| Sunday, 31st March 2019, 9:17 pm

ബന്ധുവാര് ശത്രുവാര്?

രാധേയന്‍

രാഷ്ട്രീയത്തില്‍ ഏറ്റവുമധികം വേണ്ട സിദ്ധി എന്താണ് എന്ന് ചോദിച്ചാല്‍ പരിണതപ്രജ്ഞനായ ഏതു രാഷ്ട്രീയക്കാരനും പറയുക ദൂരക്കാഴ്ച എന്നതാകും. കൃത്യമായി പറഞ്ഞാല്‍ അത് ദൂരക്കാഴ്ച മാത്രമല്ല, സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളുടെ ഒരു ത്രിമാന ചിത്രം കാണുവാനുള്ള കഴിവാണ് നിങ്ങളെ ഏറ്റവും മികച്ച രാഷ്ട്രീയക്കാരന്‍ ആക്കുന്നത്.

എങ്ങനെയാണ് ഈ സിദ്ധി നേടുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. നിരീക്ഷണമാണ് ഏറ്റവും പ്രധാനമായ കാര്യം. സ്വന്തം ബുദ്ധികൊണ്ട് വിഷയങ്ങളെ അപഗ്രഥിച്ച് ചിന്തിക്കുന്ന കഴിവാണ് രണ്ടാമത് വേണ്ടത്. നല്ല ഉപദേശകര്‍ ഈ രണ്ട് ജോലിയും ചെയ്യും. പക്ഷേ അപ്പോഴും പൂര്‍ണമായും ഉപദേശകരെ ആശ്രയിക്കുക എന്നത് വലിയ റിസ്‌കാണ്. രാഹുല്‍ഗാന്ധിയുടെ കാഴ്ച്ചവട്ടത്തിന്റെ പരിമിതികള്‍ വിളിച്ചു പറയുന്നതായി വയനാടന്‍ അങ്കത്തിന് ആയിട്ടുള്ള ഈ കച്ചമുറുക്കല്‍.

Read Also :”സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ആവശ്യപ്പെടുന്നത് പരാജയ ഭീതി കൊണ്ടോ?”: കോൺഗ്രസിനോട് കാനം രാജേന്ദ്രൻ

Read Also :അമേഠിയില്‍ തോല്‍ക്കുമെന്ന ഭയം; രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് അമിത് ഷാ

രാഷ്ട്രീയത്തില്‍ വന്ന കാലം മുതല്‍ രാഹുല്‍ ഗാന്ധി കേട്ട വിമര്‍ശനങ്ങളില്‍ ഏറിയപങ്കും പെരുമാറ്റത്തിലെ സ്ഥിരത ഇല്ലായ്മയെ കുറിച്ചായിരുന്നു. ചപലത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. പക്ഷേ പില്‍ക്കാലത്ത് വളരെ ശ്രദ്ധിച്ച് ഈ വിമര്‍ശനത്തില്‍ നിന്നും മോചിതനാവാന്‍ രാഹുല്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. രാഹുലിനെ മുന്‍നിര്‍ത്തി ഒരു പ്രതീക്ഷ വളര്‍ന്നുവരാന്‍ ഈ മാറ്റം വലിയതോതില്‍ സഹായിച്ചിട്ടുണ്ട്.

ഐ ഗ്രൂപ്പിന്റെ ഏറ്റവും ഉറച്ച സീറ്റ് എ ഗ്രൂപ്പ് സമര്‍ത്ഥമായ രീതിയില്‍ അടിച്ചു മാറ്റിയതാണ് രാഹുലിനെ കേരളത്തിലേക്ക് എത്തിക്കുവാന്‍ ഇടയാക്കിയ സംഭവ വികാസങ്ങളുടെ തുടക്കം. കൃത്യമായി ഇറക്കുവാന്‍ ഒരു സ്ഥാനാര്‍ത്ഥി ഇല്ലാതെ പോയതാണ് ഐ ഗ്രൂപ്പിന് വിനയായത്. തെക്കന്‍ കേരളത്തില്‍ നിന്നും ഷാനിമോള്‍ വയനാട് മത്സരിക്കാന്‍ ചെല്ലുന്നത് ചിലപ്പോള്‍ തിരിച്ചടിക്കും എന്നൊരു തോന്നല്‍ പൊതുവില്‍ നേതൃത്വത്തിന് ഉണ്ടായിരുന്നു.

