വംശീയ വിദ്വേഷം നിറഞ്ഞ പരസ്യവുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്
Daily News
വംശീയ വിദ്വേഷം നിറഞ്ഞ പരസ്യവുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd April 2015, 3:16 pm

AISWARYAവംശീയ വിദ്വേഷം നിറഞ്ഞ പരസ്യവുമായി കല്യാണ്‍ ജ്വല്ലേഴ്‌സ് വിവാദത്തിലേക്ക്. ഐശ്വര്യാറായി ബച്ചനെ മോഡലാക്കി ചിത്രീകരിച്ച പരസ്യത്തില്‍ രാജകൂമാരിയുടെ വേഷപ്പകര്‍ച്ചയിലിരിക്കുന്ന ഐശ്വര്യാ റായി ബച്ചന് കുടചൂടിക്കൊടുക്കുന്ന ദളിത് വംശജനായ കുട്ടിയെ ആണ് ചിത്രീകരിച്ചിരിക്കുന്നത്. അടിമ സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഈ ചിത്രം വര്‍ണ്ണവിവേചനത്തെയും വെളുത്തവരുടെ ആധിപത്യത്തെ ഉയര്‍ത്തിക്കാണിക്കുന്നവയും ആണ്. അതേസമയം ചിത്രത്തില്‍ അഭിനയിച്ച ഐശ്വര്യാ റായിക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഉല്‍പന്നം വിറ്റഴിക്കുന്നതിനായി ഒരു കുട്ടിയെ നിയമവിരുദ്ധമായ രീതിയില്‍ ചിത്രീകരിച്ചതിനും. അതിനു വേണ്ടി ശരീരത്തിന്റെ നിറവ്യത്യാസം ചിത്രീകരിക്കുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ഇതിലൂടെ വംശീയത, സവര്‍ണ്ണ മേധാവിത്വം, ബാലവേല, അടിമത്വം എന്നിവയെയെല്ലാം പ്രോത്സാഹിപ്പിക്കാന്‍ പരസ്യം ശ്രമിക്കുന്നുവെന്നാണ് ആരോപണം.

അടുത്ത പേജില്‍ വായിക്കാം

ഐശ്വര്യാ റായ് ബച്ചന്  മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തുറന്ന കത്ത്‌

അടുത്ത പേജില്‍ തുടരുന്നു

kath

ഐശ്വര്യാ റായ് ബച്ചന്  മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തുറന്ന കത്ത്‌

പ്രിയപ്പെട്ട ഐശ്വര്യ റായ് ബച്ചന്‍

ദ ഹിന്ദു ദിനപത്രത്തിന്റെ ദല്‍ഹി എഡിഷനില്‍ ഏപ്രില്‍ 17ന് പ്രസിദ്ധീകരിച്ച കല്ല്യാണ്‍ ജ്വല്ലേഴ്‌സ് പരസ്യത്തെ കുറിച്ച് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഞങ്ങളീ കത്തെഴുതുന്നത്. മെലിഞ്ഞുണങ്ങിയ ഒരടിമ ബാലന്‍ സര്‍വ്വാഭരണ വിഭൂഷിതയായ താങ്കള്‍ക്ക് കുട ചൂടി നില്‍ക്കുന്നതാണ് പ്രസ്തുത പരസ്യം.

പരസ്യത്തിന്റെ ആശയം സംബന്ധിച്ച് ഞങ്ങള്‍ക്കുണ്ടായ ആകുലത നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. ഒരു പക്ഷെ ആലോചിക്കാതെയായിരിക്കാം ഇത്തരമൊരു വിനാശകരമായ പരസ്യത്തില്‍ താങ്കള്‍ അഭിനയിച്ചിട്ടുണ്ടാവുക. മനോരാജ്യം സൃഷ്ടിച്ച് കൊണ്ടാണ് പലപ്പോഴും നമ്മുടെ നാട്ടിലെ പരസ്യ നിര്‍മാതാക്കള്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാറുള്ളത്.

vartha

എന്നാല്‍ അടിമത്വത്തിന് മുകളില്‍ മനോരാജ്യങ്ങള്‍ കെട്ടിപ്പടുക്കുകയും അടിമ സമ്പ്രദായത്തെ സാധാരണവത്കരിക്കുകയും ചെയ്യുന്ന ഇത്തരം ചിത്രീകരണങ്ങളില്‍ നിന്നും നമ്മുടെ പരസ്യ നിര്‍മാതാക്കള്‍ പിന്തിരിയേണ്ടതാണ്.

