ഒന്ന് കരഞ്ഞെങ്കിലും അവസാന ചിരി രവീന്ദ്രക്ക് തന്നെ; ബ്രൂക്കിനെ മടക്കിയ പ്രതികാരം
ലോകകപ്പിന്റെ 13ാം എഡിഷനിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ ഫൈനലിലേറ്റ പരാജയത്തിന് മറുപടി നല്‍കാനുറച്ചാണ് കിവികള്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലേക്കിറങ്ങിയത്.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. വെടിക്കെട്ട് വീരന്‍ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് മലനും ചേര്‍ന്ന് എട്ടാം ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ടീം സ്‌കോര്‍ 40ലെത്തിച്ചിരുന്നു.
ടീം സ്‌കോര്‍ 40ല്‍ നില്‍ക്കവെ ഡേവിഡ് മലനും 64ല്‍ നില്‍ക്കവെ ബെയര്‍സ്‌റ്റോയും മടങ്ങിയിരുന്നു. വണ്‍ ഡൗണായി ഫ്യൂച്ചര്‍ ലെജന്‍ഡ് ജോ റൂട്ടും നാലാം നമ്പറില്‍ സൂപ്പര്‍ താരം ഹാരി ബ്രൂക്കുമായിരുന്നു കളത്തിലിറങ്ങിയത്.
ബെയര്‍സ്റ്റോയുടെ ചുവടുപിടിച്ച് ഇരുവരും അറ്റാക്കിങ് ക്രിക്കറ്റ് തന്നെ പുറത്തെടുത്തു, പ്രത്യേകിച്ച് ഹാരി ബ്രൂക്ക്. ടി-20യെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ബ്രൂക്ക് ബാറ്റ് വീശിയത്.
16 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 25 റണ്‍സാണ് താരം നേടിയത്. 17ാം ഓവറില്‍ രചിന്‍ രവീന്ദ്രയാണ് ബ്രൂക്കിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്.
ഓവറിലെ മൂന്ന്, നാല് പന്തുകളില്‍ രചിന്‍ രവീന്ദ്രയെ ബൗണ്ടറി കടത്തിയ ബ്രൂക്ക് തൊട്ടടുത്ത പന്തില്‍ സിക്‌സറും നേടി. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ രചിന്‍ രവീന്ദ്ര ചിരിച്ചു. ബ്രൂക്കിനെ ഡെവോണ്‍ കോണ്‍വേക്ക് ക്യാച്ച് നല്‍കി ബ്രൂക്ക് പുറത്തായി.
നിലവില്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 166 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ജോ റൂട്ടിന്റെ ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് നടന്നുകയറുന്നത്. 57 പന്തില്‍ 50 റണ്‍സുമായി റൂട്ടും 31 പന്തില്‍ 30 റണ്‍സുമായി ക്യാപ്റ്റന്‍ ജോസ് ബട്‌ലറുമാണ് ഇംഗ്ലണ്ടിനായി ക്രീസില്‍.
ബ്രൂക്കിന് പുറമെ ജോണി ബെയര്‍സ്‌റ്റോ (35 പന്തില്‍ 33), ഡേവിഡ് മലന്‍ (24 പന്തില്‍ 14), മോയിന്‍ അലി (17 പന്തില്‍ 11) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, രചിന്‍ രവീന്ദ്ര എന്നിവരാണ് ന്യൂസിലാന്‍ഡിനായി വിക്കറ്റ് വീഴ്ത്തിയത്.
content highlight: Rachin Ravindra dismissed Harry Brook