മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രാധിക. 1978ല്‍ ഭാരതിരാജയുടെ കിഴക്കേ പോഗം റെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാധിക തന്റെ കരിയര്‍ ആരംഭിക്കുന്നത്. ശേഷം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചിരുന്നു.
തമിഴിലെ മുന്‍നിര താരങ്ങളുടെ കൂടെയെല്ലാം സിനിമ ചെയ്ത രാധിക മലയാളത്തില്‍ പത്തോളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ശിവാജി ഗണേശന്‍ കഴിഞ്ഞാല്‍ പെര്‍ഫെക്ഷന്‍ നോക്കുന്ന നടന്‍ രജിനികാന്താണെന്ന് പറയുകയാണ് രാധിക.
മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഇന്നും താന്‍ അത്ഭുതത്തോടെ കാണുന്ന നടന്‍ മോഹന്‍ലാലാണെന്നും രാധിക പറയുന്നു. ഒപ്പം കമല്‍ ഹാസന്‍, വിജയകാന്ത്, സത്യരാജ്, മോഹന്‍, പ്രഭു എന്നിവരെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു.
‘ശിവാജി സാര്‍ കഴിഞ്ഞാല്‍ പെര്‍ഫെക്ഷന്‍ നോക്കുന്ന നടന്‍ രജിനി സാറാണ്. തമിഴില്‍ അദ്ദേഹത്തോടൊപ്പം ഒട്ടനവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ സിനിമയിലെത്തി പത്ത് വര്‍ഷത്തിന് ശേഷമാണ് കമലിന്റെ (കമല്‍ ഹാസന്‍) ജോഡിയായി ചിപ്പിക്കുള്‍ മുത്ത് എന്ന സിനിമയില്‍ അഭിനയിക്കുന്നത്.
അതിലെ കഥാപാത്രം എനിക്ക് നല്ല നടിയെന്ന സല്‍പ്പേര് നേടി തന്നു. വിജയകാന്ത്, സത്യരാജ്, മോഹന്‍ ഇവര്‍ക്കൊപ്പവും ഒട്ടനവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ഈ മൂന്നുപേരുമായും എണ്‍പതുകളില്‍ തുടങ്ങിയ എന്റെ സൗഹൃദം ഇന്നും തുടരുന്നുണ്ട്.
ഞാന്‍ ഒരു പടത്തിന്റെ ഷൂട്ടിങ്ങിന് വളരെ ഉത്സാഹത്തോടെ പോകുന്നുവെങ്കില്‍ ആ സിനിമയില്‍ തീര്‍ച്ചയായും പ്രഭു ഉണ്ടായിരിക്കും. സിനിമയില്‍ വരുന്നതിന് മുമ്പേ ഞാനും പ്രഭുവും അടുത്ത ഫ്രണ്ട്‌സായിരുന്നു. ഞങ്ങള്‍ ഒന്നിച്ചുചേര്‍ന്നാല്‍ ഷൂട്ടിങ് ലൊക്കേഷന്‍ തന്നെ ചന്ത പോലെയാവും. എന്നാല്‍ ഇന്നും ഞാന്‍ അത്ഭുതത്തോടെ കാണുന്ന നടന്‍ മോഹന്‍ലാലാണ്,’ രാധിക പറഞ്ഞു.
Content Highlight: Radhika Talks About Mohanlal And Rajinikanth