ചെന്നൈ: പൊള്ളാച്ചി കൂട്ടബലാത്സംഗത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരിലും നടി നയന്‍താരയ്ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയതിനും ഡി.എം.കെ സസ്‌പെന്റ് ചെയ്ത രാധാരവിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് അണ്ണാ ഡി.എം.കെ. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനി സ്വാമിയാണ് ബുധനാഴ്ച രാധാ രവിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
നേരത്തെ അണ്ണാ ഡി.എം.കെയിലിരിക്കെ അദ്ദേഹം സെയ്ദാപേട്ട് മണ്ഡലത്തില്‍ നിന്നും 2002ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചി് ജയിച്ചിരുന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് നാലുവര്‍ഷത്തോളം പാര്‍ട്ടിയുമായി അകന്നുനിന്ന അദ്ദേഹം 2010ല്‍ വീണ്ടും പാര്‍ട്ടിയില്‍ ചേര്‍ന്നു. ജയലളിതയുടെ മരണശേഷം അദ്ദേഹം അണ്ണാ ഡി.എം.കെ വിടുകയും ഡി.എം.കെയില്‍ ചേരുകയുമായിരുന്നു.
സ്ത്രീകളെ അധിക്ഷേപിച്ച രാധാ രവിയെ സ്വീകരിച്ച അണ്ണാ ഡി.എം.കെയ്‌ക്കെതിരെ ഗായിക ചിന്മയി വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നയന്‍താരയ്‌ക്കെതിരായ രാധാ രവിയുടെ പരാമര്‍ശം വന്നപ്പോള്‍ ചിന്‍മയി തനിക്കു നേരിട്ട അപമാനവും നീതി നിഷേധവും വെളിപ്പെടുത്തിയിരുന്നു.
നയന്‍താരയുടെ പുതിയ ചിത്രം ‘കൊലയുതിര്‍ കാലം’ത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവേയാണ് രാധാ രവി നയന്‍താരയെ അധിക്ഷേപിച്ചത്.
‘നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും അപ്പുറം അവര്‍ ഇപ്പോളും ഇവിടെ താരമാണ്, കാരണം തമിഴ് ജനതയ്ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്ന സ്വഭാവമാണ്. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു എന്നും രാധാരവി പരിഹസിച്ചു.’എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാര്‍ ആയിരുന്നു സീതയുടെ വേഷം ചെയ്തിരുന്നത്. ഇന്ന് ആര്‍ക്കും സീതയായി അഭിനയിക്കാം,’ എന്നായിരുന്നു രാധ രവിയുടെ പരാമര്‍ശം.