അദ്ദേഹവുമായി ഞാന്‍ മാന്‍ ഓഫ് ദി മാച്ച് പങ്കിടില്ല: രചിന്‍ രവീന്ദ്ര
Sports News
അദ്ദേഹവുമായി ഞാന്‍ മാന്‍ ഓഫ് ദി മാച്ച് പങ്കിടില്ല: രചിന്‍ രവീന്ദ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th February 2024, 8:13 am

സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ 281 റണ്‍സിനാണ് ന്യൂസിലാന്‍ഡ് വിജയിച്ചത്.
ഫെബ്രുവരി നാലിന് ബെയ് ഓവലില്‍ തുടങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്സില്‍ 511 റണ്‍സാണ് നേടിയത്. കെയ്ന്‍ വില്ല്യംസണിന്റെയും യുവ ബാറ്റര്‍ രചിന്‍ രവീന്ദ്രയുടെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് കിവീസ് തകര്‍പ്പന്‍ സ്‌കോറിലെത്തിയത്.

289 പന്തില്‍ നിന്നും 16 ബൗണ്ടറികള്‍ അടക്കം 118 റണ്‍സാണ് വില്യംസണ്‍ അടിച്ചെടുത്തത്. രവീന്ദ്ര 366 പന്തുകളില്‍ നിന്ന് മൂന്ന് സിക്സറുകളും 26 ബൗണ്ടറികളും അടക്കം 240 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനവും കാഴ്ചവെച്ചു.

അരങ്ങറ്റ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേട്ടത്തില്‍ കിവീസ് നിരയിലെ നാലാമനാകാനും രചിന് കഴിഞ്ഞിരുന്നു. അതേ സമയം കെയ്ന്‍ വില്യംസണ്‍ ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരമായി.

മത്സര ശേഷം പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് വില്യംസണുമായി പങ്കിടാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ രവീന്ദ്ര അത് നിരസിച്ചുകൊണ്ട് രസകരമായ മറുപടി പറഞ്ഞതാണ് ഇപ്പോള്‍ വയറലാകുന്നത്.

‘ഇല്ല, തീര്‍ച്ചയായും ഇല്ല. എന്റെ സെഞ്ച്വറിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന് 31 ടെസ്റ്റ് സെഞ്ച്വറികളുണ്ട്, അതിനാല്‍ ഞാന്‍ ആ അവാര്‍ഡ് പങ്കിടില്ല. നിങ്ങള്‍ ഒരു വിജയത്തിന് സംഭാവന നല്‍കുമ്പോഴെല്ലാം നിങ്ങള്‍ക്ക് ഒരു പ്രത്യേക അനുഭൂതി ഉണ്ടാകും. നിങ്ങള്‍ നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കുകയാണെങ്കില്‍, നിങ്ങളുടേതാണെന്ന് നിങ്ങള്‍ക്ക് തോന്നും. ആ പ്രചോദനം വര്‍ധിപ്പിക്കുന്നതില്‍ കോച്ചിങ് സ്റ്റാഫ് ഒരു പ്രധാന പങ്ക് വഹിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

 

തന്റെ ആഘോഷങ്ങളില്‍ കെയ്ന്‍ വില്യംസണിന്റെ സ്വാധീനം യുവ ക്രിക്കറ്റ് താരം പറഞ്ഞിരുന്നു. രവീന്ദ്രയും വില്യംസണും ചേര്‍ന്ന് 232 റണ്‍സിന്റെ അവിസ്മരണീയമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും 39/2 എന്ന നിലയിലായിരുന്ന ന്യൂസിലാന്‍ഡിനെ കരകയറ്റുകയും ചെയ്തു.

 

‘അയാളാണ് എന്നെ സ്വാധീനിച്ചത്, അതുകൊണ്ട് കാര്യങ്ങള്‍ അങ്ങനെ സംഭവിച്ചതെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ വില്യംസണിന്റെ ബാറ്റിങ് നേട്ടങ്ങളോടുള്ള തന്റെ പ്രശംസയെക്കുറിച്ച് രവീന്ദ്ര വാചാലനായിരുന്നു.

സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത് രചിന്‍ തന്നെയാണ്.

Content Highlight: Rachin Ravindra Talks About Man Of The Match Award