Advertisement
Kerala
രാധ കൊലക്കേസ്: മന്ത്രി ആര്യാടനെതിരെ നിലമ്പൂരില്‍ യുവാവിന്റെ കയ്യേറ്റ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Feb 23, 01:09 pm
Sunday, 23rd February 2014, 6:39 pm

[share]

[]നിലമ്പൂര്‍: വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ നിലമ്പൂരില്‍ കയ്യേറ്റ ശ്രമം. കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ആര്യാടനു നേരെ കയ്യേറ്റ ശ്രമം നടന്നത്.

നിലമ്പൂരില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആര്യാടന്‍. ജനക്കൂട്ടത്തില്‍ നിന്ന് ഒരു യുവാവ് മുന്നോട്ടു വരികയും മന്ത്രിയുടെ കോളറില്‍ പിടിയ്ക്കുകയും ചെയ്യുകയായിരുന്നു.

രാധയുടെ കൊലക്കേസില്‍ തീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാള്‍ മന്ത്രിയുടെ നേരെ വന്നത്. സംഭവത്തെ തുടര്‍ന്ന് സഥലത്ത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടാവുകയും ഇയാളെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. മന്ത്രിയ്‌ക്കെതിരെ കയ്യേറ്റ ശ്രമം നടത്തിയ യുവാവ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

എന്നാല്‍ മുന്‍കൂട്ടി പദ്ധതിയിട്ട പ്രകാരമല്ല പെടുന്നനെയുള്ള വൈകാരിക പ്രശ്‌നം മൂലമാണ് ഇയാള്‍ കയ്യേറ്റ ശ്രമം നടത്തിയതെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.

രണ്ടാഴ്ച മുമ്പാണ് നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫിസിലെ ജീവനക്കാരിയായ രാധയുടെ മൃതദേഹം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഒരു കുളത്തില്‍ നിന്ന് ലഭിച്ചത്. ഇവര്‍ കോണ്‍ഗ്രസ് ഓഫീസില്‍ വച്ചാണ് കൊല ചെയ്യപ്പെട്ടതെന്ന് പിന്നീട് സ്ഥിരീകരിയ്ക്കപ്പെടുകയായിരുന്നു.

ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സനല്‍ സ്റ്റാഫംഗമായ ബിജു നായര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ധീന്‍ എന്നിവരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയതിരുന്നു.

എന്നാല്‍ കേസില്‍ ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് പങ്കുണ്ടെന്നുള്ള ആരോപണമുയരുകയായിരുന്നു.