കോഴിക്കോട്: പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബംഗാളിന്റേതിനു സമാനമായ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണെന്ന് രാധാകൃഷ്ണന്‍ എം.ജി. “പിണറായിയുടേതും “ബുദ്ധദേവ്” മാര്‍ഗം; നിലം പൊത്താനൊരുങ്ങി ഇടതുപക്ഷം” എന്ന പേരില്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ എഴുതിയ ലേഖനത്തിലൂടെയാണ് പിണറായി സര്‍ക്കാരും തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണെന്ന് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.
ബംഗാളിലെ തകര്‍ച്ചയിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തോന്നുന്നത് കേരളവും ബംഗാളിന്റെ വഴിക്കാണെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. സര്‍ക്കാരിന്റെ ദയനീയ പ്രകടനവും ഭാവിയെ കുറിച്ച് പ്രതീക്ഷിക്കാന്‍ അത് വക തരുന്നില്ലെന്നതും ബി.ജെ.പിയുടെ വളര്‍ച്ചയും സൂചിപ്പിക്കുന്നത് കേരളത്തിലും ഇടതുപക്ഷത്തിന് ചിത ഒരുങ്ങുന്നു എന്നാണന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“മുന്‍പൊക്കെ സര്‍ക്കാരിന് അഞ്ച് വര്‍ഷം തികയുമ്പോഴാണ് ഭരണ വിരുദ്ധ വികാരം രൂക്ഷമാകുന്നതെങ്കില്‍ ഇക്കുറി ആദ്യമെ അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്. ഭരണ രംഗത്ത് ഇത്ര വേഗം, ഇത്ര പരാജയമായ മറ്റൊരു സര്‍ക്കാറുണ്ടായിട്ടില്ല. ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് കേരളം നാളെ ചിന്തിക്കുമോ?” അദ്ദേഹം ചോദിക്കുന്നു.
ബംഗാളില്‍ പാര്‍ട്ടിക്ക് സംഭവിച്ചത് സാമ്പത്തിക തകര്‍ച്ചയ്ക്ക് പരിഹാരം കാണുന്നതിനുണ്ടായ പരാജയവും ദീര്‍ഘകാലം ലഭിച്ച ഭരണം സൃഷ്ടിച്ച അഹങ്കാരവും അഴിമതിയും മുഖമുദ്രയാക്കിയ നേതൃത്വവുമാണെന്നും പറഞ്ഞ രാധാകൃഷ്ണന്‍ ബംഗാളിലെപ്പോലെ ദീര്‍ഘകാലം ഭരണത്തിലിരുന്നില്ലെങ്കിലും ഇതില്‍ ചിലതെല്ലാം പിണറായി സര്‍ക്കാരിനും ബാധകണാണെന്നതാണ് കേരളത്തിലെ ഇടതു പക്ഷവും ബംഗാളിന്റെ വഴിക്കാണെന്ന സൂചന നല്‍കുന്നതെന്നും വ്യക്തമാക്കി.
അതിന് ഉദാഹരണമായി കാര്‍ഷിക വ്യവസായിക മുരടിപ്പിന് സര്‍ക്കാരിന് ഇതുവരെ ഒരു പരിഹാരം നിര്‍ദേശവും കാണാന്‍ കഴിഞ്ഞില്ലെന്നത് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക വ്യവസ്ഥയുടെ പരാജയത്തിന് പുറമേ ബംഗാളിലെ തകര്‍ച്ചയുടെ മറ്റൊരു കാരണം പ്രാദേശിക നേതാക്കളുടെ അഴിമതിയും ധാര്‍ഷ്ട്യവും അവ തടയുന്നതില്‍ നേതൃത്വത്തിന്റെ പരാജയവുമായിരുന്നെന്നും അത് തന്നെയാണ് മൂന്നാറില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ബാലകൃഷ്ണ പിള്ളയെ കാബിനറ്റ് റാങ്കോടെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കുക കൂടി ചെയ്തതോടെ സ്ഥിതി സമ്പൂര്‍ണമായി വഷളായി. ഇവയെയൊക്കെ ജന, മാധ്യമ ശ്രദ്ധയില്‍ നിന്ന് മറയ്ക്കാനെങ്കിലും എന്തെങ്കിലും നല്ല കാര്യങ്ങള്‍ നടപ്പാക്കാനുള്ള സാമാന്യബുദ്ധി പോലും ഈ സര്‍ക്കാരിനില്ല.” അദ്ദേഹം കുറ്റപ്പെടുത്തി.
സാധാരണഗതിയില്‍ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും കുറച്ച് കാലം ജനങ്ങളുമായി ഒരു മധുവിധു കാലം ഉണ്ടാകാറുണ്ടെങ്കിലും ഈ സര്‍ക്കാരിന് അതുണ്ടായില്ലെന്നും അധികാരത്തില്‍ വന്ന് വേഗത്തില്‍ തന്നെ നിശിത വിമര്‍ശനങ്ങളാണ് ഏല്‍ക്കേണ്ടി വന്നിരുന്നതെന്നും അദ്ദേഹം പറയുന്നു.
