|

റെക്കോഡിട്ട് കോണ്‍വേ, 15 മിനിട്ട് പോലും കാത്തുനില്‍ക്കാതെ തകര്‍ത്ത് രചിന്‍; ദി ഡെഡ്‌ലി ഡുവോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് നാണംകെട്ട പരാജയമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ വേള്‍ഡ് കപ്പിന്റെ റീ മാച്ചില്‍ റണ്ണേഴ്‌സ് അപ്പായ ന്യൂസിലാന്‍ഡ് ഒമ്പത് വിക്കറ്റും 82 പന്തും ശേഷിക്കെയാണ് ലോകചാമ്പ്യന്‍മാരെ തകര്‍ത്തുവിട്ടത്.

സൂപ്പര്‍ ജോ റൂട്ടിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ പടുത്തുയര്‍ത്തിയ 283 റണ്‍സിന്റെ വിജയലക്ഷ്യത്തിന് ന്യൂസിലാന്‍ഡിന്റെ ടോപ് ഓര്‍ഡറിനോട് മുട്ടിനില്‍ക്കാന്‍ സാധിച്ചില്ല. ഓപ്പണര്‍ വില്‍ യങ്ങിനെ ഗോള്‍ഡന്‍ ഡക്കായി നഷ്ടപ്പെട്ടെങ്കിലും വണ്‍ ഡൗണായെത്തിയ രചിന്‍ രവീന്ദ്രയെ കൂട്ടുപിടിച്ച് ഡെവോണ്‍ കോണ്‍വേ ന്യൂസിലാന്‍ഡിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഇരുവരും സെഞ്ച്വറി തികച്ചാണ് ന്യൂസിലാന്‍ഡിനെ അനായാസ ജയത്തിലേക്ക് കൈപിടിച്ചുനടത്തിയത്. ടീം സ്‌കോര്‍ പത്തില്‍ നില്‍ക്കവെ ഒന്നിച്ച ഇരുവരും 283 റണ്‍സടിച്ച് ടീമിനെ വിജയിപ്പിച്ച ശേഷമാണ് അടി നിര്‍ത്തിയത്.

ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയുടെ ഉടമയായി ഡെവോണ്‍ കോണ്‍വേ മാറിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ബാറ്റ് വീശിയ കോണ്‍വേ നേരിട്ട 83ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ലോകകപ്പില്‍ ഒരു ന്യൂസിലാന്‍ഡ് താരത്തിന്റെ വേഗമേറിയ റെക്കോഡും ഇതോടെ കോണ്‍വേ തന്റെ പേരിലെഴുതിച്ചേര്‍ത്തു.

എന്നാല്‍ കോണ്‍വേയുടെ ഈ നേട്ടത്തിന് അധികമായുസുണ്ടായിരുന്നില്ല. കോണ്‍വേയുടെ സെഞ്ച്വറി പിറന്ന് 15 മിനിട്ടിന് ശേഷം രചിന്‍ രവീന്ദ്രയും സെഞ്ച്വറി പൂര്‍ത്തിയാക്കി. യുവതാരത്തിന്റെ ഈ സെഞ്ച്വറിക്കൊപ്പം മറ്റൊരു റെക്കോഡും പിറന്നിരുന്നു. ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോഡാണ് താരം സ്വന്തമാക്കിയത്. കോണ്‍വേയേക്കാള്‍ ഒറ്റ പന്തിന്റെ കുറവിലാണ് രചിന്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നൂറടിച്ച ശേഷം അല്‍പം കൂടി അഗ്രസ്സീവായാണ് ഇരുവരും ബാറ്റ് വീശിയത്. ഒടുവില്‍ ന്യൂസിലാന്‍ഡ് വിജയിക്കുമ്പോള്‍ കോണ്‍വേയുടെ പേരില്‍ 121 പന്തില്‍ 152 റണ്‍സും രചിന്റെ പേരില്‍ 96 പന്തില്‍ 123 റണ്‍സും കുറിക്കപ്പെട്ടിരുന്നു.

214 പന്തില്‍ 273 റണ്‍സിന്റെ കൂടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ഇതോടെ ലോകകപ്പിന്റെ ചരിത്രത്തിലെ വേഗതയേറിയ 280+ ചെയ്‌സിന്റെ റെക്കോഡും ന്യൂസിലാന്‍ഡിന്റെ പേരില്‍ കുറിക്കപ്പെട്ടു.

കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി പൂര്‍ത്തിയാക്കിയ രചിനെയാണ് മത്സരത്തിന്റെ താരമായി തെരഞ്ഞെടുത്തത്.

ഒക്ടോബര്‍ ഒമ്പതിനാണ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

Content highlight: Rachin Ravindra becomes New Zealand’s fastest centurion in World Cup