സ്ത്രീയുടെ അങ്ങേയറ്റം വെളുത്ത നിറവും കുട്ടിയുടെ ഇരുണ്ട നിറത്തെ കൂടുതല്‍ ഇരുട്ടായി കാണിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം ശ്രമം നടന്നതായി ചിത്രീകരണം ശ്രദ്ധിച്ചാല്‍ മനസിലാവും. ഇത് പൂര്‍ണമായും വംശീയതയാണ്. ഈ പരസ്യത്തിന്റെ വംശപാരമ്പര്യം ചെന്നെത്തുന്നത് 17,18 നൂറ്റാണ്ടുകളിലെ ജന്‍മിത്വ കെട്ടുപാടുകളിലേക്കാണ്.Racial

നിങ്ങളുടെ പരസ്യം സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനുള്ളതാണ് അല്ലാതെ യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കാനുള്ളതല്ല എന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. നിങ്ങളുടെ പരസ്യവും അതിലുപയോഗിച്ചിട്ടുള്ള ചിത്രങ്ങളും നമ്മുടെ സാമൂഹ്യ-സാംസ്‌കാരിക-മനശാസ്ത്ര-പാരിസ്ഥിതിക വ്യവസ്ഥകളുടെ ഒരു വിമര്‍ശന പരിശ്ചേദവും ഇത്തരം പാരിസ്ഥിതിക സംവിധാനങ്ങള്‍ക്ക് പോസിറ്റീവായ സാമൂഹ്യ മാറ്റങ്ങള്‍ക്കനുസൃതമോ വിപരീതമോ ആയവിധം നമ്മുടെ മനസിലിടപെടാന്‍ കഴിയും. അതാണ് പശ്ചാത്തലം. അപ്പോള്‍ ഏതുവിധമുള്ള  സാമൂഹ്യ മാറ്റമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്?

ഒന്നാമത്തെക്കാര്യം വംശീയത എന്നത് ആഗോളതലത്തില്‍ തന്നെ നില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. നമുക്കതിനോട് പോരാടേണ്ടതുണ്ട്. രണ്ടാമത്തെ കാര്യം ഇന്ത്യയില്‍ മിക്ക വ്യവസായങ്ങളിലും ചൈല്‍ഡ് ലേബര്‍ എന്നത് നിയമവിരുദ്ധമായ കാര്യമാണ്. ഇതാകട്ടെ ഇന്ന് വ്യാപകമായിരിക്കുകയുമാണ്. അപ്പോള്‍ ഇതിനെ മാറ്റാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുമുണ്ട്. മൂന്നാമത്തെ കാര്യം വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് 14 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമാണ്. തീര്‍ച്ചയായും നമുക്കതുറപ്പിക്കേണ്ടതുമുണ്ട്.

Racial-2

ഈ ലക്ഷ്യങ്ങള്‍ളോടുള്ള നമ്മുടെ ബാധ്യത നമ്മള്‍ ഉറക്കെ പറയേണ്ടതുണ്ട്. ഉല്‍പന്നങ്ങള്‍ക്കുമപ്പുറം നമുക്ക് ഇത്തരം പരസ്യങ്ങളെ കാണേണ്ടതുണ്ട് നമ്മുടെ മിഥ്യ/ആഗ്രഹം എന്നിവയെ നിങ്ങള്‍ ആഴത്തില്‍ പരിശോധിക്കണം. ഇത്തരമൊരു പരസ്യം മുന്നോട്ടുവെയ്ക്കുന്ന വിവേചനങ്ങളെ വിശിഷ്യ പരിശോധിക്കാന്‍ തയ്യാറാവണം.

കറുത്ത നിറത്തിലുള്ള കുഞ്ഞുങ്ങള്‍ ദാരിദ്ര്യത്തിന്റെ പരകോടിയില്‍ ജീവിക്കുന്ന (അതുകൊണ്ട് തന്നെ പോഷകാഹാരക്കുറവ് ഉള്ള ഒരു കുഞ്ഞിനെയാണ് മോഡലാക്കിയിരിക്കുന്നത്) ഇരുണ്ട കാലത്തെ സ്ത്രീയെ കുറിച്ചുള്ള ആഹ്ലാദമാണ് കല്യാണ്‍ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ ഉണ്ടാവുക എന്ന ഒരു ബോധമാണ് ഈ പരസ്യം സൃഷ്ടിക്കുന്നത്. അത്തരം കുഞ്ഞുങ്ങളെ അടിമയാക്കുന്ന, അതിനു നിര്‍ബന്ധിതമാക്കുന്ന കാലത്തെ ഒരു കുലീനതയെയാണ് തീര്‍ച്ചയായും ഇത് ചിത്രീകരിക്കുന്നത്.

Racial-3

അടിമത്തം സ്വാഭാവികമായിരിക്കുന്ന ഒരു കാലത്തെ മാത്രമല്ല മറിച്ച് അടിമത്തം കുലീനരുടെ ആഡംഭരമായിരിക്കുന്ന കാലത്തെയാണ് ഇത് പ്രതീകവല്‍ക്കരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പരസ്യം ചിത്രീകരിക്കുന്നത് 17-18 നൂറ്റാണ്ടുകളിലെ കുട്ടിയടിമകളെ ആടംഭരമായി സ്വീകരിച്ചിട്ടുള്ള കുലീന സ്ത്രീയെയാണ്.

