വംശീയത കൊവിഡില്‍ കറുത്തവര്‍ഗക്കാരെ കുരുതികൊടുക്കുമ്പോള്‍
ശ്രിന്‍ഷ രാമകൃഷ്ണന്‍

അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം കൊവിഡ്19 ബാധിച്ച് മരിക്കുന്നവരില്‍ അധികവും കറുത്തവര്‍ഗക്കാര്‍. കാലങ്ങളായി തുടരുന്ന വംശീയതയുടെ പുതിയ മുഖമാണിതെന്ന് വിദഗ്ധര്‍. അവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളിലേക്ക്…

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

21ാം നൂറ്റാണ്ടിലും നിലനില്‍ക്കുന്ന വര്‍ണ വര്‍ഗ വിവേചനത്തിന്റെ വികൃതമായ മുഖം കൂടി പുറത്തു കൊണ്ടുവരികയാണ് കൊവിഡ്19 മഹാമാരി. അമേരിക്കയിലും ബ്രിട്ടനിലും കടുത്ത വിവേചനത്തിലൂടെയാണ് കറുത്ത വര്‍ഗക്കാര്‍ കടന്നു പോകുന്നതെന്ന് ഈ രാജ്യങ്ങളില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആകെ ജനസംഖ്യയുടെ 15 ശതമാനം മാത്രം കറുത്ത വര്‍ഗക്കാര്‍ ഉള്ള മിഷിഗണില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരില്‍ 40 ശതമാനവും ആഫ്രിക്കന്‍ അമേരിക്കകാരാണ്. 30 ശതമാനം മാത്രം കറുത്ത വര്‍ഗക്കാരുള്ള ഷിക്കാഗോയില്‍ മരണപ്പെട്ടതിന്റെ 70 ശതമാനവും കറുത്ത വര്‍ഗക്കാര്‍ തന്നെ.

ലൂയിസിയാനയില്‍ നിന്നുള്ള കണക്കുകളും ആവര്‍ത്തിക്കുന്നത് മരണ നിരക്കിലെ ഈ വൈരുദ്ധ്യം തന്നെ. ലൂയിസിയാനയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും കറുത്ത വര്‍ഗക്കാരായിരുന്നു. പക്ഷെ ഈ സംസ്ഥാനത്ത് ആകെ ജനസംഖ്യയുടെ 32 ശതമാനം മാത്രമാണ് കറുത്തവര്‍ഗക്കാരുള്ളത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നു കൂടിയാണ് ലൂയിസിയാന. പക്ഷേ ഇവിടെ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് കറുത്ത വര്‍ഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന ന്യൂഓര്‍ലീന്‍സിലാണ്. സമാനമായി മിഷിഗണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ കൂടുതലും ഉള്ളത് 80 ശതമാനവും കറുത്ത വര്‍ഗക്കാരുള്ള ഡിട്രോയിട്ടിലും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കയിലെ വിസ്‌കോന്‍സിനിലെ കൊവിഡ് ബാധിതനായ കറുത്ത വര്‍ഗക്കാരനായ ഒരുപഹഗ സ്റ്റേറ്റ് റപ്രസേന്റേറ്റീവ് ഉള്‍പ്പെടെ പറയുന്നത് തന്നിലൂടെ രോഗം പകര്‍ന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് മാത്രമേ ടെസ്റ്റിങ്ങ് നടത്തിയിട്ടുള്ളൂ എന്നാണ്. വെള്ളക്കാരും തങ്ങളും ഒരേ രോഗത്തിന്റെ പിടിയില്‍ അകപ്പെടുമ്പോഴും തങ്ങള്‍ മാത്രം രോഗം ബാധിച്ച് മരിക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്നും വിവേചനത്തിന്റെ ആഴം വ്യക്തമാക്കികൊണ്ട് അദ്ദേഹം പറയുന്നു.

അവശ്യ സേവനക്കാരായി നഗര പ്രദേശങ്ങളില്‍ ജോലി ചെയ്ത് വരുന്ന ആഫ്രോ അമേരിക്കകാരെയാണ് കൊവിഡ് കൂടുതലായും ബാധിച്ചത്. എക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത് വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷന്‍ കറുത്ത വര്‍ഗക്കാരേക്കാള്‍ കൂടുതല്‍ വെളുത്ത വര്‍ഗക്കാര്‍ക്ക് കിട്ടുന്നു എന്ന ഞെട്ടിപ്പിക്കുന്ന അസമത്വത്തിന്റെ കണക്ക് കൂടിയാണ്.

ചികിത്സാ സൗകര്യങ്ങളുടെ അഭാവവും അമേരിക്കയിലെ ആഫ്രോ-അമേരിക്കന്‍ വംശജര്‍ക്ക് കടുത്ത വെല്ലുവിളിയാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്ക് ചികിത്സിക്കാന്‍ ലക്ഷക്കണക്കിന് രൂപ വേണ്ടി വരുന്ന അമേരിക്കയില്‍, മെഡികെയര്‍, മെഡി എയ്ഡ് ഇന്‍ഷുറന്‍സ് സൗകര്യമില്ലാത്ത അനേകായിരം ആഫ്രോ അമേരിക്കകാരുണ്ട്. അമേരിക്കയിലെ 27 മില്ല്യണിലധികം വരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത ആളുകളില്‍ കറുത്ത വര്‍ഗക്കാരുടെ എണ്ണം ആനുപാതികമായി കൂടുതലാണ്. ഇവരില്‍ ഭൂരിഭാഗം പേരും താമിസിക്കുന്നിടത്തും മതിയായ മെഡിക്കല്‍ സൗകര്യങ്ങളില്ല. പലയിടങ്ങളിലും ഇവര്‍ക്ക് നല്‍കുന്ന ചികിത്സയില്‍ പോലും വിവേചനം പ്രകടമാണെന്ന് ഉന്നയിച്ചുകൊണ്ട് അന്തരാഷ്ട്ര മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു.