അവസാനഘട്ടത്തില്‍ രണ്ടു പേര്‍ വന്നത് എ ഗ്രൂപ്പില്‍ നിന്ന്. ഹിന്ദുവായ വി.വി പ്രകാശിനു മുകളില്‍ ഒരു ചെറിയ മുന്‍തൂക്കം സിദ്ദിഖിന് ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി അതില്‍ പിടിച്ചു കയറി. ഒരുപക്ഷേ അടുത്ത 30 കൊല്ലത്തേക്ക് ആ സീറ്റ് കൈവിട്ടുപോയി എന്ന് ഐ ഗ്രൂപ്പുകാര്‍ക്ക് മനസ്സിലായി വന്നപ്പോഴേക്കും സംഗതി ഉമ്മന്‍ചാണ്ടി കൊണ്ടുപോയിരുന്നു.

പകരം ഇടുക്കി വാങ്ങിക്കുവാന്‍ ഐ ഗ്രൂപ്പിന് കഴിഞ്ഞില്ല. ഈ സാഹചര്യമാണ് രാഹുല്‍ ഗാന്ധി വരട്ടെ എന്നൊരു ചിന്ത വേണുഗോപാല്‍ വഴി ഹൈക്കമാന്‍ഡില്‍ കുത്തി വയ്ക്കുവാന്‍ ഐ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് തോന്നിക്കാന്‍ ഇടയാക്കിയത്. പക്ഷേ ഏതോ വഴിയില്‍ അത് മണത്തറിഞ്ഞ ഉമ്മന്‍ചാണ്ടി സംഗതി പബ്ലിഷ് ആക്കി ത്യാഗി ചമഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം രണ്ടായിരുന്നു.

രാഹുല്‍ വേണ്ട എന്ന് പറഞ്ഞാല്‍ സിദ്ദിഖിന്റെ കാര്യം ഉറപ്പാക്കുക, ഇനി രാഹുല്‍ വരുന്ന കാര്യം ചര്‍ച്ചയായി വന്നാല്‍ അയ്ന്റാള് ഞമ്മളാണ് എന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കുക.

ചുരുക്കത്തില്‍ മൂന്നാം കിട ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് അപ്പുറത്തേക്ക് ഒന്നും പ്രസക്തമല്ലാതിരുന്ന ഒരു തിരക്കഥയായിരുന്നു രാഹുല്‍ വയനാട്ടില്‍ മത്സരിക്കും എന്നത്. ആദ്യഘട്ടത്തില്‍ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ കെ.പി.സി.സി അധ്യക്ഷന്‍ വാ പൊളിച്ചു നിന്നത് ഇതുകൊണ്ടാണ്.

പക്ഷേ സര്‍പ്പ കാട്ടില്‍ കാര്‍ക്കിച്ച അവസ്ഥയിലായി രാഹുല്‍ ഗാന്ധി. വിഴുങ്ങാനും വയ്യ തുപ്പാനും വയ്യ. ആദ്യദിവസം നിഷേധിച്ചിരുന്നു എങ്കില്‍ വലിയ പരിക്കുകളില്ലാതെ പുറത്തു വരുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. എന്നാല്‍ തന്റെ, തേച്ചാലും മായ്ച്ചാലും പോകാത്ത, ഉചിതമായ സമയത്ത് തീരുമാനമെടുക്കുവാന്‍ ഉള്ള കഴിവില്ലായ്മ, ഈ ഘട്ടത്തില്‍ രാഹുലിന് ബാധ്യതയായി. പരിഹാരം നീണ്ടുപോയപ്പോള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ബ്ലാക്ക് മെയിലിങ്ങിലേക്ക് നീങ്ങി. ലീഗിനെ കൊണ്ട് അവര്‍ പ്രതിഷേധ നാടകം കെട്ടിച്ചു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കുക? ഒരുപക്ഷേ ആദ്യത്തെ ആവേശത്തിന് ഒപ്പം അദ്ദേഹം കേരളത്തിലേക്ക് തുഴഞ്ഞിരുന്നെങ്കില്‍ യു.ഡി.എഫ് നേതൃത്വം ആഗ്രഹിക്കുന്ന ഒരു തരംഗം സൃഷ്ടിക്കുവാന്‍ കഴിയിമായിരുന്നേനെ. പുതിയ ഒരു സാഹചര്യത്തില്‍, എന്തു ഫലമാണ് രാഹുല്‍ വരുന്നതുകൊണ്ട് ഉണ്ടാവുക എന്നത് കാത്തിരുന്നു കാണേണ്ടി വരും.

