| Monday, 28th August 2017, 9:13 am

മോദി സന്യാസിയാണ്, അദ്ദേഹത്തിന്റെ തീരുമാനങ്ങളെല്ലാം രാജ്യനന്മയ്‌ക്കെന്ന് ആള്‍ദൈവം രാധേ മാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സന്യാസിയാണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടിയാണെന്നും വിവാദ ആള്‍ദൈവം രാധേ മാ. ഗുര്‍മീത് റാം റഹീം സിങ് ശിക്ഷിക്കപ്പെട്ടതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു രാധേ മായുടെ പ്രതികരണം.

രാധേ മായെ തട്ടിപ്പുകാരിയായ ആത്മീയ ഗുരുവെന്ന് നടന്‍ ഋഷി കപൂര്‍ വിശേഷിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഋഷി കപൂറിനെ ഭഗവാന്‍ ശിവന്‍ രക്ഷിക്കട്ടെയെന്നായിരുന്നു രാധേ മായുടെ പ്രതികരണം. “ഋഷി കപൂര്‍ നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു പാപവും ചെയ്തിട്ടില്ല. അതുകൊണ്ട് എനിക്കെതിരെ ഒരു പ്രസ്താവന നടത്തി. അദ്ദേഹത്തിന്റെ ശിവ ഭഗവാന്‍ മറുപടി നല്‍കും.” എന്നാണ് അവര്‍ പറഞ്ഞത്.


Also Read: എണ്ണാമെങ്കില്‍ എണ്ണിക്കോളൂ ബി.ജെ.പിയെ വെല്ലുവിളിച്ച് ലാലുപ്രസാദ്; പ്രളയത്തെയും മറികടന്ന് ജനലക്ഷങ്ങളെത്തിയത് ബി.ജെ.പി വിരുദ്ധ വികാരവുമായി


ഗുര്‍മീത് റാം റഹീം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കലാപമുണ്ടായതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ എല്ലാം ദൈവഹിതമാണെന്നായിരുന്നു അവരുടെ പ്രതികരണം.

“ഞാന്‍ കൂടുതലൊന്നും ചിന്തിക്കാറില്ല. എന്റെ ആളുകള്‍ക്കൊപ്പം ഞാന്‍ കഴിയുന്നു. ശിവ ഭഗവാനെ ആരാധിക്കുന്നതിന്റെ തിരക്കിലാണ് ഞാന്‍. വളരെ വിരളമായാണ് ഞാന്‍ വീട്ടില്‍ നിന്നുപോലും പുറത്തിറങ്ങാറുള്ളത്. സംഭവിക്കുന്നതെല്ലാം ദൈവഹിതമാണ്.” അവര്‍ പറഞ്ഞു.

“വിവാദങ്ങള്‍ക്ക് ഞാനില്ല. ഞാനൊരു സന്യാസിയോ ഗുരുവോ അല്ല ഒരു അമ്മയാണ്. എല്ലാ സന്യാസിമാരെയും ഗുരുക്കന്മാരെയും ഞാന്‍ ആദരിക്കുന്നു.” അവര്‍ പറഞ്ഞു.

“ചില്ലുകൊണ്ട് കൊട്ടാരങ്ങള്‍ തീര്‍ത്തവര്‍ക്ക് പരുക്കുപറ്റിയേക്കാം. അവരെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. എന്റെ വീട് കല്ലുകൊണ്ടുള്ളതാണ്. ഞാന്‍ ആദ്യം എന്റെ വീട് സംരക്ഷിക്കട്ടെ.” അവര്‍ പറഞ്ഞു.

2015ല്‍ രാധേ മായ്‌ക്കെതിരെ ഒരു യുവതി സ്ത്രീധന പീഡനക്കേസ് നല്‍കിയിരുന്നു. തന്റെ വീട്ടുകാരില്‍ നിന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടാന്‍ ഭര്‍തൃവീട്ടുകാരെ രാധേ മാ പ്രേരിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. കൂടാതെ രാധേ മായുടെ ആശ്രമത്തില്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ചെന്നും അവര്‍ ആരോപിച്ചിരുന്നു.

രാധേ മായ്‌ക്കെതിരെ നടി ഡോളി ബിന്ദ്ര ലൈംഗിക പീഡനകേസ് നല്‍കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more