ബ്രിട്ടനിലും ആവര്‍ത്തിക്കപ്പെടുന്നത് ഇത് തന്നെ. ബ്രിട്ടനില്‍ കൊവിഡ് 19 രോഗികളെ ചികിത്സച്ചതിനെ തുടര്‍ന്ന് രോഗം ബാധിച്ച് മരിച്ച ആദ്യത്തെ നാല് ഡോക്ടര്‍മാരും ആഫ്രോ-ഏഷ്യന്‍ പാരമ്പര്യമുള്ള മുസ് ലീങ്ങളായിരുന്നു. ഇവരുടെ മരണത്തിന് പിന്നാലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍ഡ് തോമസ് ഹാര്‍വെയും അരീമ നസ്‌റിന്‍ എന്ന നഴ്‌സും മരണപ്പെട്ടു. ഗ്ലൗസ് മാത്രമായിരുന്നു ഇവര്‍ക്ക് ലഭ്യമായിരുന്ന സുരക്ഷാസംവിധാനം.

പ്രധാനമായും എത്ത്‌നിക് മൈനോരിറ്റി ജീവനക്കാരെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ബ്രിട്ടണിലെ ആരോഗ്യമേഖലയില്‍ 40 ശതമാനവും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. പക്ഷെ പത്രമാധ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈയടിച്ച് കൊണ്ട് വരുന്ന കോളങ്ങളിലൊന്നും തന്നെ ഈ കറുത്ത വര്‍ഗക്കാരായ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഇടംപിടിക്കില്ലെന്നും അവയെല്ലാം വെളുത്ത വര്‍ഗക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ദ ഗാര്‍ഡിയനില്‍ കോളമിസ്റ്റായ അഫുവ ഹിര്‍ഷ് അഭിപ്രായപ്പെടുന്നു.

     അഫുവ ഹര്‍ഷ്‌

ഈ മഹാമാരിയുടെ കാലത്ത് കൊളോണിയല്‍ മനോഭാവം മറനീക്കി പുറത്തുവരുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ഇതിന് ഉദാഹരണമായി ഫ്രഞ്ച് ഡോക്ടര്‍മാര്‍ ആഫ്രിക്കകാരില്‍ കൊറോണ വൈറസിനുള്ള വാക്‌സിന്‍ ആദ്യം പരീക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയത് മാത്രമെടുത്താല്‍ മതിയെന്നും അഫുവ ഹിര്‍ഷ് ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് വൈറസിന്‌ വിവേചനമില്ലെങ്കിലും അതിനെ നേരിടാന്‍ മുന്നില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും വ്യവസ്ഥിതികള്‍ക്കും വിവേചനം കാണിക്കാന്‍ എളുപ്പമാണെന്നാണ് അഡ്വാന്‍സിങ്ങ് ഹെല്‍ത്ത് ഇക്വിറ്റി പ്രേഗ്രാമിന്റെ സി.ഇ.ഒ ആയ ഡോ. ഉച്ഛേ ബ്ലാക്ക്‌സ്റ്റോക്ക് അഭിപ്രായപ്പെടുന്നത്.

                        ഡോ. ഉച്ഛേ ബ്ലാക്ക്സ്റ്റോക്ക്                             ജമേല്‍ ബൂയി

ഈ കണക്കുകളെല്ലാം വിരല്‍ ചൂണ്ടുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വര്‍ണ വര്‍ഗ വിവേചനത്തിന്റെ ഭീതിദമായ മുഖം ഇന്നും എല്ലായിടത്തും തുടരുന്നു എന്നത് തന്നെയാണ്. സമ്പത്ത്, അവസരങ്ങള്‍ തുടങ്ങിയ ചരിത്രപരമായ അനീതിയുടെ ബാക്കി പത്രം കൂടിയാണ് ഇന്ന് ആഫ്രോ അമേരിക്കകാര്‍ കൊവിഡിലൂടെ അനുഭവിക്കുന്നത് എന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ കോളമിസ്റ്റായ ജമേല്‍ ബൂയി പറയുന്നു. ഈ മഹാമാരിയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രവചിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അമേരിക്കന്‍ തീരത്ത് ഈ മഹാമാരിയെത്തിയാല്‍ ചില വിഭാഗക്കാര്‍ ഇത് തരണം ചെയ്ത് മുന്നോട്ട് പോകുമെന്നും ചിലര്‍ ആ കൊടുങ്കാറ്റില്‍ വീണു പോകുമെന്നുമായിരുന്നു. അത് നിശ്ചമായും ഇവിടുത്തെ ഭൂതകാല വ്യവസ്ഥിതിയെ അടിസ്ഥാനപ്പെടുത്തിയുമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.