യു.എസ് ബാള്‍ട്ടിമോര്‍ പാലം അപകടം; കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വംശീയ അധിക്ഷേപം
World News
യു.എസ് ബാള്‍ട്ടിമോര്‍ പാലം അപകടം; കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വംശീയ അധിക്ഷേപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th March 2024, 8:51 am

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിന് പിന്നാലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വംശീയ അധിക്ഷേപം. ‘അപകടത്തിന് തൊട്ടുമുമ്പ് കപ്പലിനുള്ളിലെ ദൃശ്യം’ എന്ന അടിക്കുറിപ്പുകളോടെ സമൂഹ മാധ്യമങ്ങളില്‍ ഒരു ഗ്രാഫിക് കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് അധിക്ഷേപം.

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌ഫോഡ് കോമിക്‌സാണ് ഈ കാര്‍ട്ടൂണ്‍ തയ്യാറക്കിയിരിക്കുന്നത്. കപ്പലില്‍ അര്‍ധനഗ്‌നരായി നിലവിളിച്ചുകൊണ്ട് നില്‍ക്കുന്ന രീതിയിലാണ് ഇന്ത്യക്കാരെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ പരസ്പരം കുറ്റപ്പെടുത്തി അസഭ്യം പറയുന്ന ഓഡിയോയും ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

കാര്‍ട്ടൂണിനെതിരെ നിലവില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കാര്‍ട്ടൂണ്‍ ഇന്ത്യക്കാരെ അധിക്ഷേപിക്കുന്നതിനായി ബോധപൂര്‍വം നിര്‍മിച്ചതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരെ അധിക്ഷേപിക്കുന്നതിന് പുറമെ കപ്പലിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന കാര്‍ട്ടൂണ്‍ ആണിതെന്നും വിമര്‍ശകര്‍ പറയുന്നു.

ബാള്‍ട്ടിമോര്‍ പാലം തകരാന്‍ കാരണമായ കപ്പല്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ്. പാലക്കാട് സ്വദേശിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനര്‍ജി മറൈന്‍ ഗ്രൂപ്പ് എന്ന കമ്പനിക്ക് ആയിരുന്നു കപ്പലിന്റെ മാനേജിങ് ചുമതല.

അതേസമയം പാലത്തില്‍ ഇടിച്ച ചരക്ക് കപ്പലായ ‘ഡാലി’യിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള നടപടിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു.

കപ്പലിലെ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം മേരിലാന്‍ഡ് ഗതാഗത വകുപ്പിനെ അറിയിക്കാന്‍ കഴിഞ്ഞ ഉടനെ, പാലം അടച്ചിടാന്‍ പ്രാദേശിക അധികാരികള്‍ക്ക് കഴിഞ്ഞു. ഈ നീക്കം ഒരുപാട് ജീവനുകള്‍ രക്ഷിച്ചുവെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. ബാള്‍ട്ടിമോര്‍ പാലം തകര്‍ച്ചയെ കുറിച്ച് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.

ചൊവ്വാഴ്ച നടന്ന അപകടത്തില്‍ ആറ് പേരെയാണ് കാണാതായത്. ഇവര്‍ എല്ലാവരും പാലത്തില്‍ അറ്റകുറ്റ പണി എടുക്കുന്ന ജീവനക്കാരായിരുന്നു. കപ്പല്‍ പാലത്തില്‍ ഇടിച്ചതിന് പിന്നാലെയാണ് ഇവര്‍ താഴേക്ക് വീണത്. എട്ട് പേരായിരുന്നു ആദ്യം അപകടത്തില്‍ പെട്ടത്. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. എന്നാല്‍ കടുത്ത തണുപ്പിനെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിച്ചതോടെ പാലത്തില്‍ ഇടിച്ച കപ്പലില്‍ പരിശോധന നടത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

Content Highlight: Racial abuse against Indian officials after shipwreck on Baltimore Bridge