21 ദിവസം മുമ്പെങ്കില്‍ രണ്ടാമനായേനേ, ഇപ്പോള്‍ ഇതിഹാസത്തിന് ശേഷം മൂന്നാമന്‍; ചരിത്രനേട്ടവുമായി കിവീസിന്റെ ദത്തുപുത്രന്‍
icc world cup
21 ദിവസം മുമ്പെങ്കില്‍ രണ്ടാമനായേനേ, ഇപ്പോള്‍ ഇതിഹാസത്തിന് ശേഷം മൂന്നാമന്‍; ചരിത്രനേട്ടവുമായി കിവീസിന്റെ ദത്തുപുത്രന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th October 2023, 9:55 pm

ലോകകപ്പിന്റെ 13ാം എഡിഷന് തുടക്കമായിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അടിച്ചുതകര്‍ത്ത് റണ്ണേഴ്‌സ് അപ്പായ ന്യൂസിലാന്‍ഡാണ് ഈ ലോകകപ്പിലെ ആദ്യ ജയം തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്തത്.

ഒമ്പത് വിക്കറ്റും 82 പന്തും ബാക്കിനില്‍ക്കവെയായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം. ഓപ്പണറായ ഡെവോണ്‍ കോണ്‍വേയും വണ്‍ ഡൗണായെത്തിയ രചിന്‍ രവീന്ദ്രയും സെഞ്ച്വറി നേടിയാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്.

കോണ്‍വേ 121 പന്തില്‍ പുറത്താകാതെ 152 റണ്‍സ് നേടിയപ്പോള്‍ രചിന്‍ 96 പന്തില്‍ നിന്നും പുറത്താകാതെ 123 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയെ തേടിയെത്തിയിരുന്നു. ലോകകപ്പ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് രചിനെ തേടിയത്തിയത്.

ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി, സിംബാബ്‌വേ ലെജന്‍ഡ് ആന്‍ഡി ഫ്‌ളവര്‍ എന്നിവര്‍ക്ക് ശേഷമാണ് രചിന്‍ ഈ പട്ടികയില്‍ ഇടം നേടിയത്.

ലോകകപ്പ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍

(താരം – രാജ്യം – എതിരാളികള്‍ – വര്‍ഷം – സെഞ്ച്വറി നേടുമ്പോഴുള്ള പ്രായം എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – ബംഗ്ലാദേശ് – 2011 – 22 വയസും 106 ദിവസവും

ആന്‍ഡി ഫ്‌ളവര്‍ – സിംബാബ്‌വേ – ശ്രീലങ്ക – 1992 – 23 വയസും 301 ദിവസവും

രചിന്‍ രവീന്ദ്ര – ന്യൂസിലാന്‍ഡ് – ഇംഗ്ലണ്ട് – 2023 – 23 വയസും 321 ദിവസവും

ഈ സെഞ്ച്വറിക്ക് പിന്നാലെ മറ്റൊരു നേട്ടവും രചിനെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ന്യൂസിലാന്‍ഡ് താരം എന്ന റെക്കോഡാണ് രചിന്‍ സ്വന്തമാക്കിയത്. ഇതേ മത്സരത്തില്‍ സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വേ നേടിയ റെക്കോഡ് തകര്‍ത്താണ് രചിന്‍ പുതിയ റെക്കോഡ് നേടിയത്.

നേരിട്ട 83ാം പന്തില്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കി കോണ്‍വേ പുതിയ റെക്കോഡ് സൃഷ്ടിച്ചപ്പോള്‍, 82ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് രചിന്‍ റെക്കോഡ് ബുക്കില്‍ കോണ്‍വേയുടെ പേര് വെട്ടി തന്റെ പേരെഴുതിച്ചേര്‍ത്തത്.

 

 

രചിന്റെ കരിയറിലെ ആദ്യ അന്താരാഷട്ര സെഞ്ച്വറി എന്ന പ്രത്യേകതയും ഇതിനുണ്ട്. മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും രചിനെ തന്നെയായിരുന്നു.

ഒക്ടോബര്‍ ഒമ്പതിനാണ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സാണ് എതിരാളികള്‍.

 

 

Content highlight: Rachin Ravindra becomes 3rd youngest batter to score a century in World Cup debut