തന്റെ സിനിമകളിലൂടെ ഇന്നും മലയാളികൾക്കിടയിൽ ജീവിക്കുന്ന സംവിധായകനാണ് പത്മരാജൻ. വ്യത്യസ്ത സിനിമകൾ സമ്മാനിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ്.
മോഹൻലാൽ – പത്മരാജൻ കൂട്ടുകെട്ടിൽ ഇറങ്ങിയ പ്രണയ ചിത്രങ്ങൾക്ക് ഇന്നും വലിയ ഫാൻ ബേസുണ്ട്. തൂവാനത്തുമ്പികളും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളുമെല്ലാം ഇന്നും പ്രേക്ഷകർ റിപ്പീറ്റടിച്ച് കാണുന്ന സിനിമകളാണ്.
അഭിനയത്തിൽ മോഹൻലാലിനുള്ള കഴിവിനെ കുറിച്ച് നന്നായി അറിയുന്ന വ്യക്തിയായിരുന്നു പത്മരാജനെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ ജീവിത പങ്കാളി രാധാലക്ഷ്മി. കഴിവുള്ള എല്ലാ അഭിനേതാക്കളോടും പത്മരാജന് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നുവെന്നും അങ്ങനെയുള്ളവരെ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്നും രാധാലക്ഷ്മി പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു രാധാലക്ഷ്മി.
‘ലാൽ വളരെ കഴിവുള്ള ഒരു നടനാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ടാലന്റുള്ളവരെയെല്ലാം അദ്ദേഹം എപ്പോഴും പരിഗണിച്ചിട്ടേയുള്ളൂ. അത് എത്തരത്തിലുള്ള ആളുകളാണെങ്കിലും. അവരോടൊക്കെ അദ്ദേഹത്തിന് ബഹുമാനവും സ്നേഹവുമുണ്ടായിരുന്നു. അങ്ങനെയുള്ള അഭിനേതാക്കളെ എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ടുവരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.
ലാലിനെ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് മറ്റുള്ളവരെ ഇഷ്ടമില്ലായിരുന്നുവെന്ന് അർത്ഥമില്ല. കഴിവുള്ള എല്ലാ ആളുകളോടും അദ്ദേഹത്തിന് നല്ല താത്‌പര്യമുണ്ടായിരുന്നു. അതുപോലെ അഭിനയിക്കാൻ അറിയാത്ത ചിലരെ കുറിച്ചും അദ്ദേഹം പറയാറുണ്ടായിരുന്നു,’ രാധാലക്ഷ്മി പത്മരാജൻ പറയുന്നു.
അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ എമ്പുരാന്റെ ഷൂട്ട് ഈയിടെ കഴിഞ്ഞിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലും മോഹൻലാൽ ഭാഗമാകുന്നുണ്ട്.
കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.
Content Highlight: Radhalakshmi Pathmarajan About Mohanlal