ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രാധിക. 1992ല്‍ പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനി എന്ന സിനിമയിലൂടെ ബാലതാരമായാണ് രാധിക ആദ്യമായി സിനിമയിലേക്ക് എത്തുന്നത്.
പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷം രാധിക അഭിനയിച്ച് 2023ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആയിഷ. ഈ സിനിമയില്‍ മഞ്ജു വാര്യരായിരുന്നു നായികയായി എത്തിയത്.
ഒരു ഇടവേളക്ക് ശേഷം മഞ്ജുവിനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചത് സന്തോഷം നല്‍കിയ കാര്യമായിരുന്നുവെന്ന് പറയുകയാണ് രാധിക.
സ്‌ക്രീനില്‍ കണ്ട് ആരാധിച്ചിരുന്ന മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന ഒരു ആകാംക്ഷയുണ്ടായിരുന്നെന്നും നടി പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാധിക.
‘ഒരു ബ്രേക്കിന് ശേഷം മഞ്ജു ചേച്ചിക്കൊപ്പമുള്ള സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചത് സന്തോഷം നല്‍കിയ കാര്യമായിരുന്നു. ഒപ്പം അനുഗൃഹീതവുമാണ്. നമ്മളെല്ലാം സ്‌ക്രീനില്‍ കണ്ട് ആരാധിച്ചിരുന്ന മഞ്ജുചേച്ചിക്കൊപ്പം അഭിനയിക്കുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന ഒരു ആകാംക്ഷയുണ്ടായിരുന്നു.
പക്ഷേ ചേച്ചി കൂള്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ പെട്ടെന്ന് കംഫര്‍ട്ടായി. ബ്രേക്കിന് ശേഷം അഭിനയിക്കുന്നതിന്റെ വേവലാതി ഞാന്‍ ചേച്ചിയോട് പറഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞത് അപ്പോള്‍ എന്നെ നോക്ക് എന്നായിരുന്നു. അതുതന്നെയല്ലേ നമ്മുടെയെല്ലാം പ്രചോദനം. എന്റെ സീനുകള്‍ മുഴുവനും ചേച്ചിക്കൊപ്പമായിരുന്നു. നല്ലൊരു അനുഭവമായിരുന്നു,’ രാധിക പറഞ്ഞു.
തുടക്കം മുതല്‍ക്കുള്ള തന്റെ കരിയറെടുത്ത് നോക്കിയാല്‍ ചെറിയ ബ്രേക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതൊന്നും പ്രതീക്ഷിച്ചതല്ലെന്നും നടി അഭിമുഖത്തില്‍ പറയുന്നു. നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാലും സാധ്യതകള്‍ അനുകൂലമായാലും ഇനിയും ഒരുപാട് സിനിമകളുടെ ഭാഗമാവുമെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
‘മനപൂര്‍വ്വം അല്ലാതെ തുടക്കം മുതല്‍ എന്റെ കരിയര്‍ എടുത്ത് നോക്കിയാല്‍ ചെറിയ ബ്രേക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അതൊന്നും പ്രതീക്ഷിച്ചതല്ല. ഞാന്‍ സിനിമ ചെയ്യില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല.
ഇനി തുടര്‍ച്ചയായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരിക്കുമോയെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. നമ്മള്‍ പ്ലാന്‍ ചെയ്യുന്ന പോലയല്ലല്ലോ കാര്യങ്ങള്‍ നടക്കാറുള്ളത്. നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍, സാധ്യതകള്‍ എല്ലാം അനുകൂലമായാല്‍ ഇനിയും ഒരുപാട് സിനിമകളുടെ ഭാഗമാവും. എനിക്ക് സിനിമ സന്തോഷം നല്‍കുന്ന ഒന്നാണ്,’ രാധിക പറഞ്ഞു.
Content Highlight: Radhika Talks About Manju Warrier And Ayisha Movie