വാര്‍സോ: യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ഇന്ത്യന്‍ വംശജന് നേരെ വംശീയാധിക്ഷേപം.
ഇന്ത്യക്കാരനില്‍ നിന്നും യാതൊരുവിധ പ്രകോപനവും ഇല്ലാതിരുന്നിട്ട് പോലും ഇയാള്‍ വംശീയാധിക്ഷേപം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ സ്വയം ഷൂട്ട് ചെയ്യുകയുമായിരുന്നു.
അമേരിക്കന്‍ പൗരന്‍ തന്നെ ഷൂട്ട് ചെയ്ത ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോളണ്ട് തലസ്ഥാനമായ വാര്‍സോയിലായിരുന്നു സംഭവം.
നിയോ നാസി ചിന്താഗതിക്കാരനായ ജോണ്‍ മിനാഡ്യൊ ജൂനിയര്‍ (Jon Minadeo Jr) എന്നഅമേരിക്കന്‍ ടൂറിസ്റ്റാണ് വീഡിയോയില്‍ വംശീയാധിക്ഷേപം നടത്തുന്നതെന്നാണ് ചില അണ്‍വെരിഫൈഡ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പറയുന്നത്.
”നിങ്ങള്‍ ഇംഗ്ലീഷുകാരനാണോ. പിന്നെ എന്തിനാണ് പോളണ്ടില്‍ നില്‍ക്കുന്നത്. ഞാന്‍ അമേരിക്കയില്‍ നിന്നാണ്. അമേരിക്കയിലും നിങ്ങളെ പോലെ ഒരുപാട് പേരുണ്ട്.
നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നത്. നിങ്ങള്‍ പോളണ്ടിനെയും കയ്യടിക്കിയിരിക്കുകയാണ്.
എന്തിനാണ് നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത്, എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാജ്യത്തേക്ക്, ഇന്ത്യയിലേക്ക് തിരികെ പോകാത്തത്.
നിങ്ങള്‍ ഇന്ത്യക്കാരനല്ലേ. എന്നോട് മറുപടി പറയൂ,” എന്നൊക്കെയാണ് അമേരിക്കന്‍ പൗരന്‍ വീഡിയോയില്‍ പറയുന്നത്. ഇയാളുടെ മുഖം വീഡിയോയില്‍ കാണിക്കുന്നില്ല, ഇന്ത്യന്‍ പൗരന്റെ മുഖം മാത്രമാണ് കാണാന്‍ സാധിക്കുക.
നിങ്ങള്‍ എന്തിനാണ് എന്നെയിങ്ങനെ ഫോണില്‍ ഷൂട്ട് ചെയ്യുന്നത്, ഇത് നിര്‍ത്തൂ എന്ന് ഇന്ത്യക്കാരന്‍ പറഞ്ഞപ്പോള്‍, ”എനിക്ക് നിങ്ങളെ ഷൂട്ട് ചെയ്യാം. കാരണം ഇതെന്റെ രാജ്യമാണ്, കാരണം ഞാന്‍ യൂറോപ്യനാണ്.
നിങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യം കയ്യടക്കാനുള്ള അവകാശമുണ്ടോ എന്ന് ഞങ്ങള്‍ യൂറോപ്യന്‍സിന് അറിയണം.
നിങ്ങള്‍ക്ക് ഇന്ത്യയില്ലേ. പിന്നെ എന്തിനാണ് നിങ്ങള്‍ ഞങ്ങള്‍ വെള്ളക്കാരുടെ നാട്ടിലേക്ക് വരുന്നത്. നിങ്ങളുടെ സ്വന്തം രാജ്യത്ത് ജോലി ചെയ്ത് ജീവിച്ചാല്‍ പോരേ. ഞങ്ങളുടെ അധ്വാനത്തിന്റെ പങ്കുപറ്റിയാണ് നിങ്ങള്‍ ഇവിടെ ജീവിക്കുന്നത്.
എന്തിനാണ് ഇങ്ങനെ ഇത്തിള്‍ക്കണ്ണികളെ പോലെ ഞങ്ങളുടെ നാട്ടില്‍ ജീവിക്കുന്നത്.
ഇവിടെ, യൂറോപ്പിലേക്ക് അതിക്രമിച്ച് കടന്ന് ജീവിക്കുന്നത് ഓകെയാണെന്നാണോ നിങ്ങളുടെ വിചാരം. ഞങ്ങളുടെ വംശത്തെ നിങ്ങള്‍ വംശഹത്യ ചെയ്യുകയാണ്.
നിങ്ങള്‍ ഒരു അധിനിവേശക്കാരനാണ്, ഞങ്ങളുടെ മാതൃരാജ്യത്തെ അധിനിവേശം ചെയ്യുകയാണ്.
സ്വന്തം നാട്ടിലേക്ക്, സ്വന്തം വീട്ടിലേക്ക് തിരിച്ച് പൊയ്‌ക്കോ. നിങ്ങളെ യൂറോപ്പില്‍ ആവശ്യമില്ല. പോളണ്ട് പോളണ്ടുകാര്‍ക്കുള്ളതാണ്. നിങ്ങള്‍ പോളിഷ് അല്ല, പിന്നെ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്,” എന്നും അമേരിക്കന്‍ പൗരന്‍ പറയുന്നതായി വീഡിയോയില്‍ നിന്നും വ്യക്തമായി കേള്‍ക്കാം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ ടെക്‌സസില്‍ ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ക്കും സമാനമായ രീതിയില്‍ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. മെക്‌സിക്കന്‍- അമേരിക്കന്‍ വംശജയായ യുവതിയായിരുന്നു ഇന്ത്യക്കാരെ അപമാനിച്ചുകൊണ്ട് സംസാരിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
”എവിടെ പോയാലും നിങ്ങള്‍ വൃത്തികെട്ട ഇന്ത്യക്കാര്‍ ഉണ്ടല്ലോ. നിങ്ങളെ ഇവിടെ ആവശ്യമില്ല, ഇന്ത്യയിലേക്ക് തിരിച്ച് പൊയ്‌ക്കോളൂ,” എന്നൊക്കെയായിരുന്നു യു.എസ് വംശജയായ യുവതി പറഞ്ഞത്.
ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കന്‍ പൗരയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: Racist abuse against Indian citizen in the European country Poland by an American citizen