ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ ഭാവി താരമായി ഇതിനോടകം തന്നെ സ്വയം അടയാളപ്പെടുത്തിയ താരമാണ് രചിന്‍ രവീന്ദ്ര. ലോകകപ്പിലെ ഒമ്പത് മത്സരത്തില്‍ നിന്നും ഇതിനോടകം തന്നെ മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമടക്കം 565 റണ്‍സാണ് രചിന്‍ 2023 ലോകകപ്പില്‍ ഇതുവരെ നേടിയത്.
ശ്രീലങ്കക്കെതിരെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലും രചിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 34 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 42 റണ്‍സാണ് രചിന്‍ നേടിയത്.
ഈ പ്രകടനത്തിന് പിന്നാലെ നിരവധി നേട്ടങ്ങള്‍ രചിനെ തേടിയെത്തിയിരിക്കുകയാണ്. അതില്‍ പ്രധാനം 25 വയസിനുള്ളില്‍ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡാണ്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡാണ് സച്ചിനെ പേരിനൊപ്പം ചേര്‍ത്ത രചിന്‍ തകര്‍ത്തത്.
1999 ലോകകപ്പില്‍ സച്ചിന്‍ സ്വന്തമാക്കിയ 523 റണ്‍സിന്റെ ടോട്ടലാണ് ഇതോടെ പഴങ്കഥയായത്. ഈ ലോകകപ്പില്‍ ഇനിയും മത്സരം കളിക്കാന്‍ ന്യൂസിലാന്‍ഡിന് സാധ്യതയുണ്ടെന്നിരിക്കെ ഈ നേട്ടം കൂടുതല്‍ മെച്ചപ്പെടുത്താനും രചിന്‍ രവീന്ദ്രക്കാകും.
25 വയസ് പൂര്‍ത്തിയാകും മുമ്പേ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം
(താരം – രാജ്യം – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
രചിന്‍ രവീന്ദ്ര – ന്യൂസിലാന്‍ഡ് – 565 – 2023
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 523 – 1999
ബാബര്‍ അസം – പാകിസ്ഥാന്‍ – 474 – 2019
എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 372 – 2007
ഇതിന് പുറമെ 2023 ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും രചിനായി.
2023 ലോകകപ്പിലെ റണ്‍ വേട്ടക്കാര്‍
(താരം – രാജ്യം – മത്സരം – റണ്‍സ് എന്നീ ക്രമത്തില്‍)
രചിന്‍ രവീന്ദ്ര – ന്യൂസിലാന്‍ഡ് – 9 – 565
ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 8 – 550
വിരാട് കോഹ്‌ലി – ഇന്ത്യ – 8 – 543
ഡേവിഡ് വാര്‍ണര്‍ – ഓസ്ട്രേലിയ – 8 – 446
രോഹിത് ശര്‍മ – ഇന്ത്യ – 8 – 442
ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡും ഇത്തവണ തകരാന്‍ സാധ്യത കല്‍പിക്കുന്നുണ്ട്. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സിന്റെ റെക്കോഡിന് ഭീഷണിയായി മൂന്ന് താരങ്ങളാണ് നിലവിലുള്ളത്.
ഈ ലോകകപ്പില്‍ ഏറ്റവും കുറഞ്ഞത് രണ്ട് മത്സരങ്ങള്‍ ഉറപ്പായും കളിക്കുന്ന ക്വിന്റണ്‍ ഡി കോക്കും വിരാട് കോഹ്‌ലിയുമാണ് ഈ റെക്കോഡ് തകര്‍ക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത്.
രണ്ട് മത്സരത്തില്‍ നിന്നും 124 റണ്‍സ് നേടിയാല്‍ ഡി കോക്കിന് ഈ റെക്കോഡ് മറികടക്കാന്‍ സാധിക്കും. രണ്ട് മത്സരത്തില്‍ നിന്നും 131 റണ്‍സാണ് ഈ റെക്കോഡിനായി വിരാടിന് ആവശ്യമുള്ളത്. ഇന്ത്യയും സൗത്ത് ആഫ്രിക്കയും സെമി ഫൈനലില്‍ വിജയിക്കുകയാണെങ്കില്‍ ഇരു താരങ്ങള്‍ക്കും ഈ റെക്കോഡ് മറികടക്കാന്‍ ഒരു മത്സരം കൂടി ലഭിക്കും.