അതേസമയം ബി.ജെ.പി ഈ സാഹചര്യം വടക്കേ ഇന്ത്യയില്‍ പലവിധത്തില്‍ ഉപയോഗിക്കുകയും ദുര്യുപയോഗിക്കുകയും ചെയ്യും. രാഹുല്‍ ഗാന്ധി ഭയന്ന് കേരളത്തിലേക്ക് ഓടി എന്നത് അവര്‍ക്ക് നേരെ തന്നെ പ്രചരിപ്പിക്കുവാന്‍ കഴിയുന്ന സംഗതി ആണെങ്കില്‍ ന്യൂനപക്ഷ കോട്ടയില്‍ അഭയംതേടിയ രാഹുലിന്റെ ഇന്നോളം കെട്ടിപ്പൊക്കിയ മൃദു ഹിന്ദു പരിവേഷം അവര്‍ കാതോടു കാതോരം പറയുന്ന കഥകളില്‍ പൊളിച്ചടുക്കും.

ഒരു പരിധി കൂടി കടന്ന് മുസ്‌ലിം ലീഗിന്റെ കൊടി തണലില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷനെ പാക്കിസ്ഥാന്‍ കൊടിയുടെ കീഴില്‍ നില്‍ക്കുന്ന ആളായി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കപ്പെടും. വളരെ നിര്‍ണായകമായ മറ്റൊന്ന് രാജ്യത്ത് തെരഞ്ഞെടുപ്പിനുശേഷം ഉരുത്തിരിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇടതുപക്ഷത്ത് നിന്നും വലിയ മുന്‍കൈകള്‍ ഒന്നും കിട്ടി എന്ന് വരില്ല.

ആദ്യം പറഞ്ഞ ത്രിമാനത്തില്‍ ഉള്ള ദൂരക്കാഴ്ചയോടെ കുറവ് രാഹുലിന് ദോഷമായി ഭവിക്കും. അതിലുമപ്പുറം തങ്ങളുടെ മൂക്കിന്‍ തുമ്പ് വരെ മാത്രം കാഴ്ചയുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിശ്വാസത്തില്‍ എടുക്കുന്നത് എത്ര ഭീമമായ അബദ്ധമാണ് എന്നതും രാഹുലിന് മനസ്സില്‍ ആയേക്കും.

ഇടതുപക്ഷം ഈ സംഭവത്തോടു കൂടി ശക്തമായ വെല്ലുവിളി നേരിടുന്നുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. കോണ്‍ഗ്രസിന് പുറത്ത് രാഹുല്‍ ഗാന്ധി ചലനങ്ങള്‍ സൃഷ്ടിച്ചാല്‍ ഒരുപക്ഷേ കയ്യാല പുറത്തിരിക്കുന്ന ഒന്നോരണ്ടോ സീറ്റുകള്‍ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടു എന്നു വരാം. അത്തരമൊരു ചലനം സൃഷ്ടിക്കുവാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. മറ്റൊന്ന് ചില മണ്ഡലങ്ങളിലെങ്കിലും സാധ്യതയുള്ള കോലിബി സഖ്യത്തിനെതിരെ വലിയ ആക്രമണങ്ങള്‍ക്ക് കോപ്പ് കൂട്ടുവാന്‍ ഇടതുപക്ഷത്തിന് രാഹുല്‍ഗാന്ധിയുടെ വരവ് ബുദ്ധിമുട്ട് സൃഷ്ടിക്കും.

അതേസമയംതന്നെ പിണറായി വിജയന്‍ എന്ന സൈന്യാധിപന് തന്റെ കഴിവു തെളിയിക്കുവാന്‍ ഒരു കനത്ത വെല്ലുവിളി മുന്നില്‍ കിട്ടിയിരിക്കുകയാണ്. പ്രളയവും ശബരിമലയും സാമാന്യം ഭേദപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്തു എന്ന് ചിന്താശേഷിയുള്ള മനുഷ്യരെക്കൊണ്ട് പറയിപ്പിച്ച പിണറായിക്ക് ഈ രാഷ്ട്രീയ വെല്ലുവിളി ഏറ്റെടുക്കുവാന്‍ കഴിയുമോ? ചുരുക്കത്തില്‍ രാഹുല്‍ Vs പിണറായി എന്ന ഒരു തോന്നല്‍ ഉളവാക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞാല്‍ ഒരുപക്ഷേ വെല്ലുവിളികളില്‍ ഒരു സാധ്യത കണ്ടെത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും.

രാധേയന്‍

We use cookies to give you the best possible experience. Learn more