ന്യൂദല്‍ഹി: ട്വിറ്ററില്‍ ട്രെന്റിംഗ് ആയി റേസിസ്റ്റ് മാര്‍ക് സുക്കര്‍ബര്‍ഗ് ഹാഷ്ടാഗ്.
നിരവധിപേരാണ് ഈ ഹാഷ്ടാഗില്‍ ഫേസ്ബുക്കിനും സുക്കര്‍ബര്‍ഗിനും എതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിന് കുറഞ്ഞ റേറ്റിംഗ് നല്‍കിയതിന്റെയും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന്റെയും സ്‌ക്രീഷോര്‍ട്ടുകളും ട്വീറ്റ് ചെയ്യുന്നുണ്ട്.
ഫേസ്ബുക്ക് ഇസ്രാഈല്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഷേധം. ഫലസ്തീന് അനുകൂലമായി ഇടുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്യുന്നതായും ചിലര്‍ പറയുന്നുണ്ട്.
അതേസമയം, ഫലസ്തീന്‍- ഇസ്രാഈല്‍ വിഷയത്തില്‍ വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ പ്രത്യേക ടീമിനെ വിന്യസിക്കുമെന്ന് ഫേസ്ബുക്ക് പറഞ്ഞിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍, വിദ്വേഷ പ്രചരണം, അക്രമത്തെക്കുറിച്ചുള്ള ആഹ്വാനം തുടങ്ങിയവ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായതോടെയാണ് നടപടിയെന്നാണ് ഫേസ്ബുക്ക് പറയുന്നത്.
അറബി, ഹീബ്രു ഉള്‍പ്പെടെയുള്ള ഭാഷകള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധരാണ് പുതിയ ഓപ്പറേഷന്‍ ടീമിലുള്ളത്. ഫേസ്ബുക്കിനെ കൂടാതെ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സറ്റഗ്രാം വാട്സാപ്പ് പ്ലാറ്റ്ഫോമുകളും നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെടും. ഫേസ്ബുക്കിന്റെ കമ്യൂണിറ്റി മാനണ്ഡങ്ങള്‍ ലംഘിക്കുന്നത് പ്രത്യേക ടീം സൂക്ഷമമായി നിരീക്ഷിക്കും. വ്യാജപ്രചരണം വഴിയുള്ള അപകടം തടയാന്‍ സഹകരിക്കുന്നതിന് ഇസ്രാഈല്‍-ഫലസ്തീന്‍ മേധാവികളുമായി സംസാരിച്ചതായി ഫേസ്ബുക്ക് അറിയിച്ചു.