പെനാല്‍റ്റി പാഴാക്കിയതിന് പോഗ്ബയ്‌ക്കെതിരെ വംശീയാക്രമണം; പ്രീമീയര്‍ ലീഗില്‍ ഈയാഴ്ച വംശീയമായി അധിക്ഷേപിക്കപ്പെടുന്ന മൂന്നാമത്തെ താരം
Racism
പെനാല്‍റ്റി പാഴാക്കിയതിന് പോഗ്ബയ്‌ക്കെതിരെ വംശീയാക്രമണം; പ്രീമീയര്‍ ലീഗില്‍ ഈയാഴ്ച വംശീയമായി അധിക്ഷേപിക്കപ്പെടുന്ന മൂന്നാമത്തെ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th August 2019, 5:37 pm

വോള്‍വ്‌സിനെതിരായ മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കിയതിന്റെ പേരില്‍ പോള്‍ പോഗ്ബയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വംശീയധിക്ഷേപം. തിങ്കളാഴ്ച നടന്ന മത്സരത്തിന് ശേഷമാണ് സോഷ്യല്‍മീഡിയയില്‍ പോഗ്ബയെ അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

പ്രീമിയര്‍ ലീഗില്‍ ഈയാഴ്ച വംശീയാധിക്ഷേപം നേരിടുന്ന മൂന്നാമത്തെ താരമാണ് പോഗ്ബ. സൂപ്പര്‍ കപ്പില്‍ ലിവര്‍പൂളിനെതിരെ കിക്ക് മിസ്സാക്കിയതിന് ചെല്‍സിയുടെ ടാമി എബ്രഹാമിനെയും റീഡിങ്ങിന്റെ യാക്കൂ മെയ്റ്റിയെയും ഒരുപറ്റം ആരാധകര്‍ അധിക്ഷേപിച്ചിരുന്നു.

പോസ്റ്റുകളിട്ടവര്‍ ആരാണെന്ന് പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും ശക്തമായ നടപടിയെടുക്കുമെന്നും മാഞ്ചസ്റ്റര്‍ പ്രതികരിച്ചു. പോഗ്ബയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച് കൊണ്ട് യുണൈറ്റഡ് താരങ്ങളായ ഹാരി മഗ്വയറും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും രംഗത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ സീസണ്‍ ആരംഭിച്ചതേയുള്ളൂ. കഴിഞ്ഞ സീസണില്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ കളിക്കാര്‍ക്കെതിരെ വംശീയധിക്ഷേപം നടന്നതായി ‘കിക്ക് ഇറ്റ് ഔട്ട്’ എന്ന സംഘടന നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. വംശീയാധിക്ഷേപ സംഭവങ്ങള്‍ 43 ശതമാനം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.