ഞങ്ങള്‍ ഇതിനു സമാനമായ മറ്റ് ചിത്രങ്ങളിലേയ്ക്ക് കൂടി താങ്കളുടെ ശ്രദ്ധക്ഷണിക്കുന്നു. (ഇത് കുറേക്കൂടി അക്കാലത്തെ കുറിച്ച് മനസിലാക്കാന്‍ സഹായിക്കും. ആമിനാ അക്വീല്‍ എന്ന പാകിസ്ഥാന്‍ ഡിസൈനര്‍ 2013 മെയില്‍ തന്റെ “….” എന്ന ഫാഷന്‍ ഷൂട്ടിന്റെ ഭാഗമായി ചിത്രീകരിച്ചതാണ്. വെളുത്ത സ്ത്രീകള്‍ കുലീനനരും കറുത്ത കുഞ്ഞുങ്ങള്‍ അടിമകളായും നിലകൊള്ളുന്ന ചിത്രീകരണം. പാകിസ്ഥാനി ഫാഷന്‍ മാഗസിന്‍ ആയ… യില്‍ വന്നതാണ് ഈ ഫോട്ടോകള്‍. ഇവയെ വംശീയമെന്നാണ് വിമര്‍ശിക്കപ്പെട്ടത്. ഇതിലൊന്ന് തീര്‍ച്ചയായും കല്യാണിന്റെ പരസ്യത്തിലെ ചിത്രത്തിന്റെ ഘടനയെ ഉള്‍ക്കൊള്ളുന്നുമുണ്ടെന്നു കൂടി പറയട്ടെ.

Racial-Discrimination

ബാലവേലയെ സാധാരണ വത്കരിക്കുന്ന പൊതുജന സംസ്‌കാരം തുടച്ചു നീക്കുന്നതിനായി ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പോരാട്ടങ്ങള്‍ നടക്കുന്നുണ്ട്. അത്തരം ഒരു പോരാട്ടത്തെ നോബല്‍ കമ്മിറ്റി വരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ബാല അടിമവേലയെ കാല്‍പനിക വല്‍കരിച്ച് വരേണ്യതാല്‍പര്യങ്ങളെ ഊട്ടിയുണര്‍ത്താനുള്ള ഏറെ ആക്ഷേപാര്‍ഹവും ഒഴിവാക്കപ്പെടേണ്ടതുമായ പരസ്യമാണിതെന്ന് നിങ്ങള്‍ അംഗീകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഏറെ സ്വാധീനമുള്ളയാള്‍ എന്ന നിലയിലും വലിയ ആരാധക പിന്തുണയുള്ള ആള്‍ എന്ന നിലയിലും താങ്കള്‍ പുരോഗമനാത്മക ചിന്തയും പ്രവൃത്തിയും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ താങ്കളുടെ പേര് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ ബാല അവകാശങ്ങള്‍ക്കും വംശീയതയ്ക്കും എതിരായ പിന്തിരിപ്പന്‍ ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

അതുകൊണ്ട് ഒരു നല്ലകാര്യം കാര്യം ചെയ്യാന്‍ ഞങ്ങള്‍ താങ്കളോട് നിര്‍ദ്ദേശിക്കുകയാണ്. ഈ ചിത്രത്തിന്റെ ഇനിയുള്ള പ്രചരണം നിര്‍ത്തലാക്കിയെന്നുറപ്പുവരുത്തി, താങ്കളെ സ്വയം ഇത്തരത്തില്‍ കുറ്റകരമായ ചിത്രത്തില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നാഷണല്‍ അംബാസിഡര്‍ എന്ന നിലയില്‍ താങ്കള്‍ ഈ പരസ്യത്തിനോടുള്ള താങ്കളുടെ വിയോജിപ്പ് പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. അത്തരത്തിലുള്ള പരസ്യത്തില്‍ നിന്നും പിന്‍വലിയുന്നതെന്തിനെന്ന് അവര്‍ക്ക് മനസിലാവാനും ക്രിയാത്മകമായി പ്രതിഫലിപ്പിക്കപ്പെടാനും ഇത് കാരണമാകും.

ഫറ നഖ്‌വി (എഴുത്തുകാരി)

നിഷ അഗര്‍വാള്‍( സി.ഇ.ഒ), ഓക്‌സ്ഫാം ഇന്ത്യ

ഇനാക്ഷി ഗാംഗുലി & ഭാരതി അലി,( സെന്റര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ്)

മധു മെഹ്‌റ( എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍, പാര്‍ട്‌ണേഴ്‌സ് ഫോര്‍ ലോ എന്‍ ഡെവലപ്‌മെന്റ്)

ശാന്ത സിന്‍ഹ (നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ്)

ഹര്‍ഷ് മന്ദര്‍ (സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ്)

മൃദുല ബജാജ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൊബൈല്‍ ക്രച്ചസ്)

 

 

കത്തിന് കടപ്പാട് – Scroll