|

'ആരാണ് പറഞ്ഞത് ബൗച്ചറും ഡിവില്ലിയേഴ്‌സും മാന്യന്മാരാണെന്ന്, അവര്‍ തികഞ്ഞ വംശീയവാദികളാണ്'; സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ വെട്ടിലാക്കി റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മികച്ച ക്രിക്കറ്റിനും സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനും പേരുകേട്ട ടീമാണ് ദക്ഷിണാഫ്രിക്ക. എതിര്‍ ടീമിലെ കളിക്കാരോടുള്ള പെരുമാറ്റവും അധികം സ്ലെഡ്ജിംഗ് ഇല്ലാത്ത കളിരീതിയും ദക്ഷിണാഫ്രിക്കയെ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ടീമുകളിലൊന്നാക്കി മാറ്റി.

ഇപ്പോഴിതാ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയെ പിടിച്ചുലച്ചേക്കാവുന്ന കണ്ടെത്തലാണ് മാനേജ്‌മെന്റ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ടീമിലെ പ്രമുഖ ക്രിക്കറ്റര്‍മാര്‍, സഹതാരങ്ങളായ കറുത്ത വര്‍ഗക്കാരോട് വിവേചനപരമായ സമീപനമാണ് കാണിക്കുന്നതെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

ഗ്രൗണ്ടിലെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പും മികച്ച ക്രിക്കറ്റും അപ്രസക്തമാവുന്ന കണ്ടെത്തലുകളുകളാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടേത്.

ദക്ഷിണാഫ്രിക്കയുടെ എക്കാലത്തേയും മികച്ച താരവും നിലവിലെ ഡയറക്ടറുമായ മുന്‍ നായകന്‍ ഗ്രേയം സ്മിത്ത്, മാര്‍ക് ബൗച്ചര്‍, എ.ബി.ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

2015ലെ ഇന്ത്യന്‍ പര്യടനത്തില്‍ സെലക്ഷന്‍ ചട്ടം ലംഘിച്ച് കറുത്ത വര്‍ഗക്കാരനായ ഖായാ സോണ്ടോയെ നായകന്‍ ഡിവില്ലിയേഴ്‌സ് ഒഴിവാക്കിയെന്നാണ് കമ്മീഷന്റെ ഒരു കണ്ടെത്തല്‍. പരിക്കേറ്റ ജെ.പി. ഡുമിനിക്ക് പകരമായി സോണ്ടോയെ ഉള്‍പ്പെടുത്താതെ ഡീന്‍ എല്‍ഗാറിന് അവസരം നല്‍കിയതിലാണ് ചട്ടലംഘനം.

മാര്‍ക് ബൗച്ചര്‍

ഗ്രേയം സ്മിത്ത്

കറുത്ത വര്‍ഗക്കാരനായ സഹതാരത്തെ അധിക്ഷേപിച്ച് ബൗച്ചറും സുഹൃത്തുക്കളും പാട്ട് പാടിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

235 പേജുള്ള റിപ്പോര്‍ട്ട് വ്യക്തമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നും, എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നുമാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കുന്നത്.

എ.ബി.ഡിവില്ലിയേഴ്‌സ്

ഈയിടെ നടന്ന ടി-20 ലോകകപ്പിലും വംശീയാധിക്ഷേപപരമായ നിലപാടുകള്‍ സൗത്ത് ആഫ്രിക്കന്‍ താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. കറുത്ത വര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുട്ടുകുത്താന്‍ സൗത്ത് ആഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് വിസമ്മതിച്ചതിനെ തുടര്‍ന്ന് വിന്‍ഡീസുമായുള്ള കളിയുടെ തൊട്ടുമുന്‍പ് അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു.

എന്നാല്‍, തുടര്‍ന്നുള്ള മത്സരത്തില്‍ തനിക്ക് തന്റെ തെറ്റ് മനസിലായെന്ന് പറഞ്ഞ ഡി കോക്ക് കറുത്ത വര്‍ഗക്കാര്‍ക്ക് തന്റെ ഐക്യദാര്‍ഢ്യം വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Racial Discrimination in South African Cricket Team, Report