നല്‍കുംവരെ എനിക്ക് അത് കാണാന്‍ കഴിഞ്ഞിരുന്നില്ല. എം.എസ് രാമ റാവുയെന്നയാള്‍ക്ക് ഞാന്‍ പോലും അറിയാതെ ഞാന്‍ എന്റെ മെസഞ്ചറില്‍ നിന്ന് മറുപടി നല്‍കിയെന്ന് കണ്ട് ഞാന്‍ ഞെട്ടിപ്പോയി.
രാവിലെ മുതല്‍ എന്റെ എഫ്.ബി പേജില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതൊന്നും എന്റെ അറിവോടെയല്ല. രാവിലെ മുതല്‍ സിഗ്നലുപോലും കിട്ടാത്ത ഒരു ഗ്രാമത്തിലായിരുന്നു ഞാന്‍. ഇന്നുവരെ എന്റെ എഫ്.ബി സുഹൃത്തുക്കളുടെ പട്ടികയില്‍ ഇല്ലാത്ത ഒരാളുമായും ഞാന്‍ ചാറ്റ് ചെയ്തിട്ടില്ല.
എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും മോദിയ്‌ക്കെതിരെ സംസാരിക്കാന്‍ കേരളത്തിലെ ഐ.യു.എം.എല്‍ പാര്‍ട്ടിയില്‍ നിന്നും അവര്‍ പണം വാങ്ങിയെന്ന് പറഞ്ഞുകൊണ്ട് എന്റെ അമ്മയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. അത് അസത്യവും അസംബന്ധവുമാണ്. ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ട് ഐ.യു.എം.എല്‍ വീട് നിര്‍മ്മിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. അവര്‍ ആ വാക്കില്‍ ഉറച്ചുനില്‍ക്കുകയാണ്.
“യൂ ബ്ലഡി സംഘി ഐ.ടി റാസ്‌കല്‍, നിങ്ങളുടെ ഗൂഢാലോചന അവസാനിപ്പിക്കൂ,
ജയ് ഭീം
രാജാ വെമുല