മന്ത്രിസഭാ രൂപീകരണമുള്‍പ്പെടെ മുന്‍ സര്‍ക്കാരില്‍ നിന്നും തികച്ചും വിഭിന്നമായ് പൂര്‍ത്തീകരിക്കാന്‍ പിണറായി എന്ന ഇച്ഛാശക്തിക്കുടമയായ ഭരണാധികാരിക്ക് കഴിഞ്ഞെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. രൂപീകരണ വേളയിലും ആദ്യ പ്രര്‍ത്തനങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നെന്നും വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ച കാര്യവും സര്‍ക്കാര്‍ ഓഫീസുകളിലെ ആലസ്യത്തിനെതിരെ നിലപാട് സ്വീകരിച്ചതും ജനങ്ങളില്‍ പ്രതീക്ഷയുണര്‍ത്തിയ കാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള തുടക്കം അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള അധികാരമാറ്റത്തിന് അന്ത്യം കുറിക്കുകയാണെന്ന് കരുതിയിരുന്നവരുണ്ടെങ്കിലും എല്ലാം തകിടം മറിഞ്ഞത് പെട്ടന്നാണെന്നും ബഹുജനമാധ്യമങ്ങളിലും സമൂഹ്യമാധ്യമങ്ങളിലും പൊതു സമൂഹത്തിലും സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ വരാനാരംഭിക്കുകയായിരുന്നെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടം ജേക്കബ് തോമസിന്റെ നിയമനത്തില്‍ ഒതുങ്ങിയെന്നും പിന്നീട് വിവാദങ്ങളില്‍ മാത്രമാണ് സര്‍ക്കാരിന്റെ യാത്രയെന്നും അദ്ദേഹം പറയുന്നു. ജേക്കബ് തോമസ് ഉദ്യോഗസ്ഥരുടെ പിന്നാലെ പോയതും വിവാദങ്ങള്‍ വരുത്തി വയ്ക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ജയരാജന്റെ സ്വജനപക്ഷപാതക്കേസ് അധികാരത്തിലെത്തി ആറുമാസം മുന്നേ ഒരു ഇടത് സര്‍ക്കാരിന്റെ മന്ത്രിയെ രാജിയിലേക്ക് നയിച്ചെന്നും പിന്നാലെയത്തിയ എം.എം മണിയാകട്ടെ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് സര്‍ക്കാരിനെ നയിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
മുന്നണിയില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളുടെ കാര്യം സര്‍ക്കാരിനെ തിരുത്താന്‍ സഹായിക്കുന്നുണ്ടെങ്കിലും കഴിവുള്ള മന്ത്രിമാര്‍ക്ക് വരെ പ്രവര്‍ത്തന സ്വാതന്ത്രം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
ആദ്യമേ സര്‍ക്കാര്‍ മധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന സാഹചര്യമുണ്ടായെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി കേസുകളില്‍ ഹാജരായ ആളെ നിയമോപദേഷ്ടാവാക്കിയത് മുതല്‍ സര്‍ക്കാര്‍ വീഴ്ചകളുടെ പരമ്പരയിലാണെന്നും അദ്ദേഹം പറയുന്നു. നിയമോപദേഷ്ടാവ് സാമ്പത്തിക ഉപദേഷ്ടാവ് വിവാദങ്ങള്‍ നിലമ്പൂര്‍ മാവോയിസ്റ്റ് “ഏറ്റുമുട്ടല്‍”, അഭിഭാഷക-മാധ്യമ സംഘര്‍ഷത്തോട് സ്വീകരിച്ച ഉദാസീനത, ലോ അക്കാദമി നെഹ്‌റു കോളേജ് സമരങ്ങളോടുള്ള അഴകൊഴമ്പന്‍ നയം, വിവരവകാശത്തില്‍ കൊണ്ടുവന്ന വിലക്ക്, രാഷ്ട്രീയ കൊലപാതകങ്ങളുടെ വര്‍ധന, മഹിജയോട് സ്വീകരിച്ച നിലപാട്, സെന്‍കുമാര്‍ പ്രശ്‌നം, ടോമിന്‍ തച്ചങ്കരിയുടെ നിയമനം, മൂന്നാര്‍ കൈയ്യേറ്റത്തിലെ നിലപാട്” തുടങ്ങിയവ സര്‍ക്കാരിന്റെ പരാജയമായി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
ബംഗാളിലെ തകര്‍ച്ചയ്‌ക്കൊക്കെ ഉത്തരവാദിത്വം മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ മേല്‍ വന്നത് പോലെ കേരളത്തിലെ ദുരന്തത്തിന്റെ മുഖ്യകാരണക്കാരനായി പിണറായി കുറ്റപ്പെടുത്തപ്പെട്ടാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
പല നല്ല കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മോശമായ വാര്‍ത്തകളുടെ പ്രളയത്തില്‍ അവ മുങ്ങി പോവുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ പാത വികസനം, ഗെയില്‍ വാതക പൈപ്പ് എന്നിവയുടെ തടസങ്ങള്‍ നീക്കല്‍, അങ്കണവാടി അധ്യാപികമാരുടെ ശബള വര്‍ധന, ഹരിതകേരളം, ആര്‍ദ്രകേരളം, പാവപ്പെട്ടവര്‍ക്കുള്ള വിദ്യാഭ്യാസ വായ്പാ സഹായം തുടങ്ങിയ പദ്ധതികള്‍ ഇത്തരത്തില്‍പ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“സര്‍ക്കാര്‍ അടിയന്തിരമായി അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ അഞ്ച് വര്‍ഷം ജനം സര്‍ക്കാരിനെ സഹിക്കുമോ എന്നത് സംശയമാണ്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദല്‍ എന്ന് പുരപ്പുറത്ത് കയറി നിന്ന് നിരന്തരം വിളിച്ച കൂവുന്ന ഇടതുപക്ഷത്തിന് തങ്ങള്‍ക്ക് അധികാരം കിട്ടിയ ഇടങ്ങളില്‍ എന്ത് കുന്തമാണ് ചെയ്യുന്നതെന്ന ചോദ്യത്തിന് മുന്നില്‍ ഇളിഭ്യരായി നില്‍ക്കേണ്ടി വരു”മെന്നും പറഞ്ഞ് കൊണ്ടാണ് രാധാകൃഷ്ണന്റെ ലേഖനം അവസാനിക്കുന്നത്.