| Friday, 22nd September 2023, 2:15 pm

ഐ.എസ്.എല്ലില്‍ വംശീയാധിക്ഷേപം? നിയമ നടപടി വേണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. ബെംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തിക്കൊണ്ട് സീസണിലെ ആദ്യ ജയം സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.

എന്നാല്‍ താരങ്ങള്‍ക്കിടയില്‍ നടന്ന വംശീയാധിക്ഷേപം വലിയ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഐബാന്‍ ഡോഹ്‌ളിങ്ങിനെതിരെ ബെംഗളൂര്‍ എഫ്.സി താരം റയാന്‍ വില്യംസണാണ് വളരെ മോശമായ രീതിയില്‍ റേഷ്യല്‍ അബ്യൂസ് നടത്തിയത്. മത്സരത്തിന്റെ 82ാം മിനിട്ടിലാണ് സംഭവം.

ഐബാന്റെ അടുത്ത് ചെന്ന് മൂക്ക് പൊത്തിക്കൊണ്ട് റയാന്‍ താരത്തെ അധിക്ഷേപിക്കുകയായിരുന്നു. നേരത്തെ നടന്ന സമാന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് റയാനെതിരെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ആരാധകരും രംഗത്തെത്തുകയായിരുന്നു. വംശീയ മനോഭാവമുള്ള താരത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആവശ്യപ്പെട്ടു.

മത്സരത്തില്‍ സെല്‍ഫ് ഗോളില്‍ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ്, ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയിലൂടെ ലീഡ് ഇരട്ടിയാക്കുകയായിരുന്നു. ഹോം സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ്  ബെംഗളൂരുവിനെ പരാജയപ്പെടുത്തുന്നത്.

വിസില്‍ മുഴങ്ങി ആദ്യ നിമിഷം മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ മേധാവിത്വമായിരുന്നു മത്സരത്തില്‍ കണ്ടത്. ഗോളടിക്കാന്‍ നിരവധി അവസരങ്ങള്‍ കൊമ്പന്‍മാര്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ ടീമിന് സാധിച്ചിരുന്നില്ല.

ബെംഗളൂരുവിന്റെ ഗോള്‍ മുഖത്തേക്ക് നിരന്തരം ആക്രമണമഴിച്ചുവിട്ട ബ്ലാസ്റ്റേഴ്സ് 52ാം മിനിട്ടില്‍ ലീഡ് നേടി. ബെംഗളൂരു ഡിഫന്‍ഡര്‍ വീന്‍ഡോര്‍പിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുമ്പിലെത്തിയത്. ബ്ലാസ്റ്റേഴ്സിന് അനുകൂലമായ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള വിന്‍ഡോര്‍പിന്റെ ശ്രമം വിഫലമാവുകയും തിരിച്ചടിക്കുകയുമായിരുന്നു.

64ാം മിനിട്ടില്‍ ഗോളെന്നുറപ്പിച്ച ഷോട്ട് പ്രഭീര്‍ ദാസ് നിഷ്പ്രഭമാക്കുകയായിരുന്നു. കോര്‍ണറില്‍ നിന്നും ലഭിച്ച അവസരം മുതലാക്കാന്‍ ബെംഗളൂരു ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പറിന്റെയും പ്രഭീര്‍ ദാസിന്റെയും ശ്രമത്തില്‍ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടുകയായിരുന്നു.

മത്സരത്തിന്റെ 70ാം മിനിട്ടില്‍ വീണ്ടും കലൂര്‍ സ്റ്റേഡിയം വീണ്ടും ആവേശത്തിലായി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ഗോള്‍ നേടിയത്. ബെംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പിഴവാണ് കൊമ്പന്‍മാരുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്.

മത്സരത്തിന്റെ 90ാം മിനിട്ടില്‍ ബെംഗളൂരു തിരിച്ചടിച്ചു. കര്‍ട്ടിസ് മെയ്നാണ് ബെംഗളൂരുവിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഒക്ടോബര്‍ ഒന്നിനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് വേദി.

Content Highlights: Racial abuse against Kerala Blasters player by Bengaluru FC player

We use cookies to give you the best possible experience. Learn more