| Saturday, 28th October 2023, 8:24 pm

23ാം വയസില്‍ ലോകകപ്പില്‍ രണ്ട് തവണ സച്ചിനൊപ്പം; ഇതാ ക്രിക്കറ്റിന്റെ ഭാവി

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ 25ാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരിക്കുകയാണ്. ഈ ലോകകപ്പിലെ കിവീസിന്റെ രണ്ടാം പരാജയമാണിത്. ഓസ്‌ട്രേലിയക്കെതിരെ തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ സൗത്ത് ആഫ്രിക്കക്കും ഇന്ത്യക്കും ശേഷം മൂന്നാം സ്ഥാനം നിലനിര്‍ത്താനും ന്യൂസിലാന്‍ഡിനായി.

അഞ്ച് റണ്‍സിനായിരുന്നു കിവീസിന്റെ പരാജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 389 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ കിവികള്‍ 383 റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

ന്യൂസിലാന്‍ഡ് നിരയില്‍ സെഞ്ച്വറി നേടിയ യുവതാരം രചിന്‍ രവീന്ദ്രയാണ് സ്‌കോറിങ്ങിന് അടിത്തറയൊരുക്കിയത്. 89 പന്തില്‍ ഒമ്പത് ബൗണ്ടറിയും അഞ്ച് സിക്‌സറും അടക്കം 116 റണ്‍സാണ് രചിന്‍ നേടിയത്.

ഈ ലോകകപ്പില്‍ രചിന്റെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്. ഇംഗ്ലണ്ടിനെതിരെ നടന്ന ഉദ്ഘാടന മത്സരത്തിലാണ് രചിന്‍ ഇതിന് മുമ്പ് സെഞ്ച്വറി നേടിയത്. ആറ് മത്സരത്തില്‍ നിന്നും രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അടക്കം 406 റണ്‍സാണ് രചിന്‍ ഈ ലോകകപ്പില്‍ ഇതുവരെ നേടിയത്. 2023 ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനക്കാരനാണ് രചിന്‍ രവീന്ദ്ര.

ഓസ്‌ട്രേലിയക്കെതിരായ സെഞ്ച്വറിക്ക് പിന്നാലെ പല റെക്കോഡുകളും രചിന്‍ സ്വന്തമാക്കിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ 23 വയസിലോ അതിന് താഴെയോ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് ഇതില്‍ ആദ്യത്തേത്.

രണ്ട് സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡിനൊപ്പമാണ് രചിനെത്തിയത്.

ഇതിന് പുറമെ ഒരു ലോകകപ്പില്‍ 400+ സ്‌കോര്‍ നേടുന്ന 23 വയസോ അതില്‍ കുറവോ പ്രായമുള്ള താരം എന്ന റെക്കോഡിലും രചിന്‍ തന്റെ പേരെഴുതിച്ചേര്‍ത്തിരുന്നു. ഇതിന് മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്.

ഈ ലോകകപ്പിലൂടെ ന്യൂസിലാന്‍ഡ് തങ്ങളുടെ ഭാവിയെ കൂടിയാണ് കണ്ടെത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡിന്റെ ഇനിയുള്ള മത്സരങ്ങളിലും രചിന്‍ നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.

അതേസമയം, ആറ് മത്സരത്തില്‍ നിന്നും നാല് ജയവുമായി എട്ട് പോയിന്റോടെയാണ് കിവികള്‍ മൂന്നാം സ്ഥാനത്ത് തുടരുന്നത്. നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കും എട്ട് പോയിന്റാണെങ്കിലും ഉയര്‍ന്ന നെറ്റ് റണ്‍ റേറ്റാണ് ബ്ലാക് ക്യാപ്‌സിന് തുണയായിരിക്കുന്നത്.

നവംബര്‍ ഒന്നിനാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

Content highlight: Rachin Ravindra equals Sachin Tendulkar’s world cup record

We use cookies to give you the best possible experience. Learn more