| Friday, 11th June 2021, 2:48 pm

ചെമ്പന്‍ വിനോദിനെതിരെ അധിക്ഷേപ കമന്റുകള്‍; ഒരാളുടെ രോമവും നിറവും നോക്കി നടക്കുന്ന 'മലയാളി അത്ര പൊളി'യല്ലെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ചെമ്പന്‍ വിനോദ് ജോസ് പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന അധിക്ഷേപ കമന്റുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. നടന്റെ നിറത്തെയും ശരീരഘടനയെയും അപമാനിക്കുന്ന വളരെ മോശമായ കമന്റുകളായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്നിരുന്നത്.

കഴിഞ്ഞ ദിവസമാണ് പുഴയുടെ തീരത്തുനില്‍ക്കുന്ന ഫോട്ടോ ചെമ്പന്‍ വിനോദ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചത്. ഷര്‍ട്ടിടാതെ നില്‍ക്കുന്ന ഫോട്ടോയായിരുന്നു ഇത്.

ഫോട്ടോയ്ക്ക് താഴെ കരടിയെന്നും മറ്റും വിളിച്ചുകൊണ്ടുള്ള കമന്റുകളെത്തുകയായിരുന്നു. വളരെ മോശമായ ഭാഷയിലുള്ള പദപ്രയോഗങ്ങളും പല കമന്റുകളിലുണ്ടായിരുന്നു.

ഇതിന് പിന്നാലെ നടനെതിരെ നടക്കുന്ന അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായും ചിലര്‍ രംഗത്തെത്തി. ഒരാളെ ശാരീരികമായി അപമാനിക്കാവുന്നതിന്റെ അങ്ങേയറ്റമാണ് ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളില്‍ തൊണ്ണൂറ് ശതമാനവുമെന്ന് ഒരു പോസ്റ്റില്‍ പറയുന്നു. ഒരാളുടെ രോമവും നിറവും നോക്കി നടക്കുന്ന ‘മലയാളി അത്ര പൊളി’യല്ലെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ പറയുന്നു.

കറുത്ത ശരീരമുള്ളവന് രോമവളര്‍ച്ചയും വലുപ്പവും കൂടുതലാണെങ്കില്‍ മലയാളിയ്ക്ക് ‘കരടി’, മുടിയും താടിയും വളര്‍ത്തിയാല്‍ ‘കാട്ടാളന്‍’ ഒക്കെയാണല്ലോ. ഇതൊക്കെ വിളിച്ചിട്ട് ‘അയ്യോ എനിക്കങ്ങനെ കറുപ്പ് വെളുപ്പ് എന്നൊന്നുമില്ലേ’ എന്ന് ഇതേ മലയാളികള്‍ തന്നെ പറയുമെന്ന് നടന് പിന്തുണയുമായെത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നിലവില്‍ ചെമ്പന്‍ വിനോദ് ഈ ഫോട്ടോ പ്രൊഫൈലില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. എന്തുകൊണ്ടാണ് ഡിലീറ്റ് ചെയ്തതെന്ന് നടന്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം നടന് പിന്തുണയുമായി ഈ ഫോട്ടോയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പലരും പങ്കുവെക്കുന്നുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ചെമ്പന്‍ വിനോദ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മിക്ക ചിത്രങ്ങളിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച ചെമ്പന്‍ വിനോദിന്റെ ഈ.മ.യൗവിലെ ഈശി എന്ന കഥാപാത്രം അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു.

അങ്കമാലി ഡയറീസിന്റെ തിരക്കഥാകൃത്ത് കൂടിയായ ചെമ്പന്‍ വിനോദ് ജല്ലിക്കട്ട്, തമാശ തുടങ്ങി അഞ്ചോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. നടന്റെ ഇടി മഴ കാറ്റ്, ചുരുളി, അജഗജാന്തരം, പത്തൊന്‍പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ളത്. ഭീമന്റെ വഴി എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും ചെമ്പന്‍ വിനോദാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Derogatory comments and cyber bullying against actor Chemban Vinod, social media reacts

We use cookies to give you the best possible experience. Learn more