പാരീസ്: കളിമണ്‍കോര്‍ട്ടില്‍ വാശിയേറിയ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫ്രഞ്ച് ഓപ്പണ്‍ കിരീടമെന്ന സ്വപ്‌നത്തിലേക്ക് താരങ്ങള്‍ നാലാം റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുകയാണ്. പുതിയ കിരീടവകാശികള്‍ പാരീസില്‍ ചരിത്രമെഴുതുമോ അതോ കളിമണ്‍കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാല്‍ തന്നെ അവസാന ചിരി സ്വന്തമാക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ടെന്നീസ് ലോകം.
കളിമണ്‍ കോര്‍ട്ടില്‍ തുടര്‍ച്ചയായി 50 വിജയം നേടിയാണ് നദാല്‍ പാരീസിലെത്തിയത്. പ്രധാന എതിരാളിയായ ഫെഡറര്‍ ഇത്തവണ ഫ്രഞ്ച് ഓപ്പണിനില്ലെന്നതാണ് നദാലിന് അനുകൂലമാകുന്ന ഘടകം. അതേസമയം ഫോം നഷ്ടത്തിലാണെങ്കിലും ജോക്കോവിച്ച് പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
വനിതാവിഭാഗത്തില്‍ സെറീന വില്യംസും ഷറപ്പോവയും കരോളിന വൊസ്‌നിയാക്കിയുമൊക്കെയാണ് പ്രതീക്ഷകള്‍. രണ്ടു തവണ ഇവിടെ കിരീടം നേടിയിട്ടുള്ള റഷ്യയുടെ മരിയ ഷറപ്പോവ നിരോധിത മരുന്ന് ഉപയോഗിച്ചതിനു 15 മാസം വിലക്ക് പൂര്‍ത്തിയാക്കി തിരിച്ചെത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ഫ്രഞ്ച് ഓപ്പണ്‍ മത്സരം നാലാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ താരങ്ങള്‍ കോര്‍ട്ടില്‍ റാക്കറ്റ് അടിച്ചുപൊട്ടിക്കുന്ന കാഴ്ച സര്‍വസാധാരണമാകുകയാണ്. ഏറ്റവും ഒടുവില്‍ നൊവാക് ജോക്കോവിച്ചാണ് മത്സരത്തിനിടെ റാക്കറ്റ് അടിച്ചുപൊട്ടിച്ചത്.
ഫ്രഞ്ച് ഓപ്പണ്‍ നാലാംറൗണ്ടില്‍ റോബര്‍ട്ടോ ബാറ്റിസ്റ്റ്യൂട്ടയ്‌ക്കെതിരെ മൂന്നുമണിക്കൂര്‍ നീണ്ട മാരത്തണ്‍ സെറ്റില്‍ രണ്ടാം സെറ്റിനിടെയായിരുന്നു ജോക്കോവിച്ച് തന്റെ റാക്കറ്റ് നിലത്തടിച്ച് പൊട്ടിച്ചത്.
മികച്ച ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് നാലു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിലാണ് സ്‌പെയിനിന്റെ റോബര്‍ട്ടോ ബാറ്റിസ്റ്റ്യൂട്ടയെ കീഴടക്കിയത്. സ്‌കോര്‍ 6-1, 6-7(6), 6-6(4), 6-2). വെര്‍ദാസ്‌കോയാണ് പ്രീക്വാര്‍ട്ടറില്‍ ജോക്കോവിച്ചിന്റെ എതിരാളി.
ക്രൊയേഷ്യന്‍ താരം അജ്‌ല ടോമ്ലജനോവിക്കായിരുന്നു ഈ സീസണില്‍ റാക്കറ്റ് “തല്ലിപ്പൊട്ടിക്കല്‍” ആദ്യം തുടങ്ങിയത്. രണ്ടാം സീഡും ജര്‍മ്മന്‍ പ്രതീക്ഷയുമായ അലക്‌സാണ്ട്ര സ്വെരേവും ഈ സീസണില്‍ സമാനമായി റാക്കറ്റ് അടിച്ചുപൊട്ടിച്ചു.