| Tuesday, 3rd March 2015, 8:42 am

അമേരിക്കയില്‍ സിഖ് ബാലനു നേരെ വംശീയാധിക്ഷേപം; വീഡിയോ വൈറലാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയില്‍ സിഖ് ബാലന്‍ വംശീയമായി അധിക്ഷേപിക്കപ്പെടുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാവുന്നു. സ്‌കൂള്‍ ബസില്‍ വെച്ച് സമപ്രായക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഹര്‍സുഖ് സിങ് എന്ന സിഖ് ബാലനെ അധിക്ഷേപിക്കുന്നത്. ഹര്‍സുഖ് തന്നെയാണ് വീഡിയോ പകര്‍ത്തിയത്.

സ്‌കൂള്‍ ബസില്‍ കണ്ണട ധരിച്ച സിഖ് ബാലനു ചുറ്റുമിരിക്കുന്ന കുട്ടികള്‍ അവനെ  കളിയാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടികള്‍ എന്നോട് വംശീയമായി പെരുമാറുന്നുവെന്ന് അവന്‍ ക്യാമറയോട് സ്വകാര്യമായി പറയുന്നുണ്ട്. ബാലന്റെ പിന്നിലിരിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടി അവന്റെ നേരെ വിരല്‍ ചൂണ്ടി “തീവ്രവാദി…തീവ്രവാദി” എന്നു വിളിക്കുന്നുണ്ട്.  എന്നാല്‍ അവന്‍ ശാന്തനായിരിക്കുകയും “ഞാനത് കാര്യമാക്കുന്നില്ല” എന്ന് അവരോട് പറയുകയും ചെയ്യുന്നു.

ഹര്‍സുഖ് സിങ് ആണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. Nagra Nagra എന്ന പേരിലാണ് ഈ വീഡിയോ യൂട്യൂബില്‍  ഷെയര്‍ ചെയ്തിരിക്കുന്നത്.”കുട്ടികള്‍ എന്നോട് വംശീയമായി പെരുമാറുകയും തന്നെ അഫ്ഗാന്‍ തീവ്രവാദിയെന്നു വിളിക്കുകയും ചെയ്യുന്നു. ദയവു ചെയ്ത് എന്നെ പോലുള്ള ആളുകളോട് ഇങ്ങനെ പെരുമാറരുത്. നിങ്ങളുടെ അറിവില്ലായ്മയാണെങ്കില്‍ പറഞ്ഞുതരാം ഞാന്‍ മുസ്‌ലീമല്ല സിഖ് ആണ്.”എന്ന് ബാലന്‍ വീഡിയോക്കൊപ്പം വിവരിച്ചിട്ടുണ്ടെന്നും വീഡിയോ ഷെയര്‍ ചെയ്ത യൂട്യൂബ് യൂസര്‍ പറയുന്നു.

ഫെബ്രുവരി 28ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 587,000 ക്കാള്‍ അധികം ആളുകള്‍ കണ്ടിട്ടുണ്ട്. സിഖ് ബാലന്റെ പേര് ഹര്‍സുഖ് സിങ് എന്നാണെന്നും അടിക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. സമീപകാലത്ത് വംശീയതയുമായി ബന്ധപ്പെട്ട് നിരവധി അനിഷ്ട സംഭവങ്ങള്‍ അമേരിക്കയില്‍ അരങ്ങേറിയിട്ടുണ്ട്. കുട്ടികളില്‍ പോലും അത്തരത്തിലുള്ള വംശീയ ചിന്തകള്‍ വളരുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

We use cookies to give you the best possible experience. Learn more