| Wednesday, 25th January 2023, 9:08 am

ക്ലാസ്‌മേറ്റ്‌സിലെ റസിയയെ മറക്കാത്ത പ്രേക്ഷകര്‍; ആയിഷയില്‍ രാധിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മഞ്ജു വാര്യരാണ് ആയിഷയായി ചിത്രത്തില്‍ എത്തിയത്.

ഗദ്ദാമയായി സൗദിയില്‍ എത്തുന്ന ആയിഷയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ രാധികയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഷ എന്നാണ് രാധിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആയിഷയെ സഹായിക്കുന്ന ചിത്രത്തിലെ ഗദ്ദാമമാരില്‍ ഒരാളാണ് നിഷ.

ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ ഇന്നും രാധികയെ ഓര്‍ക്കുന്നത് ക്ലാസ്‌മേറ്റസ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ്. റസിയ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ രാധിക അഭിനയിച്ചത്.

ആയിഷയിലും കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ല. മറ്റ് ആയമാരില്‍ ഒരാള്‍ മാത്രമാണ് രാധിക. മഞ്ജു വാര്യരുമായി കുറച്ചധികം കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തില്‍ രാധികക്കുണ്ട്. ചുരുങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് എത്തുന്നുള്ളുവെങ്കിലും ആ ഭാഗങ്ങള്‍ മികച്ചതാക്കാന്‍ താരം ശ്രമിച്ചിട്ടുണ്ട്.

ആയിഷയെന്ന കഥാപാത്രം നിലമ്പൂര്‍ ആയിഷയാണെന്നും നടിയാണെന്നും ആദ്യം തിരിച്ചറിയുന്നത് നിഷ എന്ന കഥാപാത്രം തന്നെയാണ്. ചിത്രത്തില്‍ പര്‍ദ്ദ ഇട്ട സീനുകളില്‍ രാധികയെ കാണാന്‍ റസിയെ പോലെ തന്നെയുണ്ട്.

ക്ലാസ്‌മേറ്റ്‌സിന് ശേഷം പത്തില്‍ കൂടുതല്‍ ചിത്രങ്ങളില്‍ രാധിക അഭിനയിച്ചിട്ടുണ്ടെങ്കിലും റസിയ എന്ന കഥാപാത്രത്തെ പോലെ പ്രേക്ഷകരുടെ ഉള്ളില്‍ നില്‍ക്കാന്‍ രാധികയുടെ മറ്റ് കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് താരം തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

ആയിഷയിലും അതുപോലെയുള്ള ഒരു കഥാപാത്രം തന്നെയാണ് നിഷ. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രവും മോണ എന്ന നടി ചെയ്ത മാമ്മ എന്ന കഥാപാത്രത്തെയുമാണ് ചിത്രത്തില്‍ പ്രേക്ഷകര്‍ ഓര്‍ത്ത് വെക്കുകയുള്ളു.

രാധികക്ക് പുറമെ സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കൂടുതല്‍ ഭാഗത്തും അറബിയാണ് സിനിമ സംസാരിക്കുന്നത്. കൂടാതെ വിവിധ ഭാഷകളും സിനിമയില്‍ കടന്നുവരുന്നുണ്ട്.

content highlight: radhika’s performance in the movie ayisha

We use cookies to give you the best possible experience. Learn more