ആദ്യ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയിലേക്ക്; കണ്ണുതള്ളുന്ന റെക്കോഡുമായി രചിന്‍
Sports News
ആദ്യ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയിലേക്ക്; കണ്ണുതള്ളുന്ന റെക്കോഡുമായി രചിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th February 2024, 11:49 am

 

സൗത്ത് ആഫ്രിക്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ 511 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറാണ് കിവികള്‍ സന്ദര്‍കശക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയത്. കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറിയും രചിന്‍ രവീന്ദ്രയുടെ ഇരട്ട സെഞ്ച്വറിയുമാണ് ബ്ലാക് ക്യാപ്‌സിന് മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ നേടിക്കൊടുത്തത്.

കെയ്ന്‍ വില്യംസണ്‍ 289 പന്ത് നേരിട്ട് 118 റണ്‍സ് നേടിയപ്പോള്‍ 366 പന്തില്‍ 240 റണ്‍സ് സ്വന്തമാക്കിയാണ് ന്യൂസിലാന്‍ഡിന്റെ ഭാവി താരം കളം വിട്ടത്. 26 ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറി തന്നെ ഇരട്ട സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്താണ് രചിന്‍ ന്യൂസിലാന്‍ഡ് നിരയില്‍ കരുത്തായത്.

ഈ മികച്ച ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും രചിനെ തേടിയെത്തിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിനായി ആദ്യ സെഞ്ച്വറി തന്നെ ഇരട്ട സെഞ്ച്വറിയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുന്നവരില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന തകര്‍പ്പന്‍ നേട്ടമാണ് രചിന്‍ സ്വന്തമാക്കിയത്.

(താരം – റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

രചീന്‍ രവീന്ദ്ര – 240 – സൗത്ത് ആഫ്രിക്ക – 2024

മാത്യൂ സിന്‍ക്ലയര്‍ – 214 – വെസ്റ്റ് ഇന്‍ഡീസ് – 1999

മാര്‍ട്ടിന്‍ ഡോണ്‍ലി – 206 – ഇംഗ്ലണ്ട് – 1949

ഡെവോണ്‍ കോണ്‍വേ – 200 – ഇംഗ്ലണ്ട് – 2021

 

രചിനും വില്യംസണും പുറമെ മറ്റൊരു ന്യൂസിലാന്‍ഡ് താരത്തിനും 50 റണ്‍സ് പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 39 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ന്യൂസിലാന്‍ഡിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

സൗത്ത് ആഫ്രിക്കക്കായി ക്യാപ്റ്റന്‍ നീല്‍ ബ്രാന്‍ഡ് ആറ് വിക്കറ്റ് വീഴ്ത്തി ന്യൂസിലാന്‍ഡ് ആരാധകരുടെ പോലും കയ്യടി നേടി. റുവാന്‍ ഡി സ്വാര്‍ഡ് രണ്ട് വിക്കറ്റും ഡെയ്ന്‍ പിറ്റേഴ്‌സണ്‍, ഷെപ്പോ മൊറാകി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 80 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. 16 പന്തില്‍ രണ്ട് റണ്‍സുമായി കീഗന്‍ പീറ്റേഴ്‌സണും 39 പന്തില്‍ 29 റണ്‍സുമായി ഡേവിഡ് ബെഡ്ഡിങ്ഹാമുമാണ് ക്രീസില്‍.

 

 

Content Highlight: Rachin Ravindra created unique record against South Africa