| Saturday, 4th November 2023, 2:01 pm

രവീന്ദ്രക്ക് വീണ്ടും സെഞ്ച്വറി; റെക്കോഡിന്റെ പെരുമഴയുമായി ചരിത്രത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടുകയാണ്. ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.

മത്സരത്തില്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് കിവീസ് യുവതാരം രചിന്‍ രവീന്ദ്ര കാഴ്ചവെച്ചത്. താരത്തിന്റെ ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്.

94 പന്തില്‍ 108 റണ്‍സാണ് രവീന്ദ്ര നേടിയത്. 15 ഫോറുകളുടെയും ഒരു സിക്സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ അവിസ്മരണീയമായ ഒരുപിടി മികച്ച റെക്കോഡിലേക്കാണ് രചിന്‍ കാലെടുത്തുവെച്ചത്.

ഒരു ലോകകപ്പ് പതിപ്പില്‍ അരങ്ങേറ്റത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന തരാമെന്ന നേട്ടവും ന്യൂസിലാന്‍ഡിന് വേണ്ടി ലോകകപ്പില്‍ ഏറ്റവും സെഞ്ചറികള്‍ നേടുന്ന താരമെന്ന നേട്ടവുമാണ് രചിന്‍ രവീന്ദ്ര സ്വന്തമാക്കിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡും കിവീസ് താരം പഴംകഥയാക്കി. ഇരുപത്തിനാലാം വയസിനുള്ളില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാനും രവീന്ദ്രക്ക് സാധിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടമാണ് താരം മറികടന്നത്. സച്ചിന് ഇരുപത്തിനാലാം വയസില്‍ രണ്ട് സെഞ്ച്വറികള്‍ ആണ് ഉണ്ടായിരുന്നത്. ഇന്നത്തെ തകര്‍പ്പന്‍ സെഞ്ചറിയോടെ സച്ചിന്റെ ഈ റെക്കോഡ് ആണ് രചിന്‍ മറികടന്നത്. ഒരു ലോകകപ്പില്‍ 500 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ തരാമെന്ന റെക്കോഡും രവീന്ദ്ര പോക്കറ്റിലാക്കി.

രചിനൊപ്പം നായകന്‍ കെയ്ന്‍ വില്യംസനും മികച്ച പ്രകടനം നടത്തി. 79 പന്തില്‍ 95 റണ്‍സാണ് വില്യംസണ്‍ നേടിയത്. പത്ത് ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോട് കൂടിയായിരുന്നു നായകന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

കഴിഞ്ഞ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് 190 റണ്‍സിന്റെ കനത്ത തോല്‍വി കിവീസ് നേരിട്ടിരുന്നു. ഈ തോല്‍വിയില്‍ നിന്നും കരകയറാനാണ് ന്യൂസിലാന്‍ഡ് കളത്തിലിറങ്ങിയത്. അതേസമയം സെമിഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ പാക്കിസ്ഥാന് ജയം അനിവാര്യമാണ്.

Content Highlight: Rachin Ravindra scored century against pakisthan.

We use cookies to give you the best possible experience. Learn more